പദ്ധതി വിപുലീകരണം യാഥാര്‍ഥ്യമാകുന്നു; ഉൽപാദനശേഷി വര്‍ധിപ്പിച്ച് പള്ളിവാസല്‍ ജലവൈദ്യുതി പദ്ധതി
text_fieldsതൊടുപുഴ: കേരളത്തിലെ ആദ്യത്തെ ജലവൈദ്യുതി ഉൽപാദന കേന്ദ്രമായ പള്ളിവാസൽ ജലവൈദ്യുതി പദ്ധതിയുടെ വിപുലീകരണം യാഥാര്‍ഥ്യമാകുന്നു. 60 മെഗാവാട്ടായി ഉൽപാദനം വര്‍ധിപ്പിച്ച പള്ളിവാസൽ ജലവൈദ്യുതി വിപുലീകരണ പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങി. ആദ്യഘട്ടത്തിലെ 37.5 മെഗാ വാട്ട് ഉൽപാദനമാണ് 60 മെഗാ വാട്ടായി ഉയര്‍ത്തിയിരിക്കുന്നത്. വൈദ്യുതി നിലയത്തിലെ ഒന്നാം നമ്പർ ജനറേറ്റർ കഴിഞ്ഞ വര്‍ഷം ഡിസംബർ അഞ്ചിനും രണ്ടാം നമ്പർ ജനറേറ്റർ ഡിസംബർ 24നും ഗ്രിഡുമായി ബന്ധിപ്പിച്ച് വാണിജ്യ ഉൽപാദനം ആരംഭിച്ചു.
159.898 മില്യൺ യൂനിറ്റാണ് ഇതുവരെയുള്ള ഉൽപാദനം. സ്ഥാപിത ശേഷിയിൽ സംസ്ഥാനത്ത് ഏഴാം സ്ഥാനത്താണ് പള്ളിവാസൽ ജലവൈദ്യുതി പദ്ധതി. വെള്ളത്തിന്റെ അധിക ലഭ്യതയും ജലവൈദ്യുതി ഉൽപാദന സംവിധാനത്തിന്റെ കാലപ്പഴക്കവും കണക്കിലെടുത്താണ് പഴയ പവർ ഹൗസിനോട് ചേര്‍ന്ന് പള്ളിവാസൽ വിപുലീകരണ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. അധികമായി 153.90 മില്യൺ യൂനിറ്റാണ് പദ്ധതി പ്രകാരം ഉൽപാദിപ്പിക്കുന്നത്.
1940ലാണ് പള്ളിവാസൽ ജലവൈദ്യുതി പദ്ധതി സ്ഥാപിതമായത്. സംസ്ഥാനത്തെ വര്‍ധിക്കുന്ന വൈദ്യുതി ഉപഭോഗം മുന്നില്‍കണ്ടും വികസനരംഗത്തെ മാറ്റങ്ങൾക്ക് അനുസൃതമായും ഗുണമേന്മയുള്ള ചെലവുകുറഞ്ഞ ജലവൈദ്യുതി ഉൽപാദനം വര്‍ധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ ലക്ഷ്യം മുന്നിൽകണ്ടാണ് വിപുലീകരണ പദ്ധതി ആവിഷ്കരിച്ചത്.
5.3312 ഹെക്ടറിൽ 434.66 കോടി മുടക്കി നിർമാണം
ജില്ലയിലെ ദേവികുളം താലൂക്കിൽ പള്ളിവാസൽ വില്ലേജിലാണ് പള്ളിവാസൽ വിപുലീകരണ പദ്ധതി സ്ഥാപിച്ചിരിക്കുന്നത്. ലക്ഷ്മിയാർ, നല്ലതണ്ണിയാർ, മാട്ടുപ്പെട്ടിയാർ എന്നിവയുടെ സംഗമസ്ഥലമായ പഴയ മൂന്നാറിലെ ആർ.എ ഹെഡ് വർക്സ് ഡാമിൽനിന്നാണ് പദ്ധതിക്ക് ആവശ്യമായ ജലം ലഭ്യമാകുന്നത്. കുണ്ടള, മാട്ടുപ്പെട്ടി എന്നീ ഡാമുകളിൽ ജലം സംഭരിച്ച് ആർ.എ ഹെഡ് വർക്സിൽനിന്ന് ടണൽ വഴി തിരിച്ചുവിട്ട് പെന്‍സ്റ്റോക് വഴി പള്ളിവാസലിൽ സ്ഥാപിച്ച പവർ ഹൗസിൽ എത്തിച്ചാണ് ഉൽപാദനം നടത്തുന്നത്.
പദ്ധതിക്കായി 5.3312 ഹെക്ടർ സ്ഥലത്ത് 434.66 കോടി രൂപ മുതൽമുടക്കിയുള്ള നിർമാണ പ്രവർത്തനമാണ് നടന്നിട്ടുള്ളത്. ദീർഘകാലത്തെ പഠന പരീക്ഷണ, നിരീക്ഷണങ്ങൾ, സ്ഥലം ഏറ്റെടുക്കൽ തുടങ്ങിയ ഘട്ടങ്ങള്‍ക്ക് ശേഷം രണ്ടാം ഘട്ടത്തിൽ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കിടെ ഉണ്ടായ പ്രളയവും കോവിഡും ഭൂമിശാസ്ത്രപരമായ പ്രശ്നങ്ങളും പദ്ധതി പ്രവർത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ചിരുന്നു.
എന്നാൽ, പ്രതികൂല സാഹചര്യങ്ങളെയെല്ലാം അതിജീവിച്ച് ഇപ്പോൾ പദ്ധതി യാഥാര്‍ഥ്യമായിരിക്കുകയാണ്. ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുകയാണ് കേരള സംസ്ഥാന വൈദ്യുതി ബോർഡിന്റെ ലക്ഷ്യമെന്ന് ജി. സജീവ് (ഡയറക്ടർ ജനറേഷൻ) പറഞ്ഞു.