മഴ; ഉടുമ്പന്‍ചോലയിൽ വ്യാപക നാശം
text_fieldsനെടുങ്കണ്ടം: വൈകിയെത്തിയ വേനല്‍മഴ ഉടുമ്പന്‍ചോല താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നാശം വിതച്ചു. കനത്ത മഴയില്‍ നെടുങ്കണ്ടം കൗന്തിയില്‍ മിന്നലേറ്റ് വീട് തകര്‍ന്നു. വീട്ടിലെ വൈദ്യുതി ഉപകരണങ്ങളും കത്തിനശിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം പെയ്ത ശക്തമായ മഴയിലും കാറ്റിലുമാണ് വ്യാപകമായ നാശനഷ്ടം ഉണ്ടായത്. ശക്തമായ കാറ്റിലും മഴയിലും സംസ്ഥാനപാതയില്‍ വന്‍മരങ്ങള്‍ കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. കൗന്തി സ്വദേശി മാങ്ങാട്ട്‌പൊയ്കയില്‍ ബാബുവിന്റെ വീടാണ് തകര്‍ന്നത്.
ശക്തമായ കാറ്റില്‍ വീടിന്റെ മേല്‍ക്കൂരയും ഭിത്തിയും തകര്‍ന്നുവീഴുകയായിരുന്നു. ബാബുവിന്റെ അമ്മയും ഭാര്യയും മക്കളും ഈ സമയം വീട്ടിലുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
നെടുങ്കണ്ടം ചേമ്പളത്ത് ശക്തമായ കാറ്റിലും മഴയിലും കുമളി മൂന്നാര്‍ സംസ്ഥാനപാതയില്‍ വന്‍മരങ്ങള്‍ കടപുഴകി ഗതാഗതം തടസ്സപ്പെട്ടു നെടുങ്കണ്ടം ചേമ്പളം വട്ടപ്പാറ റോഡിലാണ് മരങ്ങള്‍ ഒടിഞ്ഞുവീണത്. ഒപ്പം വൈദ്യുതി പോസ്റ്റുകളും വ്യാപകമായി ഒടിഞ്ഞുവീണു. മേഖലയിലെ ഏലത്തോട്ടങ്ങളിലും മരങ്ങള്‍ വീണ് കൃഷി നശിച്ചിട്ടുണ്ട്. എന്നാല്‍, പലയിടങ്ങളിലും മഴ പെയ്തില്ല.


