മറയൂരിന് ചന്ദന മഹിമയേറും
text_fieldsതൊടുപുഴ: മറയൂർ ചന്ദനക്കാടുകളിൽ 30,620 ചന്ദനത്തൈകൾ നട്ടുപിടിപ്പിച്ച് മറയൂർ ചന്ദന ഡിവിഷൻ. മറയൂർ റേഞ്ചിന്റെ പരിധിയിൽ നാച്ചിവയൽ ചന്ദന റിസർവിലാണ് വിവിധ ഭാഗങ്ങളിലായി ചന്ദനത്തൈകൾ നട്ടുപിടിപ്പിച്ചിരിക്കുന്നത്. വളർച്ചയെത്തുമ്പോൾ 10,000 കോടിയോളം വിലമതിക്കുന്ന ചന്ദനത്തടികൾ വനം വകുപ്പിന് സ്വന്തമാകും. ഇന്ത്യയിൽ സ്വാഭാവികമായി ചന്ദനമരങ്ങൾ വളരുന്ന ഏക മേഖലയാണ് മറയൂരിലെ ചന്ദനക്കാടുകൾ.
60,000 തൈകളാണ് നിലവിൽ മറയൂർ ചന്ദനക്കാടുകളിലുള്ളത്. 2004ന് മുമ്പ് രണ്ടുലക്ഷത്തിലധികം മരങ്ങൾ വനമേഖലയിലും 50,000 മരങ്ങൾ സ്വകാര്യ ഭൂമിയിലും ഉണ്ടായിരുന്നു. കാലക്രമേണ ഭൂരിഭാഗവും മുറിച്ചുകടത്തി. മറയൂരിൽ ചന്ദന ഡിവിഷൻ രൂപവത്കരിച്ചതോടുകൂടി മോഷണം കുറഞ്ഞെങ്കിലും മരത്തിന്റെ എണ്ണം കുറഞ്ഞു.
സ്വകാര്യ ഭൂമിയിൽനിന്ന് 90 ശതമാനവും നഷ്ടപ്പെട്ടു. ഈ സാഹചര്യത്തിലാണ് ചന്ദനമരങ്ങൾ വളരാൻ അനുയോജ്യ സാഹചര്യമുള്ള മറയൂർ വനമേഖലയിൽ ചന്ദന മരങ്ങൾ വ്യാപിപ്പിക്കാൻ വനംവകുപ്പ് തീരുമാനിച്ചത്. വളർച്ചയെത്തിയ മരത്തിന് കാൽ കോടി മുതൽ രണ്ട് കോടിവരെ 1910–1920 കാലഘട്ടങ്ങളിൽ ഇംഗ്ലീഷുകാരുടെ നേതൃത്വത്തിൽ മറയൂരിലെ കിളി കൂട്ടുമല, നാച്ചിവയൽ, കാന്തല്ലൂരിലെ പാളപ്പെട്ടി, വണ്ണാന്തുറൈ എന്നീ വനമേഖലകളിൽ വ്യാപകമായി ചന്ദനത്തൈകൾ നട്ടുവളർത്തിയിരുന്നു.
പിന്നീട് പല മേഖലകളിലും പലതവണ ചന്ദന പ്ലാന്റേഷൻ ഒരുക്കിയെങ്കിലും വിജയിച്ചിരുന്നില്ല. 100 വർഷങ്ങൾക്ക് ശേഷമാണ് നാച്ചിവയൽ ചന്ദന റിസർവിൽ മഞ്ഞപ്പെട്ടി മേഖലയിൽ രണ്ടു ഹെക്ടറിൽ 4600 ചന്ദനത്തൈകൾ പരീക്ഷണാർഥം നട്ടുവളർത്തുന്നത്. ഇത് വിജയമായതോടുകൂടി മറ്റ് ആറിടങ്ങളിലായി 25,000 ചന്ദനതൈകൾ നടുന്ന പദ്ധതി നടത്തിവരുന്നു.
ഒരുകിലോ ചന്ദന കാതലിന് ലേലത്തിൽ ശരാശരി 15,000 മുതൽ 20,000 രൂപവരെ ലഭിക്കും. വളർച്ചയെത്തിയ മരത്തിന് 25 ലക്ഷം രൂപ മുതൽ രണ്ടുകോടി വരെയാണ് വില. ഒരു മരം പൂർണവളർച്ചയെത്താൻ 40 വർഷം മുതൽ 100 വർഷം വരെ കാത്തിരിക്കണം.