നെടുങ്കണ്ടത്തിന്റെ നെടുവീർപ്പുകൾ: നഗരസഭ സ്വപ്നം എന്നു പൂവണിയും...?
text_fieldsനെടുങ്കണ്ടം ടൗണിന്റെ ഇപ്പോഴത്തെ മുഖം
ഒരുകാലത്ത് ചങ്ങനാശ്ശേരി, പാലാ, കാഞ്ഞിരപ്പളളി, കോതമംഗലം തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് കുടിയേറിപ്പാര്‍ത്തവരും അവരുടെ പിന്മുറക്കാരുമാണ് ഇന്ന് നെടുങ്കണ്ടത്ത് അധിവസിക്കുന്നവരിൽ അധികവും. ജില്ലയിലെ കുടിയേറ്റ കര്‍ഷകരുടെയും തോട്ടം തൊഴിലാളികളുടെയും സമരകേന്ദ്രമായിരുന്ന ഈ പഞ്ചായത്ത് ഉടുമ്പന്‍ചോല താലൂക്കിന്റെ ആസ്ഥാനമാണ്.
71.95 ച. കി. മീറ്റർ വിസ്തീര്‍ണം. 24 വാർഡുകൾ. ജില്ലയിലെ പ്രധാന പഞ്ചായത്തുകളിലൊന്ന്. 56,000ൽ അധികം ജനങ്ങൾ. അതിൽ 85 ശതമാനവും കൃഷിക്കാർ. ബാക്കി കര്‍ഷക തൊഴിലാളികളും മറ്റും.
4.5 കോടിയിലധികം വാർഷിക വരുമാനം. 12,000ൽ അധികം കെട്ടിടങ്ങൾ. 2,000 ൽ അധികം വ്യാപാര സ്ഥാപനങ്ങൾ. കുമളി-മൂന്നാര്‍ സംസ്ഥാന പാതക്ക് ഇടയിലാണ് നെടുങ്കണ്ടം ടൗൺ. മൂന്ന് സംസ്ഥാന ഹൈവേകളും നാല് ജില്ല മേജര്‍ റോഡുകളും ഈ പഞ്ചായത്തില്‍ കൂടി കടന്നുപോകുന്നു.
നെടുങ്കണ്ടം-തേവാരം അന്തര്‍ സംസ്ഥാന പാത പൂർത്തിയാകുന്നതോടെ ഇവിടം ജില്ലയിലെ പ്രധാന പട്ടണമായി വളരും. മാലിന്യ സംസ്കരണ പ്ലാന്റ്, വാന നിരീക്ഷണ കേന്ദ്രം, ബസ് സ്റ്റാൻഡ്, മിനി ബസ് സ്റ്റാൻഡ്, കെ.എസ്.ആര്.ടി.സി ബസ് സ്റ്റാൻഡ്, അഗ്നിരക്ഷാ സേന ഓഫിസ്, ആധുനിക മാര്‍ക്കറ്റ്, പൊതുശ്മശാനം, ഗ്യാസ് ക്രിമറ്റോറിയം തുടങ്ങിയവയൊക്കെ നിർമാണം ആരംഭിച്ചെങ്കിലും ഇപ്പോഴും പാതിവഴിയിലാണ്. 2005- 2010 കാലഘട്ടത്തില്‍ എം. സുകുമാരന്‍ പ്രസിഡന്റായിരിക്കെ നെടുങ്കണ്ടത്തിന്റെ സമഗ്ര വികസനത്തിന് അടിത്തറ പാകിയ പല പദ്ധതികളും ഇന്നും പൂര്‍ത്തിയാക്കാന്‍ തുടർന്നുവന്ന ഭരണ സമിതികൾക്കായിട്ടില്ല. നിരാലംബരും ഭൂരഹിതരുമായ കോളനിവാസികളുടെ മൃതശരീരം മറവ് ചെയ്യാന്‍ 13 വര്‍ഷം മുമ്പ് ആരംഭിച്ച ക്രിമറ്റോറിയം നാളുകളായി പ്രവര്‍ത്തനരഹിതമാണ്. കായിക മന്ത്രിയായിരുന്ന എം. വിജയകുമാര്‍ കേരളത്തിലാദ്യമായി ഗ്രാമപഞ്ചായത്തിനനുവദിച്ച സ്പോര്‍ട്സ് ഹോസ്റ്റലിന്റെ പ്രവര്‍ത്തനം ഇന്നും മന്ദഗതിയിലാണ്.
ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നിര്‍മിച്ച പാര്‍ക്കിങ് ഗ്രൗണ്ടിന്റെ ഉദ്ഘാടനവും സമാപനവും ഒന്നുപോലെയായി. 2010ല്‍ നിര്‍മിച്ച മാലിന്യ സംസ്കരണ പ്ലാന്റിൽ ഇപ്പോൾ സംസ്കരണം നടക്കുന്നില്ല.
പഴയ നെടുങ്കണ്ടം ടൗൺ (ഫയൽ ഫോട്ടോ)
നാല് പതിറ്റാണ്ട് മുമ്പ് നിര്‍മിച്ച പഞ്ചായത്ത് കമ്യൂണിറ്റിഹാള്‍ അസൗകര്യങ്ങളിൽ വീര്‍പ്പുമുട്ടുന്നു. വൃത്തിയും വെടിപ്പുമില്ലാത്ത അന്തരീക്ഷത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഹാളില്‍ 250 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യം മാത്രം. വിവാഹാവശ്യത്തിന് ഹാള്‍ വാടകക്ക് എടുക്കുന്നവര്‍ക്ക് വെള്ളം സുലഭമായി ലഭിക്കാത്തതും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.
നിലവിലുള്ള ഹാളിന്റെ രണ്ടുവശങ്ങളിലുമായി രണ്ടു മിനി ഹാളുകള്കൂടി ഉണ്ടെങ്കിലും ഇവയിലൊന്ന് അഗ്നിരക്ഷാ സേനക്ക് വിട്ടുനല്‍കി. മറ്റൊന്നിൽ പഞ്ചായത്ത് ഉപേക്ഷിച്ച സാധനസാമഗ്രികള്‍ സൂക്ഷിക്കുന്നു. ഹാളിലെ കസേരകൾ അടക്കം പലതും മോഷ്ടാക്കൾ കൊണ്ടുപോയി. നിലവിലുള്ള മൂന്നു കെട്ടിടങ്ങളും പൊളിച്ചുമാറ്റി ആധുനിക സൗകര്യങ്ങളോടെ 3000 പേര്‍ക്ക് ഇരിക്കാവുന്ന ടൗണ്‍ ഹാള്‍ നിർമിക്കണമെന്ന് പറയാൻ തുടങ്ങിയിട്ട് കാലമേറെയായി. സ്റ്റേഡിയത്തിനു സമീപം ട്രഷറി ക്വാര്‍ട്ടേഴ്സിനും റവന്യൂ ക്വാര്‍ട്ടേഴ്സിനും ഇടയിൽ ആവശ്യത്തിന് സ്ഥലവുമുണ്ട്. മുമ്പ് ഇതിനായി ചില നീക്കങ്ങൾ നടന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. സ്റ്റേഡിയത്തിന് സമീപം തന്നെ പുതിയ ടൗണ്‍ഹാള്‍ നിര്‍മിച്ചാല്‍ വാഹന പാര്‍ക്കിങ് എളുപ്പമാകും. നിലവില്‍ കിഴക്കേകവലയിലുള്ള കമ്യൂണിറ്റി ഹാളില്‍ എത്തുന്നവരുടെ വാഹനങ്ങള്‍ കരുണ ആശുപത്രി റോഡില്‍ പാര്‍ക്ക് ചെയ്യുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്.