പുക... പൊടിപൂരം... ഇതും റോഡാണ്
text_fieldsതകർന്ന റോഡ്
അടിമാലി: മാങ്കുളം പഞ്ചായത്ത് ഓഫിസിന് മുന്നിലൂടെ നടക്കുമ്പോൾ മെറ്റൽ തെറിച്ച് പരിക്കേൽക്കാത്തവരും കണ്ണിൽ പൊടി പോകാത്തവരും ഭാഗ്യവാൻമാർ. മാങ്കുളം ടൗണിൽ നിന്ന് റേഷൻകട സിറ്റി, വിരിഞ്ഞപാറ വഴി പോകുന്ന റോഡിന്റെ അവസ്ഥയാണ് ഇത്. ടാർ ചെയ്യാൻ സോളിങ് ഉൾപ്പെടെ തീർത്തിട്ട് നാളുകളായി. സോളിങ് തകർന്ന് മെറ്റലുകൾ ചിന്നിച്ചിതറി കിടക്കുകയാണ്.
പൊടി പടലത്തിൽ ജനങ്ങൾ വലയുന്നു. സർവിസ് റോഡുകൾ സഞ്ചാരയോഗ്യമാക്കാത്തതും പൊടിപടലം ശമിപ്പിക്കാൻ വെള്ളം തളിക്കാത്തതും മൂലം പ്രതിസന്ധി രൂക്ഷമാണ്. രൂക്ഷമായ പൊടി ഉയർന്നിട്ടും ഒരു തുള്ളി വെള്ളം പോലും റോഡിലൊഴിക്കാതെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണ്. പാറപ്പൊടിയും മണ്ണും നിരത്തിയ പാതകളിലൂടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ വഴി കാണാനാകാത്ത രീതിയിൽ പൊടി ഉയരുകയാണ്. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ പൊടിശല്യം രൂക്ഷമാകും.
മുന്നിലെ കാഴ്ച പോലും മറയ്ക്കുന്ന തരത്തിലാണ് പൊടിശല്യം. ഇരുചക്രവാഹനങ്ങളിലും മറ്റും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. പാതയോരത്ത് താമസിക്കുന്നവർ രോഗികളായി മാറുകയാണ്. കച്ചവട സ്ഥാപനങ്ങളിലെ സാധനങ്ങൾ പൊടികയറി നശിക്കുന്നു. ആശുപത്രിയിൽ വരുന്ന രോഗികളാണ് രൂക്ഷത കൂടുതൽ അനുഭവിക്കുന്നത്. റോഡ് നിർമാണം പൂർത്തിയാക്കാത്തതിന്റെ കാരണം തിരക്കിയാൽ മൗനം മാത്രമാണ് ഉത്തരം. വൈദ്യുതി പദ്ധതി പ്രവർത്തനത്തിനായി ബോർഡ് ഏറ്റെടുത്ത റോഡാണിത്. ഇവരുടെ അനാസ്ഥയാണ് കാരണം. വിരിഞ്ഞപ്പാറ ഭാഗത്ത് റോഡ് പൂർണമായി തകർന്ന അവസ്ഥയിലാണ്. ചരക്ക് ലോറികൾ അമിത ഭാരവുമായി ഓടിയതും പ്രശ്നമായി.