കാടിറങ്ങി ചില്ലിക്കൊമ്പൻ; തോട്ടം മേഖല ഭീതിയിൽ
text_fieldsതേക്കടി ബോട്ട്ലാൻഡിങ്ങിലേക്ക് പോകുന്നതിനിടെ പെരിയാർ ഹൗസിന് സമീപം ആനക്കൂട്ടത്തിന് മുന്നിൽപെട്ട കെ.ടി.ഡി.സി ജീവനക്കാരൻ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുന്നു
അടിമാലി: ‘വനവാസത്തിന് ശേഷം ചില്ലിക്കൊമ്പനും തിരുമ്പി വന്താച്ചേ... ഇനി ഊരുക്ക് സമാതാനം കെടക്കലെ’ -മൂന്നാർ തോട്ടം മേഖലയിൽനിന്നും ഉയരുന്ന പരിദേവനമാണിത്. പടയപ്പക്കും ചക്കക്കൊമ്പനും ഒറ്റക്കൊമ്പനും വിരിക്കൊമ്പനും വിഹരിക്കുന്ന തോട്ടം മേഖലയിലാണ് വനവാസത്തിന് ശേഷം ചില്ലിക്കൊമ്പനും തിരിച്ചെത്തിയത്.
മദപ്പാട് ലക്ഷണം കാട്ടുന്ന പടയപ്പ ആഴ്ചകളായി തോട്ടം മേഖലയെ വിറപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം കൊരണ്ടിക്കാട്ടിലെ ആനസവാരി കേന്ദ്രത്തിലെത്തിയ പടയപ്പ നാട്ടാനകളോടൊപ്പം ഏറെ സമയം ചെലവഴിച്ചത് പരിഭ്രാന്തി പരത്തിയിരുന്നു. അടുത്തിടെ നിരവധി വാഹനങ്ങൾ പടയപ്പ ആക്രമിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ചില്ലിക്കൊമ്പനും ജനവാസ മേഖലയിൽ തിരിച്ചെത്തിയത്. പടയപ്പയുടെ ആക്രമണത്തിൽ പരിക്കേറ്റ ഒറ്റക്കൊമ്പൻ തോട്ടം മേഖലയിൽ പലയിടത്തായി കറങ്ങിനടക്കുന്നു. ചക്കക്കൊമ്പൻ കഴിഞ്ഞയാഴ്ച ചിന്നക്കനാൽ 301 കോളനിയിൽ രണ്ട് വീടുകൾ തകർത്തിരുന്നു. ലിറ്റിൽ ഫ്ലവർ ഹൈസ് സ്കൂൾ, ഗൂഢാർവിള സ്കൂൾ എന്നിവിടങ്ങളിൽ ചൊവ്വാഴ്ച കാട്ടാനകൾ എത്തിയിരുന്നു. ചൊക്കനാട് ഫീൽഡ് നമ്പർ ഒന്നിലും കാട്ടാനകൾ എത്തിയിരുന്നു. ഒറ്റയാന്മാരായ ഈ കാട്ടാനകൾക്ക് പുറമെ കാട്ടാനക്കൂട്ടങ്ങളും മേഖലയിൽ വിഹരിക്കുന്നുണ്ട്.
വനത്തിൽ തീറ്റയും വെള്ളവും കുറഞ്ഞതാണ് ഇവ ജനവാസ കേന്ദ്രത്തിലേക്ക് കൂടുതൽ എത്താൻ കാരണം. മറയൂർ, വട്ടവട, മൂന്നാർ, ചിന്നക്കനാൽ, ശാന്തൻപാറ, അടിമാലി, ദേവികുളം, മാങ്കുളം പഞ്ചായത്ത് പരിധികളിലാണ് ഇപ്പോൾ കാട്ടാന ശല്യം കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. ഇവ വ്യാപകമായി കൃഷിയും നശിപ്പിക്കുന്നുണ്ട്.
കുളമാവ് ടൗണിൽ വരെ ആന: ജനം ഭീതിയിൽ
മൂലമറ്റം: അറക്കുളം പഞ്ചായത്തിലെ മൂന്ന്, നാല്, അഞ്ച് വാർഡുകൾ ഉൾപ്പെടുന്ന കുളമാവ് ടൗണിൽ വരെ കാട്ടാന വന്നതോടെ ഭീതിയിലായി ജനങ്ങൾ. തെങ്ങ്, കമുക്, കാപ്പി, വാഴ, മറ്റ് കൃഷികൾ അടക്കം നശിപ്പിച്ച് ലക്ഷങ്ങളുടെ നാശനഷ്ടവും നാട്ടുകാരുടെ ജീവന് വരെ ഭീഷണി ഉണ്ടായിട്ടും ജനപ്രതിനിധികളോ, ഉദ്യോഗസ്ഥരോ സ്ഥലം സന്ദർശിക്കാത്തത് വൻ പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്.
ഈ മേഖല വനഭൂമിയാക്കാനുള്ള സർക്കാറിന്റെ രഹസ്യ നീക്കത്തിന് ഇവർ കൂട്ടുനിൽക്കുകയാണ് എന്നാണ് കുളമാവിലെ കർഷകർ പറയുന്നത്. നാല് വർഷമായി കുളമാവിലെ കലംകമഴ്ത്തി, പോത്തുമറ്റം മേഖലകളിലെ കൃഷിയിടങ്ങളിൽ കാട്ടാന നിത്യസാന്നിധ്യമായി മാറി. എന്നാൽ, കൂടുതൽ ജനവാസമുള്ളയിടങ്ങളിലേക്ക് കടന്നുകയറി തെങ്ങിൻതോപ്പുകൾ ഉൾപ്പെടെ നശിപ്പിക്കാൻ തുടങ്ങിയത് അടുത്തയിടെയാണ്.
500 വാഴ കാട്ടാന നശിപ്പിച്ചതിനെ തുടർന്നാണ് കല്ലുംകൂട്ടത്തിൽ സന്തോഷ് കുമാർ കൃഷിയിടം ഉപേക്ഷിച്ചത്. കാട്ടാന നാശനഷ്ടം വരുത്തിയ കർഷകരുടെ കൃഷിയിടങ്ങൾ ബി.ജെ.പി പ്രതിനിധി സംഘം സന്ദർശിച്ചു. അധികാരികൾ കർഷകരുടെ രക്ഷക്കായി ഇടപെടാത്ത പക്ഷം നിയമപരമായും സമരമാർഗത്തിലൂടെയും പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമെന്ന് ബി.ജെ.പി നേതാക്കൾ അറിയിച്ചു. സംസ്ഥാന കമ്മിറ്റി അംഗവും ഗ്രാമപഞ്ചായത്ത് അംഗവുമായ പി.എ. വേലുക്കുട്ടൻ, എം.കെ. രാജേഷ്, കെ.പി. മധുസൂധദൻ, ജോണി, ഓമനക്കുട്ടൻ, രാമചന്ദ്രൻ, ബിജു, കിരൺ, ഉണ്ണി എന്നിവരാണ് കൃഷിയിടങ്ങൾ സന്ദർശിച്ചത്.