കൊക്കയിൽ വീണ വിനോദ സഞ്ചാരിയെ പുറത്തെത്തിച്ചത് ആറു മണിക്കൂർ പരിശ്രമിച്ച്
text_fieldsകൊക്കയിൽ അഗ്നി രക്ഷാ സേന സംഘം തിരച്ചിൽ നടത്തുന്നു
കാഞ്ഞാർ: വാഗമൺ റൂട്ടിലെ പ്രധാന വ്യൂ പോയിന്റ് ആയ കമ്പങ്കാനം ചാത്തൻപാറക്ക് സമീപം 350 അടി താഴ്ചയിലേക്ക് വീണ എറണാകുളം തോപ്പുംപടി സ്വദേശി പുതുക്കാട്ട് വീട്ടിൽ തോബിയാസ് ചാക്കോ (58) യെ റോഡിലേക്ക് എത്തിച്ചത് ആറു മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിൽ. വ്യാഴാഴ്ച രാത്രി 8.30 ന് കൊക്കയിൽ വീണ തോബിയാസിനെ വെള്ളിയാഴ്ച പുലർച്ച നാലോടെയാണ് കരക്കെത്തിച്ചത്.
ഇടവിട്ട് പെയ്ത മഴയും കാറ്റും ഇരുട്ടും, കോടമഞ്ഞും ഉൾപ്പെടെ പ്രതികൂല കാലാവസ്ഥ മൂലമാണ് തിരച്ചിലും കരക്കെത്തിക്കലും ദുർഘടമായത്. അഗ്നിരക്ഷാ സേന തൊടുപുഴ യൂനിറ്റിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.എ ജാഫർഖാൻ, ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ടി.കെ വിവേക്, മൂലമറ്റം യൂനിറ്റിലെ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ഷിന്റോ ജോസ്, ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ജിബി പി. വരമ്പനാട്ട് എന്നിവർ സേഫ്റ്റി ഹാർനസും, റോപ്പും, അനുബന്ധ ഉപകരണങ്ങളും ധരിച്ചാണ് കൊക്കയിലേക്ക് ഇറങ്ങിയത്.
ചെങ്കുത്തായതും വഴുവഴുക്കലും മുൾപ്പടർപ്പുകളും നിറഞ്ഞ പാറക്കെട്ടുകൾക്കിടയിലൂടെ അതിസാഹസികമായാണിവർ താഴേക്കിറങ്ങിയത്. വാക്കി ടോക്കിയുടെ സഹായത്താൽ നിർദ്ദേശങ്ങൾ നൽകിയും പറഞ്ഞുമാണ് ഇവർ ഏറെ അപകടം നിറഞ്ഞ ഈ ചെരിവിലേക്ക് ഇറങ്ങിയത്. പ്രദേശത്ത് വെളിച്ചമില്ലാത്തതിനാൽ ഇൻഫ്ലാറ്റബിൾ ടവർ ലൈറ്റ് സംവിധാനം ഉപയോഗിച്ച് വെളിച്ചവും ഒരുക്കി.
ഏകദേശം 500 അടി താഴ്ചയുള്ളതായിരുന്നു ആൾ വീണ പ്രദേശം. കൊക്കയിൽ വീണയാളുടെ ചെരുപ്പും, മൊബൈൽ ഫോണും തിരച്ചിലിനിടയിൽ ഇടക്കുവെച്ച് കണ്ടെത്തി. മൊബൈൽ അപ്പോഴും റിങ് ചെയ്യുന്നുണ്ടായിരുന്നുവെങ്കിലും ആളെ കണ്ടെത്താൻ കഴിഞ്ഞില്ല. വീണ്ടും തിരച്ചിൽ നടത്തുന്നതിനിടയിൽ ഏകദേശം 350 അടി താഴ്ചയിൽ ആളെ കണ്ടെത്തിയത്.
തുടർന്ന് ആളെ റെസ്ക്യു നെറ്റിൽ കയറ്റി. മുകളിലേക്ക് എത്തിക്കുമ്പോൾ ശരീരം ഉരയാതിരിക്കാനായി സ്പൈൻ ബോർഡ് ഉപയോഗിച്ച് വാക്കി ടോക്കിയിലൂടെ കൃത്യമായി സന്ദേശം നൽകി, മുകളിലുള്ള മറ്റു ജീവനക്കാരുടെ സഹായത്തോടെ കരക്ക് എത്തിക്കുകയായിരുന്നു.
അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ തൊടുപുഴ കാരിക്കോടുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ പുതു വർഷദിനത്തിൽ ആഘോഷത്തിന് എത്തിയ കരിങ്കുന്നം സ്വദേശി മേക്കാട്ടിൽ എബിൻമാത്യു ഇവിടെ വീണ് മരിച്ചിരുന്നു. രാത്രി 12 ഓടെ എത്തിയ ഇവർ പടക്കം പൊട്ടിച്ച് പുതുവത്സരം ആഘോഷിക്കുന്നതിനിടെ എബിൻ കാൽവഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു. ഉദ്ദേശം 150 അടി താഴ്ചയിൽ നിന്നാണ് എബിനെ അന്ന് കണ്ടെത്തിയത്.
രക്ഷാദൗത്യത്തിന് ഇവർ
മൂലമറ്റം അഗ്നി രക്ഷാ സേനയിൽ നിന്നും സ്റ്റേഷൻ ഓഫീസർ ടി.കെ അബ്ദുൾ അസീസ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിജു സുരേഷ് ജോർജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാദൗത്യം. സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ ജിൻസ് മാത്യു, എ.ഗിരീഷ് കുമാർ, ഫയർ ആൻഡ് റെസ്ക്യു ഓഫീസർ (ഡ്രൈവർ) മാരായ സുനിൽ എം. കേശവൻ, എം.പി.സിജു, ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ ജെയിംസ് തോമസ്, മനു ആന്റണി, എസ്.ആർ.അരവിന്ദ് , തൊടുപുഴ യൂനിറ്റിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിജു പി. തോമസ്, സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ എം. എൻ. വിനോദ് കുമാർ, ഫയർ ആൻഡ് റെസ്ക്യു ഓഫീസർ (ഡ്രൈവർ) ജോബി കെ .ജോർജ്, ഫയർ ആൻഡ് റെസ്ക്യു ഓഫീസർ എഫ്.എസ്.ഫ്രിജിൻ, ഹോം ഗാർഡുമാരായ മാത്യു ജോസഫ്, രാജീവ് ആർ. നായർ എന്നിവരും അഗ്നി രക്ഷാ സേന സംഘത്തിൽ ഉണ്ടായിരുന്നു. കാഞ്ഞാർ പൊലീസും, സിവിൽ ഡിഫൻസ് അംഗങ്ങളും ദൗത്യത്തിൽ പങ്കെടുത്തിരുന്നു.