കരുണമരങ്ങൾ പൂവിട്ടു; മലയോരങ്ങളിൽ ഇനി തേൻകാലം
text_fieldsഏലക്കാടുകളിൽ കരുണമരങ്ങൾ പൂവിട്ടപ്പോൾ
കട്ടപ്പന: ഏലമലക്കാടുകളിൽ കരുണ മരങ്ങൾ പൂവിട്ടതോടെ മലയോരങ്ങളിൽ തേൻ സീസൺ തുടങ്ങി. പശ്ചിമഘട്ട മലനിരകളിലെ ഏലമലക്കാടുകളിൽ ഏലത്തിന് തണലേകുന്ന കരുണ മരങ്ങൾ പൂവിട്ടതോടെ തേൻ ശേഖരിക്കാൻ തേനീച്ചകൾ കൂട്ടമായി എത്തുന്നു. ലക്ഷക്കണക്കിന് തേനീച്ചകളാണ് ഓരോ മരത്തിലും പറന്നു വന്നു തേൻ ശേഖരിക്കുന്നത്. കരുണ മരങ്ങളിലെ പൂവിൽ നിറയെ തേനാണ്. കരുണമരങ്ങൾ പൂക്കുന്ന ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ പൂക്കളിലെ തേൻ നുകരാൻ തമിഴ്നാട്ടിലെ കമ്പം, തേനി, മധുര തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് ആയിരക്കണക്കിന് തേനീച്ച ക്കൂട്ടങ്ങൾ ഏലമല കാടുകളിലെ വൻ വൃക്ഷങ്ങളിൽ ചേക്കേറും. തേൻ ആവോളം നുകർന്ന് കൂടുകളിൽ ശേഖരിച്ചുവെക്കും. മഴക്കാലം തുടങ്ങുന്നതിനു മുൻപ് കൂടുകളിൽ ശേഖരിച്ച തേൻ മുഴുവൻ കുടിച്ചു തീർത്തശേഷം തിരിക വന്ന സ്ഥലങ്ങളിലേക്ക് മടങ്ങും.
നൂറ്റാണ്ടുകളായി തുടർന്നു വരുന്ന ഈ പ്രതിഭാസം ഏലമരക്കാടുകളിലെ ഏലം കൃഷിക്കും ഗുണകരമാണ്. ഏലത്തിന്റെ പരാഗണം നടക്കുന്നത് തേനീച്ചകൾ വഴിയാണ്. കരുണമരങ്ങൾ പൂവിടുന്ന സമയത്ത് ഒട്ടുമിക്ക ഏലത്തോട്ടങ്ങളിലെ മരങ്ങളിലും തേനീച്ചക്കൂടുകൾ കാണാം. ചില പാ റക്കൂട്ടങ്ങളും മരങ്ങളും പതിവായി പെരുംതേനീച്ചകളുടെ ആവാസ കേന്ദ്രങ്ങളാണ്. ഒരു മരത്തിൽ തന്നെ അമ്പതോളം തേനീച്ചകൾ കൂടുകൂട്ടിയിരിക്കുന്നതും കാണാം.
ആദിവാസികൾ ഇത്തരം മരങ്ങളിൽ കയറി തേനെടുത്തു ഭക്ഷിക്കുകയും വിൽക്കുകയും ചെയ്യുന്നത് ഇക്കാലത്താണ്. അതിനാൽ കരുണമരങ്ങൾ പൂവിടുന്ന സമയം മലയോരത്തു തേൻ സീസൺ ആയാണ് അറിയപ്പെടുന്നത്. ഈ സമയം മരങ്ങളിൽ നിന്ന് തേനെടുക്കുകയും സ്വന്തമായി തേനീച്ചകൃഷി നടത്തുകയും ചെയ്യുന്ന കട്ടപ്പന കാവുംപടി സ്വദേശി അഭിലാഷിനു ഇത് വരുമാന സമയം കൂടിയാണ്. അഭിലാഷിനെ പോലെ നിരവധി പേർ ഇപ്പോൾ തേനെടുക്കൽ തൊഴിലായി സ്വീകരിച്ചിട്ടുണ്ട്. നാലുമാസമാണ് ഇവർക്ക് തൊഴിലെടുക്കാൻ കഴിയുക. അതുകഴിഞ്ഞാൽ അടുത്ത സീസൺ ആകാൻ കാത്തിരിക്കണം.
ചെറുതേനും, വൻതേനും ഇവർ ശേഖരിക്കും. ചെറുതേനിന് കിലോയ്ക്ക് 3000 രൂപയും വൻതേനിന് കിലോ 500 രൂപയുമാണ് വില്പന വില. കാട്ടിലെ വൻമരങ്ങളിലും ഉയർന്ന പാറ യിടുക്കുകളിലും ഇപ്പോൾ തേനീച്ചക്കൂടുകൾ ധാരാളം ഉണ്ട്. ആദിവാസികളായ യുവാക്കളാണ് ഇവ ശേഖരിക്കുന്നത്.
അഭിലാഷിന് ഇത് സുവർണകാലം
കട്ടപ്പന: തേനീച്ച കർഷകനായ കട്ടപ്പന കാവുംപടി ഓലേടത്ത് അഭിലാഷിന് ഇത് സുവർണ്ണ കാലം. സ്വന്തമായി നിരവധി തേൻ പെട്ടികൾ ഉള്ളത് കൂടാതെ സീസണിൽ മരങ്ങളിൽ നിന്ന് തേൻ ശേഖരിക്കുന്നത് വലിയ വരുമാന മാർഗം കൂടിയാണ്. ഇയാളുടെ ഒരു തേനിച്ചപ്പെട്ടിയിൽ നിന്ന് ശരാശരി ലഭിക്കുന്നത് നാലുകിലോ വൻതേനാണ്.കഴിഞ്ഞ 30 വർഷമായി തേനീച്ച പരിപാലനവും വിൽപ്പനയും നടത്തി ശ്രദ്ധേയനായ അഭിലാഷ് 15ാം വയസ്സിലാണ് തേനീച്ചക്കൃഷി ആരംഭിച്ചത്.
അഭിലാഷ് പെട്ടികളിൽ നിന്ന് തേൻ ശേഖരിക്കുന്നു
ഇപ്പോൾ ഇടുക്കി ജില്ലയുടെ ഏതു ഭാഗത്തും തേനീച്ച ഉൾപ്പെടെ പെട്ടിയും സ്റ്റാന്റും എത്തിച്ച് നൽകുകയും ഇവയുടെ പരിപാലനം പഠിപ്പിക്കുകയും ചെയ്യുകയാണ് അഭിലാഷ്. ഇടുക്കി,നെടുങ്കണ്ടം, കട്ടപ്പന, ആനവിലാസം, പുറ്റടി, രാജക്കാട്, ചപ്പാത്ത്, വാഴവര തുടങ്ങിയ മിക്ക സ്ഥലങ്ങളിലും അഭിലാഷ് തേനീച്ചപ്പെട്ടി നൽകി സർവ്വീസും ചെയ്ത് വരുന്നുണ്ട്. ഈ സീസൺ കഴിഞ്ഞാൽ മെയ് മുതൽ ഡിസംബർ വരെ തേനീച്ചക്ക് പഞ്ചാസാര ലായനി തീറ്റയായി നൽകണം. ജനുവരിയിൽ കൂടുകളിൽ തട്ട് വയ്ക്കും. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ഏറ്റവും കൂടുതൽ തേൻ ലഭിക്കുന്നത്.
ഒരു പെട്ടിയിൽ നിന്ന് നാലുകിലോയോളം തേൻ ലഭിക്കും. ഒരു വർഷം ശരാശരി 500 കിലോ തേൻ വരെ അഭിലാഷ് ശേഖരിച്ചു വിൽക്കും. ആവശ്യക്കാർക്ക് തേനീച്ചയും പെട്ടിയും സ്റ്റാൻഡും ഉൾപ്പെടെ 2250 രൂപക്കാണ് നൽകുന്നത്. തേനീച്ച പരിപാലനത്തിൽ അഭിലാഷിന്റെ ഭാര്യ സൗമ്യ, മക്കളായ അനന്ദു, ആദിനന്ദന എന്നിവരും ശക്തമായ പിന്തുണയുമായി കൂടെയുണ്ട്.