തീർപ്പാക്കാനുണ്ട് 362 പോക്സോ കേസ്
text_fieldsതൊടുപുഴ: ജില്ലയിൽ തീർപ്പാക്കാനുള്ളത് 362 പോക്സോ കേസ്. ജൂലൈ 31 വരെയുള്ള കണക്കാണിത്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി പോക്സോ നിയമ പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളാണിവ. ജില്ലയിലെ നാല് പോക്സോ കോടതിയാണ് ഇത്തരം കേസുകൾ പരിഗണിക്കുന്നത്. പൈനാവ്, ദേവികുളം, കട്ടപ്പന എന്നിവിടങ്ങളിലുള്ള അതിവേഗ പ്രത്യേക കോടതികളിലും തൊടുപുഴയിലെ ഒന്നാം അഡീ. ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതിയിലുമാണ് പോക്സോ കേസുകൾ പരിഗണിക്കുന്നത്.
അന്വേഷണവും തെളിവുശേഖരണവും വെല്ലുവിളി
ജില്ലയിൽ പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസുകളിലെ അന്വേഷണവും തെളിവുശേഖരണവും ഉദ്യോഗസ്ഥർക്ക് വെല്ലുവിളിയാണ്. ഇത്തരം കാര്യങ്ങളിലെ കാലതാമസമാണ് കേസുകളും നീളാൻ കാരണമാകുന്നത്. ഫോറൻസിക് റിപ്പോർട്ടുകൾ ആവശ്യമായ കേസുകളിൽ ഇവിടങ്ങളിൽനിന്ന് പരിശോധനഫലങ്ങൾ ലഭിക്കാനെടുക്കുന്ന കാലതാമസവും പ്രതിസന്ധിയാകുന്നുണ്ട്. ഇവിടങ്ങളിൽ സയന്റിഫിക് ഓഫിസർമാരുടെ അഭാവം പരിശോധനഫലങ്ങൾ ലഭിക്കാൻ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇത് വ്യാപകപരാതിയായതിനെ തുടർന്ന് അടുത്തിടെ സർക്കാർ 28 പുതിയ തസ്തികകൾ സൃഷ്ടിച്ചിരുന്നു. അന്തർസംസ്ഥാനക്കാർ പ്രതികളാക്കപ്പെടുന്ന പോക്സോ കേസുകളും ഉദ്യോഗസ്ഥർക്ക് വെല്ലുവിളിയാണ്.
അവിടത്തെ പല പിന്നാക്ക മേഖലകളിലും ഗോത്ര മേഖലകളിലും ചെറുപ്രായത്തിൽ വിവാഹമടക്കം നടക്കുന്നുണ്ട്. അത്തരം ആളുകൾ ഇവിടെ ജോലിക്കെത്തുമ്പോൾ പ്രസവം അടക്കമുള്ള കാര്യങ്ങൾക്കായി ആശുപത്രികളിലെത്തുമ്പോഴാണ് വധുവിന് പ്രായം കുറവാണെന്നതിനാൽ നിയമനടപടികളിലേക്ക് വഴി മാറുന്നത്. അടുത്തിടെ കട്ടപ്പനയിലും സമാനസംഭവം അരങ്ങേറിയിരുന്നു.
വേഗത്തിലാക്കാൻ ഹൈകോടതി ഇടപെടൽ
പോക്സോ നിയമനടപടികൾ വേഗത്തിലാക്കണമെന്ന ആവശ്യം വിവിധ കോണുകളിൽനിന്ന് ഉയർന്നതിനെ തുടർന്ന് ഹൈകോടതി നേതൃത്വത്തിൽ ഇടപെടലുകൾ സജീവമാക്കിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ഫാസ്റ്റ് ട്രാക്ക് സ്പെഷൽകോടതികളിലെയും മറ്റ് പോക്സോ വിചാരണ കോടതികളിലെയും കേസുകളുടെ ഫയലിങ്, തീര്പ്പാക്കിയവയുടെയും ശേഷിക്കുന്നവയുടെയും എണ്ണവും വിചാരണയുടെ പുരോഗതിയും ജുവനൈൽ ജസ്റ്റിസ് കമ്മിറ്റി നിരന്തരം നിരീക്ഷിക്കുന്നുണ്ട്. ഇതോടൊപ്പം ജുഡീഷ്യൽ ഓഫിസർമാരുമായി അവലോകന യോഗങ്ങൾ നടത്തി തീർപ്പാക്കൽ നിരക്ക് വർധിപ്പിക്കുന്നതിനും വിചാരണവേഗത്തിലാക്കുന്നതിനും നടപടികളും സജീവമാക്കിയിട്ടുണ്ട്.
ഇതിന് പുറമെ ഇത്തരം കേസുകളിൽ പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്ന തരത്തിൽ കാര്യക്ഷമമായ തെളിവ് ശേഖരണം അടക്കം ഉറപ്പാക്കണമെന്ന നിർദേശം സർക്കാർതലത്തിൽ അന്വേഷണ ഉദ്യോഗസ്ഥർക്കും നൽകിയിട്ടുണ്ട്.