തൂക്കുപാലത്തിന്റെ വിലങ്ങണിഞ്ഞ വികസനം
text_fieldsതൂക്കുപാലം ടൗൺ
കേരള ചരിത്രത്തിൽ ഇടംനേടിയ പട്ടം കോളനിയുടെ സിരാകേന്ദ്രമായ തൂക്കുപാലത്തിെൻറ പരാധീനതകൾ ഇന്നും ഒഴിയാബാധപോലെ പിന്തുടരുകയാണ്. ഹൈറേഞ്ചിലെ കുടിയേറ്റത്തിെൻറ ആദ്യ കാലഘട്ടങ്ങളിൽ തമിഴ്നാട്ടിൽനിന്ന് തലച്ചുമടായും കഴുതപ്പുറത്തും രാമക്കൽമേട് വഴി എത്തിച്ചിരുന്ന അരി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾ തൂക്കുപാലത്തെത്തിച്ചായിരുന്നു മധ്യകേരളത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോയിക്കൊണ്ടിരുന്നത്. മൂന്നു പഞ്ചായത്തുകളുടെ അതിർത്തിയായ തൂക്കുപാലം മേഖലയിൽ ജനവാസം ആരംഭിച്ച് ആറര പതിറ്റാണ്ടായിട്ടും അവഗണന വിട്ടൊഴിയുന്നില്ല. തൂക്കുപാലത്തിെൻറ വിലങ്ങണിഞ്ഞ വികസനത്തെപ്പറ്റി ‘മാധ്യമം’ തയാറാക്കിയ പരമ്പര ഇന്നു മുതൽ
നെടുങ്കണ്ടം: തിരുവിതാംകൂർ മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ള കുടിയിരുത്തിയ പട്ടം കോളനിയുടെ സിരാകേന്ദ്രവും ജില്ലയിലെ പ്രമുഖ മാർക്കറ്റുകളിലൊന്നുമായ തൂക്കുപാലത്തിെൻറ വികസനം പ്രഖ്യാപനങ്ങളിലൊതുങ്ങുകയാണ്. നെടുങ്കണ്ടം, കരുണാപുരം, പാമ്പാടുംപാറ പഞ്ചായത്തുകളുടെ അതിർത്തിയായ തൂക്കുപാലം മേഖലയിൽ ജനവാസം ആരംഭിച്ച് ആറര പതിറ്റാണ്ട് പിന്നിട്ടിട്ടും അവഗണനക്ക് അറുതിയില്ല.
നെടുങ്കണ്ടം പഞ്ചായത്തുവക ബസ് സ്റ്റാൻഡും കരുണാപുരം പഞ്ചായത്ത് മാർക്കറ്റും പേരിന് സംഭാവന ചെയ്തിട്ടുണ്ട്. ഇത് രണ്ടും പ്രവർത്തനരഹിതമാണ്. നെടുങ്കണ്ടം പഞ്ചായത്ത് ഉദ്ഘാടനം നടത്തി 21 വർഷം പിന്നിട്ട പഞ്ചായത്ത് ബസ് സ്റ്റാൻഡ് ഇന്നും അനാഥമായി കിടക്കുകയാണ്. ഹൈറേഞ്ചിെൻറ വാണിജ്യ രംഗത്ത് തൂക്കുപാലത്തിന് പ്രധാന സ്ഥാനമുണ്ട്. സമീപ പട്ടണങ്ങളെ അപേക്ഷിച്ച് ഇവിടെ നിത്യോപയോഗ സാധനങ്ങൾക്ക് വില കുറവായതിനാൽ ചന്തദിവസം നല്ല തിരക്കാണ്. മൂന്നു പഞ്ചായത്തിലായി കിടക്കുന്ന ടൗണിലെ മാലിന്യ സംസ്കരണംപോലും കാര്യമായി നടക്കുന്നില്ല.
ടൗണിലെ അലക്ഷ്യമായ വാഹന പാർക്കിങ് ഗതാഗതക്കുരുക്ക് വർധിപ്പിക്കുന്നു. പട്ടം കോളനിയിലെ പ്രധാന പട്ടണമായ തൂക്കുപാലത്ത് വാഹനങ്ങളുടെ എണ്ണം അനുദിനം വർധിച്ചിട്ടും പാർക്കിങ് നിബന്ധനകളോടെയുള്ള ട്രാഫിക് സംവിധാനങ്ങൾ നടപ്പാക്കാൻ അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. രാമക്കൽമേട് ടൂറിസ്റ്റ് കേന്ദ്രവും പുഷ്പക്കണ്ടം, കുരുവിക്കാനം കാറ്റാടി പാടങ്ങളും കാണാൻ ദിനേന നൂറുകണക്കിനാളുകളാണ് തൂക്കുപാലത്തെത്തി കടന്നുപോകുന്നത്. ടൗൺ വികസനത്തിെൻറ പ്രധാന തടസ്സം പദ്ധതികൾ പലതും പാതിവഴിയിൽ മുടങ്ങിക്കിടക്കുന്നതാണ്.
മാർക്കറ്റിലും പരിസരത്തും മാലിന്യം മലപോലെ കുമിഞ്ഞുകൂടി ദുർഗന്ധം വമിക്കുകയാണ്. ജില്ലയിലെ പ്രമുഖ മാർക്കറ്റുകളിലൊന്നായ തൂക്കുപാലം ചന്തയുടെ വികസനവും പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങി.ചന്തക്കുള്ളിൽ വ്യാപാരത്തിന് സൗകര്യമില്ലാത്തതിനാൽ വഴിവാണിഭം പെരുകുന്നത് ഗതാഗത പ്രശ്നത്തിന് ഇടയാകുന്നു. പട്ടംകോളനി പഞ്ചായത്ത് രൂപവത്കരിക്കണമെന്ന മുറവിളി ശകതമായതിനെ തുടർന്ന് കഴിഞ്ഞ യു.ഡി.എഫ് സർക്കാർ പഞ്ചായത്ത് രൂപവത്കരണത്തിെൻറ ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കി പട്ടംകോളനി പഞ്ചായത്ത് രൂപവത്കരിച്ചതായി പ്രഖ്യാപിക്കുകയും താൽക്കാലിക സെക്രട്ടറിയെ നിയമിക്കുകയും ചെയ്തു.
എന്നാൽ, തൂക്കുപാലം നിവാസികളും മുണ്ടിയെരുമ നിവാസികളും പഞ്ചായത്തിെൻറ ആസ്ഥാനത്തെ ചൊല്ലിയുണ്ടായ തർക്കംമൂലം പഞ്ചായത്ത് രൂപവത്കരണം താൽക്കാലികമായി മരവിപ്പിച്ചു. ചികിത്സ കാര്യങ്ങൾക്കായി 15 കിലോമീറ്ററിലധികം സഞ്ചരിച്ച് കുഴിത്തൊളുവിലെത്തി ചികിഝ തേടേണ്ട ഗതികേടിലാണ് കരുണാപുരം പഞ്ചായത്തിൽപെട്ട തൂക്കുപാലം നിവാസികൾ. എന്നാൽ, തൂക്കുപാലം ടൗണിൽനിന്ന് ഒരു കിലോമീറ്റർ അകലെ മുണ്ടിയെരുമയിൽ സർക്കാർ ആശുപത്രി പ്രവർത്തിക്കുന്നുണ്ട്. തൂക്കുപാലം മേഖലയിലെ റോഡുകൾ, ശുദ്ധജല പദ്ധതികൾ തുടങ്ങിയവയും വികസന മുരടിപ്പ് നേരിടുന്നു. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ രാമക്കൽമേടിെൻറ കവാടം ആയിട്ടും അതിനനുസൃതമായ വികസന പ്രവർത്തനങ്ങൾ തൂക്കുപാലത്ത് നടക്കുന്നില്ല
അടിസ്ഥാന സൗകര്യങ്ങളില്ല
തൂക്കുപാലത്ത് മാലിന്യം കുമിഞ്ഞു കൂടുകയാണ്. രാമക്കൽമേട്ടിലെ ഹരിതകർമ സേന പ്രവർത്തകരാണ് നെടുങ്കണ്ടത്തെത്തി വർക്ക് ചെയ്യുന്നത്. തൂക്കുപാലത്ത് 200 ഓട്ടോ ഡ്രൈവർമാർ ഉണ്ട്. ഇവർക്ക് പ്രാഥമിക ആവശ്യം നിറവേറ്റാൻ ഒരു സംവിധാനവും ഇല്ല. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്ത പട്ടണമായി തൂക്കുപാലം മാറി. വഴിവിളക്കുകൾ ഒന്നും പ്രകാശിക്കുന്നില്ല. പാലത്തിൽപോലും വഴിവിളക്കില്ല. ഓട്ടോയും ടാക്സി ജീപ്പുകളും പാർക്ക് ചെയ്യുന്ന എസ്.എൻ ജങ്ഷനിലോ ബാലഗ്രാം ജങ്ഷനിലോ പാർക്കിങ് സംവിധാനം ഒരുക്കിയിട്ടില്ല.
- കെ.ആർ. രാജേഷ്കുമാർ, ടാക്സി ഡ്രൈവർ
വേണം ബസ് കാത്തിരിപ്പ് കേന്ദ്രം
മൂന്നു പഞ്ചായത്തുകളുടെ സംഗമകേന്ദ്രമാണ് തൂക്കുപാലം ടൗൺ. ബാലഗ്രാം ജങ്ഷൻ, എസ്.എൻ ജങ്ഷൻ, ബസ് സ്റ്റാൻഡ് ജങ്ഷൻ എന്നിങ്ങനെ മൂന്ന് പ്രധാന ജങ്ഷനുകൾ ഉണ്ടെങ്കിലും എങ്ങും ബസ് കാത്തിരിപ്പ് കേന്ദ്രം ഇല്ല. കൈക്കുഞ്ഞുങ്ങളുമായി വീട്ടമ്മമാർ ബസിൽ കയറാൻ മഴയും വെയിലുമേറ്റ് ഓടുന്ന കാഴ്ച വളരെ ദയനീയമാണ്. വിനോദസഞ്ചാരകേന്ദ്രമായ രാമക്കൽമേട്ടിലേക്കടക്കം സ്വദേശികളും വിദേശികളുമായ നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരും കടന്നുപോകുന്നത് തൂക്കുപാലം ടൗണിലൂടെയാണ്. ടൗണിൽപോലും കുടിവെള്ള സംവിധാനം ഏർപ്പെടുത്തിയിട്ടില്ല.
അഡ്വ. കെ. കനിയപ്പൻ- തൂക്കുപാലത്തെ വ്യാപാരി, നെടുങ്കണ്ടം ബാർ അസോസിയേഷൻ പ്രസിഡന്റ്
പ്ലാസ്റ്റിക് മാലിന്യം കല്ലാർ പുഴയിലേക്ക്
തൂക്കുപാലം ടൗണിൽ പ്ലാസ്റ്റിക് നിർമാർജനത്തിന് ഒരു സംവിധാനവും ഒരുക്കിയിട്ടില്ല. കാറിൽ കൊണ്ടുവന്ന് പ്ലാസ്റ്റിക് മാലിന്യം കല്ലാർ പുഴയിലേക്ക് വലിച്ചെറിയുകയാണ്. കക്കൂസ് മാലിന്യമടക്കമുള്ളവ റോഡരികിലേക്ക് വലിച്ചെറിയുകയാണ്. പ്ലാസ്റ്റിക് നിർമാർജനത്തിനെന്ന പേരിൽ ഹരിതകർമ സേന പ്രവർത്തകർ വ്യാപാരികളിൽനിന്ന് പ്രതിമാസം 100 രൂപ വാങ്ങുന്നതല്ലാതെ ഒരു നടപടിയുമില്ല. നികുതി പിരിവ് മുടക്കം കൂടാതെ നടക്കുന്നുണ്ടെങ്കിലും വ്യാപാരികൾക്ക് പ്രയോജനമില്ല.
ഇ.കെ. ഇബ്രാഹിം -വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ്, തൂക്കുപാലം
ചന്തയുടെ പ്രവർത്തനം നിലച്ചത് പ്രതിസന്ധി
തൂക്കുപാലത്തിെൻറ വികസനത്തിെൻറ പ്രധാന വരുമാനമാർഗമായ ചന്തയുടെ പ്രവർത്തനം നിലച്ചത് വഴി ഇവിടത്തെ വ്യാപാരികളും തൊഴിലാളികളും വലിയ പ്രതിസന്ധിയിലാണ്. ചന്തയുടെ പണി പൂർത്തീകരിച്ചിരുന്നെങ്കിൽ തൂക്കുപാലത്തിെൻറ വികസനത്തിന് ഗുണകരമായേനെ. നെടുങ്കണ്ടം പഞ്ചായത്തിെൻറ നേതൃത്വത്തിൽ കോടികൾ മുടക്കി വിനോദസഞ്ചാരികൾക്കായി പണികഴിപ്പിച്ചിട്ടുള്ള അമിനിറ്റി സെൻറർ നാലുവർഷം കഴിഞ്ഞിട്ടും തുറന്നുകൊടുക്കാൻ പഞ്ചായത്തുകൾ തയാറായിട്ടില്ല. അതുമൂലം നിരവധി വിനോദസഞ്ചാരികൾ തൂക്കുപാലത്ത് എത്തുന്നതിനും ഇവിടത്തെ വ്യാപാരസ്ഥാപനങ്ങൾക്ക് അതുമൂലം ഉണ്ടാകുന്ന പ്രയോജനം ലഭിക്കുന്നുമില്ല.
പി.എ. അൻസാരി -വ്യാപാരി വ്യവസായി സമിതി ഏരിയ പ്രസിഡന്റ്
(തുടരും)


