കാടിറങ്ങി 1910 ടൺ മാലിന്യം
text_fieldsപ്രതീകാത്മക ചിത്രം
തൊടുപുഴ: സംസ്ഥാനത്തെ വനമേഖലകളിൽ നിക്ഷേപിക്കപ്പെടുന്ന മാലിന്യം നീക്കംചെയ്യാൻ നടപ്പാക്കിയ ഗ്രീൻ ഗ്രാസ് പ്രോജക്ട് പദ്ധതിയിലൂടെ കാടിറങ്ങിയത് 1910 ടൺ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം. വനമേഖലകൾ, ഇക്കോ ടൂറിസം കേന്ദ്രങ്ങൾ, വനത്തിലൂടെ കടന്നുപോകുന്ന റോഡുകൾ, ദേശീയപാതകൾ എന്നിവിടങ്ങളിൽ നിക്ഷേപിക്കപ്പെടുന്ന മാലിന്യം നീക്കംചെയ്യുന്നതാണ് പദ്ധതി.
പദ്ധതിയുടെ ഭാഗമായി നടന്ന മാപ്പിങ്ങിൽ വനമേഖലയിൽ വലിയതോതിൽ മാലിന്യം നിക്ഷേപിക്കുന്ന 47 പഞ്ചായത്തുകളിലെ 121 ഇടങ്ങളും കണ്ടെത്തി. ഇവിടങ്ങളിൽ മാലിന്യനിക്ഷേപം തടയാൻ പ്രത്യേകപരിപാടികൾ ആസൂത്രണംചെയ്തുവരികയാണ്. പദ്ധതിക്കായി 2.02 കോടി രൂപ ലഭിച്ചതിൽ 1.81 കോടി ചെലവഴിച്ചു. ചീഫ് സെക്രട്ടറി അധ്യക്ഷത വഹിക്കുന്ന സ്റ്റിയറിങ് കമ്മിറ്റി എല്ലാ മാസവും യോഗംചേർന്ന് പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നുണ്ട്. മേൽനോട്ടത്തിനായി വനം-വന്യജീവി വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച ടാസ്ക് ഫോഴ്സാണ് തീരുമാനങ്ങൾ നടപ്പാക്കുന്നത്.
വനം വകുപ്പ് ജീവനക്കാർ, വനസംരക്ഷണ സമിതി-ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റികൾ, സ്കൂളുകൾ, കോളജുകൾ എന്നിവരുടെയും വിവിധ ഏജൻസികളുടെ പങ്കാളിത്തത്തോടെയും മാലിന്യം ശേഖരിച്ച് സംസ്കരിച്ച് നിർമാർജനം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. വനം, തദ്ദേശസ്വയംഭരണം, ടൂറിസം, പൊതുമരാമത്ത്, പരിസ്ഥിതി, ആരോഗ്യ വകുപ്പുകൾ, ശുചിത്വ മിഷൻ, ദേവസ്വം ബോർഡ് എന്നിവരും പദ്ധതി നടത്തിപ്പിൽ പങ്കാളികളാണ്.
കാട്ടാനകളടക്കമുള്ള വന്യമൃഗങ്ങൾ പ്ലാസ്റ്റിക് മാലിന്യമടക്കം ഭക്ഷിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നുണ്ട്. വന്യമൃഗങ്ങൾ മാലിന്യം കൂടിക്കിടക്കുന്ന ഇടങ്ങളിൽ തമ്പടിക്കുന്നത് ആശങ്കയും സൃഷ്ടിക്കുന്നു. വിഷയത്തിൽ കോടതി ഇടപെടലുകളടക്കം ഉണ്ടായതോടെ വനംവകുപ്പ് നടപടികൾ ശക്തമാക്കുകയായിരുന്നു. വനപ്രദേശത്തെ മാലിന്യനിക്ഷേപം കണ്ടെത്തി തടയുന്നതിന് അതത് പ്രദേശത്തെ ജീവനക്കാരുടെ നേതൃത്വത്തിൽ രാത്രികാല പരിശോധനയും നടത്തിവരുന്നു. മൂന്നാർ വന്യജീവി ഡിവിഷന് കീഴിലെ രാജമലയിൽ മാലിന്യനിർമാർജനത്തിനായി മാലിന്യ നിർമാണ യൂനിറ്റ് തന്നെ ഗ്രീൻ ഗ്രാസ് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്.
സംസ്ഥാനമൊട്ടാകെ വനമേഖലയിൽനിന്ന് ശേഖരിക്കുന്ന മാലിന്യം ജൈവവും അജൈവവുമായി തരംതിരിച്ച് ജൈവമാലിന്യങ്ങൾ ഉചിതവും പരിസ്ഥിതിക്ക് ദോഷം വരാത്തതുമായ രീതിയിൽ മറവ് ചെയ്യുകയും അജൈവ മാലിന്യങ്ങൾ ബന്ധപ്പെട്ട പഞ്ചായത്തുകൾക്ക് കൈമാറുകയും ചെയ്തു വരുന്നുണ്ട്.
പദ്ധതിയുമായി ബന്ധപ്പെട്ട് സാമൂഹികപങ്കാളിത്തം ഉറപ്പുവരുത്താൻ പദ്ധതിയുടെ സുസ്ഥിരത ഉറപ്പാക്കുക, വനപ്രദേശങ്ങളിലൂടെ പോകുന്ന സംസ്ഥാന, ദേശീയപാതകൾ ഉൾപ്പെടെയുള്ള എല്ലാ റോഡുകളും പദ്ധതിയുടെ പരിധിയിൽ കൊണ്ടുവരിക, ഇത്തരത്തിൽ മേഖലയെ മാലിന്യരഹിതമായി നിലനിർത്തുക എന്നിവയും ലക്ഷ്യമിടുന്നുണ്ട്.


