എട്ടുമാസം; നിരത്തിൽ പൊലിഞ്ഞത് 74 ജീവൻ
text_fieldsമറയൂർ-മൂന്നാർ റോഡിൽ തലയാറിൽ മറിഞ്ഞ ടെമ്പോ ട്രാവലർ
തൊടുപുഴ: ജില്ലയിൽ റോഡപകടങ്ങളില്ലാത്ത ദിവസങ്ങളില്ല എന്ന തരത്തിലാണ് ഓരോ ദിവസവും മുന്നോട്ട് പോകുന്നത്. മരണപ്പെടുന്നവരുടെയും പരിക്കേൽക്കുന്നവരുടെയും എണ്ണവും ഓരോ വർഷവും കൂടുന്നതല്ലാതെ കുറയുന്നില്ല.
ജനുവരി ഒന്ന് മുതൽ ആഗസ്റ്റ് 30 വരെയുള്ള എട്ടുമാസത്ത കണക്കുകൾ പരിശോധിച്ചാൽ 74 പേരാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വാഹനാപകടത്തിൽ മരിച്ചത്. 757 അപകടങ്ങളിലായി 691 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മാസം ശരാശരി 10 പേര് ജില്ലയിൽ വാഹനാപകടങ്ങളിൽ മരിക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഇതിനു പുറമെ കേസെടുക്കാതെ ഒത്തുതീർപ്പിലെത്തുന്നതും നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുന്ന അപകടങ്ങളുമുണ്ട്. അപകടത്തിൽപെടുന്നതിൽ ഏറെയും ഇരുചക്ര വാഹനങ്ങളാണ്. മോട്ടോർ വാഹന വകുപ്പും പൊലീസും പരിശോധനകളും ബോധവത്കരണവും ശക്തമാക്കുമ്പോഴും ജില്ലയിലെ റോഡുകളിൽ അപകടങ്ങളും ഇതുമൂലമുള്ള മരണനിരക്കും ഉയര്‍ന്നു നിൽക്കുകയാണ്. അമിതവേഗം, അശ്രദ്ധ എന്നിവയാണ് അപകടങ്ങൾക്ക് പ്രധാന കാരണം.
മലയോര പാതകളിലൂടെ വാഹനമോടിക്കുന്നതിലുള്ള പരിചയക്കുറവും അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്. പലപ്പോഴും അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതിലേറെയും യുവാക്കളാണ്. വളവുകളും തിരിവുകളും നിറഞ്ഞതാണ് ജില്ലയിലെ റോഡുകളിൽ ഭൂരിഭാഗവും. ഇത്തരം റോഡുകളിലൂടെ അമിത വേഗത്തിൽ വാഹനമോടിക്കുന്നത് അപകടങ്ങൾക്ക് വഴിവെക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നു.
വാഹനമോടിക്കുമ്പോൾ ഹൈറേഞ്ചിനെ അറിയണം
വലിയ വാഹനങ്ങൾ ഹൈറേഞ്ചിൽ ഓടിച്ച് പരിചയമില്ലാത്തവരും അപകടങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഹൈറേഞ്ചിലെ പല റോഡുകള്‍ക്കും ആവശ്യമായ വീതിയോ പാതയോരങ്ങളിൽ സംരക്ഷണഭിത്തിയോ ഇല്ല. പലപ്പോഴും റോഡരികിലെ തിട്ടകളിലിടിച്ച് നിയന്ത്രണംവിട്ടാണ് വലിയ അപകടങ്ങൾ ഉണ്ടാകുന്നത്.
ഒരാഴ്ചയായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിരവധി അപകടങ്ങളാണ് നടന്നത്. മതിയായ വിശ്രമം ഇല്ലാതെ ഡ്രൈവർമാർ വാഹനമോടിക്കുന്നത്, ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിങ്, രാത്രി ഹെഡ്ലൈറ്റ് ഡിം ചെയ്യാത്തത്, ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം എന്നിവയെല്ലാം അപകടങ്ങൾക്ക് വഴിതെളിക്കുന്നു. വാഹനപ്പെരുപ്പവും റോഡുകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
കുണ്ടും കുഴിയുമായി കിടക്കുന്ന റോഡുകളുടെ ശോച്യാവസ്ഥയാണ് മറ്റൊരു കാരണം. നനഞ്ഞു കിടക്കുന്ന റോഡും കാഴ്ച മങ്ങുന്ന വിധത്തിലുള്ള കനത്ത മഴയും മൂടൽമഞ്ഞും അപരിചിതമായ റോഡുകളിലെ കുഴികളും മഴക്കാലത്ത് അപകടസാധ്യത വർധിപ്പിക്കുന്നു.