ലഹരിയെ നേരിടാൻ 'പുകയുന്ന കൗമാരം' ആൽബമിറക്കി സബ് ഇൻസ്പെക്ടർ
text_fieldsസബ് ഇന്‍സ്പെക്ടര്‍ സി.ആർ. സന്തോഷ്
തൊടുപുഴ: ലഹരിക്കെതിരെ നാടാകെ ഒന്നിക്കുമ്പോൾ ആ വിപത്തിനെതിരെ കൈകോർക്കാനും പൊരുതാനും ആഹ്വാനം നൽകുന്ന സംഗീത അൽബവുമായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ. ഇടുക്കി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഓഫിസിലെ സബ് ഇന്‍സ്പെക്ടര്‍ സി.ആർ. സന്തോഷാണ് ഗാനരചന, തിരക്കഥ, ചിത്രസംയോജനം, സംവിധാനം എന്നിവ നിർവഹിച്ച് ലഹരിക്കെതിരെ ജില്ല പൊലീസിനുവേണ്ടി ‘പുകയുന്ന കൗമാരം’ എന്ന പേരിൽ സംഗീത ആല്‍ബം തയറാക്കിയത്. ‘പുതിയൊരു പുലരി പിറക്കട്ടെ പുതിയൊരു യുഗമിന്നുണരട്ടെ’ എന്നു തുടങ്ങുന്ന ആൽബം വിദ്യാർഥികൾക്കുള്ള ബോധവത്കരണമെന്ന നിലയിലാണ് ആരംഭിക്കുന്നത്.
രാസലഹരിയാം വില്ലൻ വിഷത്തിനെ ഉള്ളിൽ നുണഞ്ഞൊന്നുപോയാൽ...
കാണാക്കയത്തിൻ ചുഴിയിൽ വീണപോൽ ജന്മം നീറിയൊടുങ്ങും
കുഞ്ഞിളം കാലുകൾ ഇടറുമങ്ങനെ പുത്തൻ പുലരികൾ അന്യമാകും...
എന്നിങ്ങനെ സമീപ കാലത്തെ വിദ്യാർഥി സംഘർഷങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പൊലീസിന്റെ ലഹരി വേട്ടയടക്കമുള്ള കാര്യങ്ങളും ചൂണ്ടിക്കാട്ടിയാണ് ആൽബം മുന്നോട്ട് പോകുന്നത്. മുമ്പും കേരള പൊലീസിനുവേണ്ടി സന്തോഷ് ആൽബത്തിന് ഗാനങ്ങൾ രചിച്ചിട്ടുണ്ട്.
കോവിഡ് കാലത്ത് ബോധവത്കരണത്തിനായി ‘കവചമായ്’ എന്ന പേരിൽ കേരള പൊലീസ് പുറത്തിറക്കിയ ആൽബത്തിന്റെ സംഗീത രചനയും സന്തോഷായിരുന്നു. പാട്ടെഴുത്ത് പണ്ടുമുതലേ ഇഷ്ടമുള്ള കാര്യമാണെന്ന് സന്തോഷ് ‘മാധ്യമ’ത്തോട് പറഞ്ഞു. രാത്രിയാണ് എഴുത്തിന് സമയം കണ്ടെത്തുന്നത്. കുറച്ച് മാഗസിനുകളിലും ഭക്തി ആൽബങ്ങൾക്കും രചന നിർവഹിച്ചിട്ടുണ്ടെന്നും സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളാണ് വരികളിൽ കടന്നു വരുന്നതെന്നും സന്തോഷ് പറഞ്ഞു.
ലഹരിക്കെതിരെ പൊലീസും എക്സൈസും നടത്തുന്ന ഇടപെടലിനൊപ്പം ആൽബങ്ങളിലൂടെയും പുതുതലമുറയിലേക്കടക്കം എത്തിച്ചേരാൻ കഴിയുമെന്നതിനാലാണ് ഇങ്ങനെയൊരു ദൗത്യത്തിനിറങ്ങിയത്. ഇടുക്കി എസ്.പി ടി.കെ. വിഷ്ണു പ്രദീപ്, ഡിവൈ.എസ്.പി ജിൽസൺ മാത്യു എന്നിവരുടെ പിന്തുണയോടെയാണ് ഇത്തവണ ഗാനരചനക്കൊപ്പം തിരക്കഥ, ചിത്രസംയോജനം, സംവിധാനം എന്നിവയും ചെയ്യാൻ കഴിഞ്ഞതെന്ന് സന്തോഷ് പറഞ്ഞു. അടിമാലി സ്വദേശിയായ സന്തോഷിന് 2024ൽ രാഷ്ട്രപതിയുടെ സ്തുത്യർഹ സേവന പുരസ്കാരവും ലഭിച്ചിട്ടുണ്ട്.