കാലപ്പഴക്കത്തിൻറെ അവശതയിൽ തളർന്നോടി കെ.എസ്.ആർ.ടി.സി ബസുകൾ
text_fieldsതൊടുപുഴ: ജില്ലയിൽ സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകളുടെ കാലപ്പഴക്കം വെല്ലുവിളി സൃഷ്ടിക്കുന്നു. പഴക്കം ചെന്ന ബസുകളാണ് ഹൈറേഞ്ച് റൂട്ടിൽ സർവിസിന് അയക്കുന്നതിലധികവും. ജില്ലയിൽ ഇപ്പോൾ സർവിസ് നടത്തുന്നതിൽ പകുതിയിലേറെ ബസുകളും കാലപ്പഴക്കം ചെന്നവയാണ്. ഇത്തരം വാഹനങ്ങൾ ഹൈറേഞ്ച് റൂട്ടിൽ സർവിസ് നടത്തരുതെന്നാണ് നിയമം. എന്നാൽ, ഇത് പാലിക്കാറില്ല. ജില്ലയിലെ 231 ബസുകളിൽ ഏറെയും കാലപ്പഴക്കം ചെന്നവയാണ്. ജില്ലയിലെ 29 ബസുകളും നാല് വർക്ക്ഷോപ് ബസുകളും 15 വർഷം കഴിഞ്ഞവയാണ്. ഇവയുടെ കാലാവധി കഴിഞ്ഞതിനെത്തുടർന്ന് കണ്ടം ചെയ്യേണ്ടവയായിരുന്നു.
എന്നാൽ, കേന്ദ്രം ഒരുവർഷം കൂടി കാലാവധി നീട്ടി നൽകിയതിനാലാണ് ഇവ ഇപ്പോഴും നിരത്തുകളിലൂടെ ഓടുന്നത്. ഹൈറേഞ്ചിൽ കണ്ടീഷനുള്ള ബസുകൾ സർവിസ് നടത്തണമെന്നാണ് നിയമം. അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി ബസുകളുടെ ഫിറ്റ്നസ് ഉറപ്പുവരുത്തണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. ജില്ലയിൽ പ്രത്യേകിച്ച് ഹൈറേഞ്ച് മേഖലയിൽ സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകളുടെ ഫിറ്റ്നസ് ഉറപ്പു വരുത്തണം. ബസുകൾ ഭൂരിഭാഗവും കാലപ്പഴക്കമുള്ളതും ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കാത്തതും ശരിയായ അറ്റകുറ്റപ്പണി നടത്താത്തതുമാണ്.
ബസുകളുടെ ഫിറ്റ്നസ് ഉറപ്പാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡീൻ കുര്യാക്കോസ് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു. മറ്റു മേഖലകളിൽ സർവിസ് നടത്തുന്നതുപോലെയുള്ള ബസുകൾ ഇടുക്കിയിൽ സർവിസ് നടത്തുന്നതിന് അനുയോജ്യമല്ല. ഇതിന്റെ ഫലമായാണ് കഴിഞ്ഞ ദിവസം നേര്യമംഗലത്തിന് അടുത്ത് അപകടം നടന്നതും ഒരു കുട്ടി മരിക്കാനിടയായതും. കഴിഞ്ഞ ദിവസം പീരുമേട്ടിൽ നടന്ന അപകടത്തിൽ ആളപായമുണ്ടായതും സമാനസാഹചര്യത്തിലാണ്. അറ്റകുറ്റപ്പണി യഥാസമയം പൂർത്തീകരിക്കുന്നുണ്ടെന്നും സ്പെയർ പാർട്സുകൾ ആവശ്യാനുസരണം ലഭിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണമെന്നും എം.പി ആവശ്യപ്പെട്ടു.