തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിൽ 3.4 കോടി രൂപയുടെ വാർഷിക പദ്ധതികൾക്ക് രൂപം നൽകി
text_fieldsതൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ
പ്രസിഡന്റ് മുഹമ്മദ് അൻഷാദ് ഉദ്ഘാടനം ചെയ്യുന്നു
തൊടുപുഴ: 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കാനുദ്ദേശിക്കുന്ന 3.4 കോടി രൂപയുടെ പദ്ധതികൾക്ക് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന വികസന സെമിനാർ രൂപം നൽകി. പൊതുവിഭാഗം 2.35 കോടി രൂപ, പട്ടികജാതി വിഭാഗം 55 ലക്ഷം, പട്ടികവർഗ വിഭാഗം ആറ് ലക്ഷം, മെയിന്റനൻസ് ഗ്രാൻഡ് ഇനത്തിൽ 28 ലക്ഷം എന്നിങ്ങനെ ഫണ്ട് വകയിരുത്തി.
വനിത ശിശു വയോജന ക്ഷേമ പദ്ധതികൾക്കായി 50 ലക്ഷം രൂപ നീക്കിവെച്ചു. പി.എം.എ.വൈ ലൈഫ് ഭവന പദ്ധതിക്ക് 84 ലക്ഷം രൂപയും, മുട്ടം പുറപ്പുഴ സി.എച്ച്.സിയുടെ വികസനത്തിന് 30 ലക്ഷം രൂപയും ഭിന്നശേഷി സ്കോളർഷിപ്പിന് 16 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ഉൽപാദന മേഖലയിൽ 56 ലക്ഷം രൂപയും, സേവനമേഖലയിൽ 1.65 കോടി രൂപയും പശ്ചാത്തല മേഖലയിൽ 54 ലക്ഷം രൂപയും ചെലവഴിക്കുന്നതിനുള്ള പ്രോജക്ടുകളാണ് തയ്യാറാക്കിയത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റിസി ജോബിന്റെ അധ്യക്ഷതയിൽ ചേർന്ന വികസന സെമിനാർ, പ്രസിഡന്റ് മുഹമ്മദ് അൻഷാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം മനോജ് കോക്കാട് പദ്ധതി രേഖ പ്രകാശനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ജോസ്കുട്ടി ജോസഫ്, കെ. കെ. തോമസ്, ഷൈനി ഷാജി എന്നിവർ വ്യത്യസ്ത മേഖലകളിലെ ഫണ്ടുകളുടെ വിനിയോഗം വിശദീകരിച്ചു. ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അമീർ, മണക്കാട് പഞ്ചായത്ത് പ്രസിഡണ്ട് വത്സ ജോൺ, മുട്ടം പഞ്ചായത്ത് പ്രസിഡന്റ് ടെസി സതീഷ്, പുറപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ബബിത രവി കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി ജോമോൻ എന്നിവർ സംയുക്ത പ്രോജക്ടുകൾ നിർദേശിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ ഗ്രാമ പഞ്ചായത്തുകളിലെ സ്ഥിരം സമിതി അധ്യക്ഷന്മാർ, ബ്ലോക് പഞ്ചായത്ത് സെക്രട്ടറി ബിന്ദു സി.എൻ, അസിസ്റ്റന്റ് സെക്രട്ടറി സിയാദ് ടി.ഇ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.എസ് ശശീന്ദ്രൻ, മറ്റ് നിർവഹണ ഉദ്യോഗസ്ഥർ, വർക്കിങ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ ചേർന്ന് ചർച്ച ചെയ്താണ് വികസന സെമിനാറിൽ പദ്ധതികൾക്ക് അന്തിമരൂപം നൽകിയത്.


