അശ്രദ്ധയും അമിതവേഗവും വേണ്ട; കുരുതികളമായി റോഡുകൾ
text_fieldsതൊടുപുഴ: അശ്രദ്ധയും അമിത വേഗവും കൂടുമ്പോൾ നിരത്തുകളില് പൊലിയുന്ന ജീവനുകളുടെ എണ്ണം വർധിക്കുന്നു. ജില്ലയിലെ വാഹനാപകടങ്ങളിൽ ഇരുചക്ര വാഹനങ്ങളാണ് മുന്നിൽ. 2025 ജൂലൈ വരെ ജില്ലയിൽ 643 വാഹനാപകടങ്ങൾ ഉണ്ടായതിൽ ഇരുചക്ര വാഹനങ്ങളുടെ എണ്ണം 162 ആണ്. ഈ അപകടങ്ങളിൽ 163 പേർക്ക് പരിക്കേറ്റപ്പോൾ 24 ജീവനാണ് റോഡിൽ പൊലിഞ്ഞത്.
മുൻ വർഷങ്ങളെ അപേക്ഷിച്ച് അപകടങ്ങളിൽ വലിയ വർധനയാണ് ഉണ്ടായിട്ടുള്ളത്. അമിതവേഗം, അശ്രദ്ധമായ ഡ്രൈവിങ് എന്നിവയാണ് മിക്ക അപകടങ്ങളുടെയും പ്രധാന കാരണം. റോഡിന്റെ ശോച്യാവസ്ഥയും അപകടത്തിനിടയാക്കുന്നുണ്ട്. ശരിയായ രീതിയിൽ ഹെൽമറ്റ് ധരിക്കാത്തതുമൂലം തലക്കേറ്റ ക്ഷതമാണ് മരണത്തിലേക്ക് നയിക്കുന്നത്.
മത്സരയോട്ടം പതിവ് കാഴ്ച
വാഹന പരിശോധന മുറപോലെ നടക്കുമ്പോഴും ഇരുചക്ര വാഹനങ്ങളുടെ നിയമ ലംഘനങ്ങളിൽ കുറവൊന്നുമില്ല. മത്സരയോട്ടം റോഡുകളിലെ പതിവ് കാഴ്ചയാണ്. കൗമാരക്കാരിലെ വാഹനോപയോഗം നഗരത്തിൽ കൂടിവരുകയാണ്. നിയമം ലംഘിച്ച് പായുന്ന ഇക്കൂട്ടർ ക്ഷണിച്ചുവരുത്തുന്ന അപകടങ്ങളും ചെറുതല്ല. നഗരത്തിലൂടെ പോലും ഇരുചക്ര വാഹനങ്ങളിലും മറ്റും അമിത വേഗത്തിൽ പായുന്ന വിദ്യാർഥികളടക്കമുള്ളവർ കാൽനടക്കാർക്കും മറ്റു വാഹന യാത്രക്കാർക്കും പേടിസ്വപ്നമായി മാറിയിട്ടുണ്ട്.
ആഡംബര ബൈക്കുകൾ ഓടിക്കുന്ന യുവാക്കൾ ബൈക്കിന്റെ സ്റ്റാൻഡ് റോഡിൽ ഉരപ്പിച്ച് തീപ്പൊരി പാറിച്ചാണ് പായുന്നത്. അപകടങ്ങളിൽപെടുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് ലൈസൻസോ വാഹനങ്ങൾക്ക് ഇൻഷുറൻസോ മറ്റ് രേഖകളോയില്ല. മിക്കപ്പോഴും മരണമടയുന്നവരുടെ കുടുംബത്തിന് ഇൻഷുറൻസ് പരിരക്ഷപോലും ലഭിക്കില്ല.
ഇരുചക്ര വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിക്കാനുള്ള സംവിധാനങ്ങളില്ലാത്തതും മദ്യപിച്ച് വാഹനം ഒടിക്കുന്നവർക്ക് കാര്യമായ ശിക്ഷ ലഭിക്കാത്തതുമാണ് അപകടങ്ങൾ വർധിക്കാൻ കാരണമെന്ന് ബന്ധപ്പെട്ടവർ പറയുന്നു. മെച്ചപ്പെട്ട റോഡ് സൗകര്യം മുതലെടുത്ത് പായുന്ന വാഹനങ്ങൾ മറ്റു വാഹനയാത്രക്കാർക്കും കാൽനടക്കാർക്കും ഭീഷണി സൃഷ്ടിക്കുന്നുണ്ട്. വാഹനങ്ങളുടെ അമിത വേഗത്തിന് തടയിടാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.