ജന്തുജന്യരോഗങ്ങൾക്ക് ബോധവത്കരണം
text_fieldsതൊടുപുഴ: ജില്ലയിൽ ജന്തുജന്യ രോഗങ്ങൾക്കെതിരെ ബോധവത്കരണവുമായി ആരോഗ്യ വകുപ്പ് രംഗത്ത്. ജില്ല മെഡിക്കല്‍ ഓഫിസും ദേശീയ ആരോഗ്യ ദൗത്യവും ചേർന്ന് സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെ സഹകരണത്തോടെയാണ് ബോധവത്കരണം.
സമീപകാലത്തായി റിപ്പോർട്ട് ചെയ്ത പകർച്ചവ്യാധികളിലേറെയും ജന്തുജന്യ രോഗങ്ങളായിരുന്നു. പൊതുജനങ്ങള്‍, വിവിധ വകുപ്പുകള്‍, സംഘടനകള്‍ എന്നിവര്‍ക്ക് അവബോധം നല്‍കാനും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇവരുടെ പങ്കാളിത്തം ഉറപ്പുവരുത്താനുമാണ് ലക്ഷ്യമിടുന്നത്.
എലിപ്പനി മുതൽ പേവിഷബാധ വരെ
ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന ജന്തുജന്യ രോഗങ്ങളിൽ മുന്നിൽ എലിപ്പനിയാണ്. കാർഷിക ഗ്രാമീണ മേഖലകൾ കൂടുതലുളള ജില്ലയായതിനാൽ ഇത് എല്ലാ വർഷവും വർധിക്കുന്നുണ്ട്.
ഇതിന് പുറമെയാണ് നായ്ക്കൾ ഉയർത്തുന്ന ഭീഷണി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ദിവസേനയെന്നോണം ചെറുതും വലുതുമായ നായ് ആക്രമണം റിപ്പോർട്ട് ചെയ്യുന്നുണ്ട്. സ്ക്രബ് ടൈഫസ്, കുരങ്ങ് പനി, നിപ, ജപ്പാന് ജ്വരം, വെസ്റ്റ് നൈല്‍ ഫീവര്‍, പക്ഷിപ്പനി എന്നിവയാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ജന്തുജന്യ രോഗങ്ങള്‍.
ജാഗ്രത നിർദേശം നൽകി ആരോഗ്യ വകുപ്പ്
മനുഷ്യനും മൃഗങ്ങളും ഇടപഴകുമ്പോള്‍ ജീവികളില്‍നിന്നും വൈറസ്, ബാക്ടീരിയ, പരാദങ്ങള്‍ തുടങ്ങിയ രോഗാണുക്കള്‍ മനുഷ്യരിലെത്തിയാണ് ഇത്തരം രോഗങ്ങള്‍ ഉണ്ടാകുന്നത്. മൃഗങ്ങളുമായി നേരിട്ടും അല്ലാതെയുമുള്ള സമ്പര്‍ക്കം, അവയുടെ ശരീരസ്രവങ്ങളുമായുള്ള സമ്പര്‍ക്കം, മൃഗങ്ങളുടെ വാസസ്ഥലം, തൊഴുത്ത്, ഫാമുകള്‍ എന്നിവിടങ്ങളിലുള്ള ഇടപെടലുകള്‍, വളര്‍ത്തുമൃഗങ്ങളുടെ പരിപാലനം ഇവയിലെല്ലാം ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നാണ് വകുപ്പ് നിർദേശം.
ആരോഗ്യം, മൃഗസംരക്ഷണം, വനം, പരിസ്ഥിതി, കൃഷി, വിദ്യാഭ്യാസം, വാര്‍ത്താ വിനിമയം എന്നീ വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പ്രതിരോധനടപടി കാര്യക്ഷമമാക്കാനാണ് തീരുമാനം.