ചൊക്രമുടി കൈയേറ്റം; തിരക്കഥയിൽ തനിയാവർത്തനം
text_fieldsതൊടുപുഴ: ഇടുക്കി ചൊക്രമുടിയിലെ ഭൂമി കൈയേറ്റത്തെക്കുറിച്ച് ഉത്തരമേഖല ഐ.ജി കെ. സേതുരാമന്റെ നേതൃത്വത്തിലുള്ള സംഘം നൽകിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നത് കാലങ്ങളായി ഇടുക്കിയിൽ നടക്കുന്ന ഭൂമി കൈയേറ്റത്തിനു പിന്നിലെ തിരക്കഥക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്നാണ്.
രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഭൂമാഫിയയും ചേർന്ന അവിശുദ്ധ കൂട്ടുകെട്ടിന്റെ പിന്നാമ്പുറങ്ങൾ സസൂക്ഷ്മം പരിശോധിച്ചാൽ ഇനിയും പല കഥകളും പുറത്തുവരുമെന്ന വ്യക്തമായ സന്ദേശം കൂടി നൽകുന്നുണ്ട് ഉത്തരമേഖല ഐ.ജിയുടെ റിപ്പോർട്ട്. സർക്കാർഭൂമി കൈയേറിയതിന് ഒത്താശ ചെയ്തുകൊടുത്തത് റവന്യു ഉദ്യോഗസ്ഥരാണ് എന്ന് റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ട്. സി.പി.എമ്മിന്റെ നേതാവും ബൈസൺവാലി പഞ്ചായത്തിന്റെ മുൻ പ്രസിഡന്റുമായിരുന്ന എം.ആർ. രാമകൃഷ്ണനിൽ നിന്നാണ് താൻ സ്ഥലം വാങ്ങിയതെന്ന് ഭൂമി ഇടപാടുകാരനായ സിബി ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ, പിന്നീട് സി.പി.എം വിട്ട് സി.പി.ഐയിലേക്ക് ചേക്കേറിയ രാമകൃഷ്ണൻ വെറും അനുഭാവിയായിരുന്നുവെന്നും ഇപ്പോൾ പാർട്ടിയുമായി യാതൊരു ബന്ധവും ഇല്ലെന്നുമാണ് സി.പി.ഐ നേതൃത്വം വിശദീകരിക്കുന്നത്.
അതേസമയം, ബൈസൺവലി വില്ലേജിലെ 14.69 ഏക്കർ ഭൂമിയുടെ അതിർത്തി നിർണയിച്ച് നൽകണമെന്നാവശ്യപ്പെട്ട് ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭൂമിയിടപാടുകാരൻ റവന്യു മന്ത്രിക്ക് നൽകിയ പരാതി 2023 ജൂൺ ഒമ്പതിന് കലക്ടറേറ്റിലേക്ക് കൈമാറുകയും പ്രത്യേക പരിഗണന നൽകണമെന്നാവശ്യപ്പെട്ട് ഡെപ്യൂട്ടി കലക്ടർ ഫയൽ ഉടുമ്പഞ്ചോല തഹസിൽദാർക്ക് കൈമാറുകയുമായിരുന്നു. തഹസിൽദാർ എൻ.ഒ.സി അനുവദിച്ചതടക്കം പിന്നീടുണ്ടായ നടപടികളിൽ കൃത്യവിലോപമുണ്ടായെന്നാണ് ഐ.ജിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
താലൂക്ക് സർവേയർ സ്ഥലം സന്ദർശിച്ച് സ്കെച്ച് തയാറാക്കുകയും ചെന്നൈ സ്വദേശിയിൽ നിന്ന് അടിമാലി സ്വദേശി ഭൂമി വാങ്ങി റോഡടക്കമുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്തുകയുമായിരുന്നു. കൈയേറ്റങ്ങൾക്ക് സഹായം ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ ഭൂസംരക്ഷണ നിയമപ്രകാരം നടപടി എടുക്കണമെന്നാണ് ഐ.ജിയുടെ റിപ്പോർട്ട് നിർദേശിച്ചിരിക്കുന്നത്. പരിസ്ഥിതിക്ക് വൻ നാശനഷ്ടമാണ് ചൊക്രമുടിയിൽ ഉണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.
ചൊക്രമുടി ഭൂമി കൈയേറ്റം പൊതുജന ശ്രദ്ധയിലെത്തിച്ചത് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ സന്ദർശനത്തോടെയാണ്. സി.പി.എം, സി.പി.ഐ നേതാക്കളെയും റവന്യു മന്ത്രിയെയും പ്രതികൂട്ടിൽ നിർത്തിയായിരുന്നു ചെന്നിത്തലയുടെ ആക്രമണം.
ഇത് നിഷേധിച്ച് രംഗത്തുവന്ന സി.പി.ഐയും സി.പി.എമ്മും കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്ന എവിടെയും തൊടാത്ത പ്രസ്താവന നടത്തി കൈകഴുകുകയാണ്. എന്നാൽ, കഴിഞ്ഞദിവസം സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ.കെ. അഷ്റഫിന്റെ നേതൃത്വത്തിൽ ചൊക്രമുടി സന്ദർശിച്ച സി.പി.ഐ നേതാക്കൾ ഭൂമി തിരിച്ചുപിടിക്കണമെന്നും കോൺഗ്രസുകാരും ഇവിടെ സ്ഥലം കൈയേറിയിട്ടുണ്ടെന്നും അതും തിരിച്ചുപിടിക്കണമെന്നും ആവശ്യപ്പെട്ടു. കാലങ്ങളായി ഇടുക്കിയിൽ നടക്കുന്ന ഭൂമി കൈയേറ്റങ്ങളിൽ ഒരറ്റത്ത് വിവിധ രാഷ്ട്രീയ പാർട്ടികളുടെ ‘കൂട്ടുമുന്നണി’ സജീവമായിരുന്നു.
ഇത് ഒന്നുകൂടി ഉറപ്പിക്കുന്നതാണ് ചൊക്രമുടിയിലെ കൈയേറ്റവും അതേക്കുറിച്ച് ഉത്തരമേഖല ഐ.ജി കെ. സേതുരാമന്റെ റിപ്പോർട്ടും.


