ചൊക്രമുടിയിൽ ഒറ്റപ്പെട്ട് സി.പി.ഐ
text_fieldsതൊടുപുഴ: ചൊക്രമുടി ഭൂമി കൈയേറ്റം വിവാദങ്ങളിൽ നിറയുമ്പോൾ വെട്ടിലായത് റവന്യൂ വകുപ്പ് ഭരിക്കുന്ന സി.പി.ഐ തന്നെയാണ്. ജില്ലയിലെ പാർട്ടിക്കുള്ളിൽ അടക്കിപ്പിടിച്ചിരുന്ന പൊട്ടലും ചീറ്റലും കഴിഞ്ഞ ദിവസം മറനീക്കി പുറത്തുവന്നതിനു പിന്നാലെ റവന്യൂ മന്ത്രിയെയും ഉദ്യോഗസ്ഥരെയും രൂക്ഷമായി വിമർശിച്ച് സി.പി.എമ്മിന്റെ ദേവികുളം എം.എൽ.എ രാജയും രംഗത്തുവന്നത് സി.പി.ഐക്ക് തിരിച്ചടിയായി.
സി.പി.ഐ ജില്ല സെക്രട്ടറി സലിംകുമാറിന്റെ പ്രവർത്തനങ്ങളിൽ സംശയം പ്രകടിപ്പിച്ച് ജില്ല കൗൺസിൽ അംഗം വിനു സ്കറിയ കഴിഞ്ഞ ദിവസം പാർട്ടി സെക്രട്ടറി ബിനോയ് വിശ്വത്തിന് നേരിട്ട് പരാതി നൽകിയിരുന്നു. തൊട്ടുപിന്നാലെയാണ് ഭരകക്ഷിയിലെ എം.എൽ.എതന്നെ റവന്യൂ വകുപ്പിനും ഉദ്യോഗസ്ഥർക്കുമെതിരെ വിമർശനവുമായി രംഗത്തുവന്നത്.ചൊക്രമുടി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ബൈസൺവാലി വില്ലേജ് ഓഫിസ് ഉപരോധം ഉദ്ഘാടനം ചെയ്ത എ. രാജ എം.എൽ.എ അതിരൂക്ഷമായാണ് റവന്യൂ വകുപ്പിനെ ആക്രമിച്ചത്. ഇടുക്കിയിലെ എട്ട് വില്ലേജുകളിൽ ലൈഫ് പദ്ധതിയിൽപോലും വീട് നിർമിക്കാൻ അനുമതി നൽകാത്ത റവന്യൂ വകുപ്പ് റെഡ് സോണിൽ ഉൾപ്പെടുന്ന ചൊക്രമുടിയിൽ ഒരേദിവസം രണ്ട് എൻ.ഒ.സി നൽകിയതിൽ ദുരൂഹതയുണ്ടെന്നാണ് രാജ ആരോപിച്ചത്. നിയമപരമായ അവകാശങ്ങൾക്കായി സാധാരണക്കാർ നെട്ടോട്ടമോടുമ്പോൾ ഉദ്യോഗസ്ഥർ നിയമ ലംഘനത്തിന് കൂട്ടുനിന്നു. സ്ഥലം അളന്ന് തിരിക്കണമെന്നാവശ്യപ്പെട്ട് കൈവശക്കാരനായ ചെന്നൈ സ്വദേശി മൈജോ നൽകിയ കത്തിൽ റവന്യൂ മന്ത്രി ഇടപെട്ടെന്നും തുടർ നടപടികൾ വേഗത്തിലാക്കിയെന്നും എ. രാജ കുറ്റപ്പെടുത്തുന്നു.
കഴിഞ്ഞ ദിവസം ചൊക്രമുടി സന്ദർശിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും റവന്യൂ മന്ത്രിയെയും ജില്ലയിലെ സി.പി.ഐ, സി.പി.എം നേതൃത്വത്തെയും പ്രതിക്കൂട്ടിൽ നിർത്തിയാണ് പ്രതികരിച്ചത്. ഇരു പാർട്ടികളും ഇടുക്കിയിൽ മത്സരിച്ച് ഭൂമി കൈയേറുന്നു എന്നായിരുന്നു സതീശന്റെ പ്രതികരണം.
അതിനിടയിൽ ജില്ലയിലെ ഭൂമി കൈയേറ്റത്തിനു പിന്നിൽ യു.ഡി.എഫുകാരും കോൺഗ്രസുമാണെന്ന പ്രസ്താവനയുമായി സി.പി.ഐ ജില്ല കൗൺസിൽ രംഗത്തുവന്നിട്ടുണ്ട്. സി.പി.ഐയെ ഭൂമി കൈയേറ്റക്കാരായി ചിത്രീകരിക്കാനുള്ള പ്രതിപക്ഷ നേതാവിന്റെ നീക്കം ഭൂമാഫിയകളെ സംരക്ഷിക്കാനാണെന്ന് ജില്ല കൗൺസിൽ പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നു.
ജില്ല കൗൺസിൽ അംഗം വിനു സ്കറിയ ജില്ല സെക്രട്ടറിക്കും സംസ്ഥാന കൗൺസിൽ അംഗത്തിനും മണ്ഡലം സെക്രട്ടറിക്കും എതിരെ പരാതി നൽകിയെന്ന് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത ഗൂഢലക്ഷ്യത്തിന്റെ ഭാഗമാണെന്നും കമ്യൂണിസ്റ്റ് സംഘടന രീതിയനുസരിച്ച് പാർട്ടി നേതൃത്വത്തിന് ഏതൊരാൾക്കും പരാതി നൽകാമെന്നും ന്യായീകരിക്കാനാണ് പ്രസ്താവനയിൽ ശ്രമിക്കുന്നത്.
വിനു സ്കറിയയുടെ പരാതിയും എ. രാജയുടെ കടന്നാക്രമണവും പ്രതിപക്ഷ നേതാവിന്റെ പ്രതികരണവും റവന്യൂ മന്ത്രിയെയും സി.പി.ഐ ജില്ല നേതൃത്വത്തെയും വെട്ടിലാക്കിയിരിക്കെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്തു നടപടി സ്വീകരിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് ഇടുക്കിക്കാർ. വരുംദിനങ്ങളിൽ ചൊക്രമുടി ഇടുക്കിയുടെ മാത്രമല്ല, സംസ്ഥാന രാഷ്ട്രീയത്തിൽ വരെ കോളിളക്കം സൃഷ്ടിച്ചേക്കാനും സാധ്യതയുണ്ട്.
വിവാദം ഭൂമാഫിയയെ സംരക്ഷിക്കാൻ -സി.പി.ഐ
തൊടുപുഴ: ചൊക്രമുടി വിവാദങ്ങൾ ഭൂമാഫിയയെ സംരക്ഷിക്കാനെന്ന് സി.പി.ഐ. ചൊക്രമുടിയിലെ ഭൂമി കൈയേറ്റവും അനധികൃത നിർമാണങ്ങളും അവസാനിപ്പിക്കാൻ റവന്യൂ വകുപ്പും സർക്കാറും നടപടികൾ സ്വീകരിച്ചു വരുകയാണ്. ജില്ലയിലെ മുഴുവൻ കൈയേറ്റവും ഒഴിപ്പിക്കണമെന്ന നിലപാടാണ് ജില്ല കൗൺസിലിനുള്ളത്. സി.പി.ഐയെ കൈയേറ്റക്കാരും കൈയേറ്റക്കാരെ സഹായിക്കുന്നവരുമായി ചിത്രീകരിക്കാൻ പ്രതിപക്ഷ നേതാവ് നടത്തുന്ന ശ്രമങ്ങൾ രാഷ്ട്രീയനേട്ടം ലക്ഷ്യംവെച്ചുള്ളതും ഭൂമാഫിയയെ സംരക്ഷിക്കാനുമാണ്. അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് വി.ഡി സതീശൻ മറുപടി നൽകേണ്ടി വരുമെന്നും ജില്ല കൗൺസിൽ വാർത്തക്കുറിപ്പിൽ പറഞ്ഞു.


