സായാഹ്ന ഒ.പി; ഉത്തരവ് അങ്ങനെ, നടപ്പുരീതി ഇങ്ങനെ
text_fieldsതൊടുപുഴ: 2017 ആഗസ്റ്റ് അഞ്ചിനാണ് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ ചിലതൊക്കെ കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയർത്തി സർക്കാർ ഉത്തരവ് ഇറക്കുന്നത്. തുടർന്ന് പലഘട്ടങ്ങളായി ഏകദേശം മുഴുവൻ പി.എച്ച്.സികളും കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റി. മെച്ചപ്പെട്ട സേവനമെന്ന ലക്ഷ്യമിട്ടായിരുന്നു നടപടി. പി.എച്ച്.സികളിലെ ഒ.പി സമയം ഉച്ചക്ക് ഒന്നിന് അവസാനിച്ചിരുന്നത് കുടുംബാരോഗ്യ കേന്ദ്രമാകുന്നതോടെ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നരവരെയും രണ്ടു മുതൽ വൈകീട്ട് ആറുവരെയുമാക്കി ഉയർത്തി ഉത്തരവ് ഇറക്കി.
ആദ്യഘട്ടത്തിൽ ഇതിനായി ഒരു ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷൻ തസ്തികകൾ സൃഷ്ടിച്ചു. രണ്ട് ഡോക്ടർമാരെക്കൊണ്ട് സായാഹ്ന ഒ.പി പറ്റില്ലെന്ന് ഡോക്ടർമാരുടെ സംഘടന നിലപാടെടുത്തു. ഇതോടെ ഒരു ഡോക്ടറെ പഞ്ചായത്തുകൾക്ക് നിയമിക്കാമെന്ന ഉത്തരവ് സർക്കാർ കൊണ്ടുവന്നു. പഞ്ചായത്തുകൾ ഇത്തരം നിയമനം നടത്തിയിട്ടും വർഷം എട്ടുകഴിഞ്ഞിട്ടും പല ആശുപത്രികളിലും ആറുവരെ സായാഹ്ന ഒ.പി മാത്രം തുടങ്ങിയില്ല. ചിലയിടങ്ങളിൽ ജീവനക്കാരുടെ ഇഷ്ടാനുസരണം നാലുവരെ ഒ.പി ആരംഭിച്ചു. മറ്റിടങ്ങളിൽ പഞ്ചായത്തുകൾ ജീവനക്കാരെ നിയമിക്കാത്തതിനാൽ സായാഹ്ന ഒ.പി തുടങ്ങിയിട്ടുമില്ല.
പഞ്ചായത്തുകൾ പുരസ്കാരങ്ങൾക്ക് പിന്നാലെ
അർദ്ര കേരളം, കായകൽപം (ആശുപത്രികളുടെ ശുചിത്വം, ഇൻഫക്ഷൻ കൺട്രോൾ എന്നിവ പരിഗണിച്ച് നൽകുന്നത്) എൻ.ക്യു.എ.എസ് (നാഷനൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്) തുടങ്ങി പുരസ്കാരങ്ങൾ നേടാനായി പഞ്ചായത്തുകൾ വലിയ തുകകൾ മുടക്കുന്നുണ്ട്. എന്നാൽ, ഇത് രോഗികൾക്ക് പ്രയോജനപ്പെടുന്നോ എന്ന് വിലയിരുത്തുന്നു പോലുമില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്. ആർദ്ര കേരളം പുരസ്കാരം കിട്ടാനുള്ള മാനദണ്ഡം പഞ്ചായത്തുകൾ ഒരു വർഷം ആരോഗ്യമേഖലയിൽ മാറ്റിവെക്കുന്ന തുകയുടെ വലുപ്പമാണ്. മിക്ക ആശുപത്രികാളിലെയും ഭൗതിക സാഹചര്യം മെച്ചപ്പെട്ടു. എന്നാൽ, രോഗികൾക്ക് ഉച്ചകഴിഞ്ഞ് ഡോക്ടറുടെ സേവനം എന്നത് ഇപ്പോഴും ലഭ്യമായിട്ടില്ല.
സായാഹ്ന ഒ.പി ആരംഭിച്ചു
അടുത്ത നാളിൽ കരിമണ്ണൂർ, അറക്കുളം, കുമാരമംഗലം, കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ വൈകീട്ട് ആറുവരെ സായാഹ്ന ഒ.പി ആരംഭിച്ചു. ജീവനക്കാർ ഉണ്ടായിട്ടും വണ്ണപ്പുറം, കോടിക്കുളം, ഇളംദേശം, മുട്ടം, പുറപ്പുഴ, കാഞ്ചിയാർ, ഉപ്പുതറ, തട്ടക്കുഴ തുടങ്ങി പലയിടങ്ങളിലും ആറുവരെ ഒ.പി ആരംഭിച്ചിട്ടില്ല. കാമാക്ഷിയിൽ സായാഹ്ന ഒ.പി ആഴ്ചയിൽ ചിലദിവസം മാത്രം.