സഹകരണ പെൻഷൻകാർ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്
text_fieldsതൊടുപുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ കോഓപറേറ്റിവ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ സഹകരണ പെൻഷൻകാർ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്.
സഹകരണ പെൻഷൻകാർക്ക് ലഭിക്കുന്ന ക്ഷാമാശ്വാസം 10 ആയി പുനഃസ്ഥാപിക്കുക, പെൻഷൻ പരിഷ്കരണം നടപ്പാക്കുക, 15 ഇടക്കാലാശ്വാസം അനുവദിക്കുക, മെഡിസെപ്പ് മാതൃകയിൽ ഇൻഷ്വറൻസ് നടപ്പാക്കുക, ചുരുങ്ങിയ പെൻഷനും പരമാവധി പെൻഷനും വർധിപ്പിക്കുക, മെഡിക്കൽ അലവൻസ് വർധിപ്പിക്കുക, പെൻഷൻ ബോർഡിലേക്ക് സംഘങ്ങളുടെ വിഹിതം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം. ഇതിന്റെ ഭാഗമായി ഫെബ്രുവരി നാലുവരെ സമരപ്രചരണ വാഹന ജാഥകൾ നടത്തും. തെക്കൻമേഖല സമര പ്രചാരണ ജാഥ ശനിയാഴ്ച രാവിലെ തൊടുപുഴയിലെത്തും.
മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന സ്വീകരണസമ്മേളനം നഗരസഭ വൈസ് ചെയർമാൻ കെ. ദീപക് ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ് കെ.എം. ജോസ് അധ്യക്ഷതവഹിക്കും. ജാഥ അടിമാലി, നെടുങ്കണ്ടം, കട്ടപ്പന എന്നിവിടങ്ങളിൽ പര്യടനം നടത്തി വണ്ടിപ്പെരിയാറിൽ സമാപിക്കും. സമരത്തിന്റെ തുടർച്ചയായി ഫെബ്രുവരി ഒമ്പത് മുതൽ 17 വരെ സെക്രട്ടേറിയറ്റ് നടയിൽ റിലേ സത്യഗ്രഹവും 23 മുതൽ അനിശ്ചിതകാല നിരാഹാര സത്യഗ്രഹവും ആരംഭിക്കും. സംഘടന ഉന്നയിച്ച ആവശ്യങ്ങളിൽ തീരുമാനം ഉണ്ടാകുന്നതുവരെ സമരം തുടരുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ജില്ല വൈസ് പ്രസിഡന്റ് പി.ജെ. ജെയിംസ്, സംസ്ഥാന കമ്മിറ്റിയംഗം കെ.കെ. ജോസഫ്, താലൂക്ക് പ്രസിഡന്റ് കെ.എം. ജോസ്, സെക്രട്ടറി എൻ.കെ. ജനാർദനൻ തുടങ്ങിയവർ പങ്കെടുത്തു.


