വേനൽ ചൂടിൽ വീണത് 44.05 കോടിയുടെ വിളകള്‍
text_fieldsകട്ടപ്പന മേഖലയിൽ കരിഞ്ഞുണങ്ങി നിൽക്കുന്ന ഏലച്ചെടികൾ
തൊടുപുഴ: കനത്ത ചൂടിനെ തുടര്‍ന്നുണ്ടായ വരള്‍ച്ചയില്‍ ജില്ലയില്‍ വ്യാപക കൃഷിനാശം. ആകെ 44.05 കോടി രൂപയുടെ നാശനഷ്ടമാണ് കൃഷി വകുപ്പ് കണക്കാക്കുന്നത്. ഫെബ്രുവരി ഒന്നുമുതല്‍ വെള്ളി വരെയുള്ള കണക്കാണിത്. 2244.44 ഹെക്ടറിലായി 13,398 കര്‍ഷകരുടെ കൃഷിയാണ് നശിച്ചത്. നെടുങ്കണ്ടം ബ്ലോക്കിലാണ് കൂടുതല്‍. 822.14 ഹെക്റിലെ കൃഷി നശിച്ചു. 3884 കര്‍ഷകരെയാണ് ബാധിച്ചത്. 13.40 കോടി രൂപയുടെ നഷ്ടം.
അടിമാലി ബ്ലോക്കാണ് രണ്ടാമത്. 340.21 ഹെക്റില് 3254 പേരുടെ കൃഷി നശിച്ചു. 4.60 കോടിയാണ് നഷ്ടം. പീരുമേട്ടില്‍ 316.52 ഹെക്ടറിലും കട്ടപ്പന ബ്ലോക്കില്‍ 300.14 ഹെക്റിലും നാശമുണ്ടായി. യഥാക്രമം 11.41, 4.80 കോടി രൂപയുടെ നാശനഷ്ടമുണ്ടായി. തൊടുപുഴ, ഇളംദേശം ബ്ലോക്കുകളിലാണ് ഏറ്റവും കുറവ്. തൊടുപുഴയില്‍ 4.31 ഹെക്ടറിലും ഇളംദേശത്ത് 20.41 ഹെക്ടറിലുമാണ് കൃഷിനാശം. യഥാക്രമം 2.9, 4.5 കോടി രൂപയുടെ നാശനഷ്ടം. ദേവികുളത്ത് 232.64 ഹെക്ടറും ഇടുക്കിയില്‍ 208.07 ഹെക്ടറും കൃഷി നശിച്ചു.
കുരുമുളകും ഏലവും കരിഞ്ഞുണങ്ങി
കൃഷി നാശം സംഭവിക്കുമ്പോഴും ഇതിന്റെ നഷ്ടപരിഹാരം ലഭിക്കാന്‍ വരുന്ന കാലതാമസം ഇവരെ ദുരിതത്തിലാക്കുന്നുണ്ട്
വിളകളില്‍ കുരുമുളക്, ഏലം, ജാതി, വാഴക്കുല എന്നിവയാണ് കൂടുതല്‍ നശിച്ചത്. ഏലം മാത്രം 1738.94 ഹെക്ടര്‍ നഷ്ടമായി. 6432 കര്‍ഷകരുടേതാണിത്. 12.17 കോടിരൂപയുടെ നാശനഷ്ടം. 2,13,496 കായ്ച്ച കുരുമുളക് ചെടികള്‍ നഷ്ടമായി. 250.50 ഹെക്ടറില്‍ 3072 കര്‍ഷകരുടേതാണിത്. 16.01 കോടിയാണ് നഷ്ടം. 31.80 ഹെക്ടറിലെ 42,032 കായ്ക്കാത്ത കുരുമുളക് ചെടികളും നഷ്ടമായിട്ടുണ്ട്. 383 കര്‍ഷകര്‍ക്കായി നഷ്ടം 2.10 കോടിരൂപ. 56.75 ഹെക്ടറിലെ 1,03,112 കുലച്ച വാഴകള്‍ നശിച്ചു. 906 കര്‍ഷകര്‍ക്കായി 6.18 കോടിരൂപയാണ് നഷ്ടം.
കുലയ്ക്കാത്ത വാഴകള്‍ 52,105 എണ്ണം നഷ്ടമായി. 29.44 ഹെക്ടറില്‍ 490 കര്‍ഷകര്‍ക്കായി 2.08 കോടിരൂപയാണ് നഷ്ടം. കായ്ക്കുന്ന 7363 ജാതിമരം വേനലെടുത്തു. 31.73 ഹെക്ടറില്‍ 657 കര്‍ഷകര്‍ക്കായി നഷ്ടം 2.57 കോടിരൂപ. കായ്ക്കാത്ത ജാതി 2145 എണ്ണവും നശിച്ചു. 28.09 ഹെക്ടറിലെ 36,195 കാപ്പി മരം നഷ്ടമായി. 336 കര്‍ഷകര്‍ ബാധിക്കപ്പെട്ടു.14.4 കോടിയാണ് നഷ്ടം. റബര്‍ (ടാപ്പ് ചെയ്യുന്നതും അല്ലാത്തതും,1088), കശുമാവ് (കായ്ച്ചതും അല്ലാത്തതും, 884), കവുങ്ങ് (കായ്ച്ചതും അല്ലാത്തതും, 2771), പൈനാപ്പിള്‍ (ഒരു ഹെക്ടര്‍) തുടങ്ങിയവയും ജില്ലയില്‍ വേനല്‍ച്ചൂടില്‍ നഷ്ടമായി. കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ കൃഷി നാശം സംഭവിക്കുമ്പോഴും ഇതിന്റെ നഷ്ടപരിഹാരം ലഭിക്കാന്‍ വരുന്ന കാലതാമസം ഇവരെ ദുരിതത്തിലാക്കുന്നുണ്ട്. പലപ്പോഴും വിള നാശത്തിനുള്ള അപേക്ഷ നല്കി വര്‍ഷങ്ങള്‍ കഴിയുമ്പോഴാണ് തുച്ഛമായ നഷ്ടപരിഹാരം ലഭിക്കുക.