പോളിങ് ഇടിവ്; ആർക്ക് തുണയാകും
text_fieldsപൈനാവ് മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ സ്ട്രോങ് റൂമിലേക്ക് പോളിങ്ങിനു ശേഷം വോട്ടുയന്ത്രങ്ങൾ എത്തിക്കുന്നു
തൊടുപുഴ: പോളിങ് ശതമാനം കുറഞ്ഞാൽ അത് ആർക്ക് ഗുണം ചെയ്യുമെന്ന ചർച്ചയാണ് എങ്ങും. കഴിഞ്ഞ തവണത്തേക്കാൾ മൂന്ന് ശതമാനത്തിനടുത്താണ് ജില്ലയിൽ പോളിങ്ങിൽ കുറവ്. 2020ൽ കോവിഡ് സാഹചര്യത്തിലും ജില്ലയിലെ പോളിങ് 74.68 ശതമാനമായിരുന്നുവെങ്കിൽ ഇത്തവണ എവിടെയാണ് ഇടിവ് സംഭവിച്ചതെന്ന കണക്കുകൂട്ടലിലാണ് മുന്നണികൾ.
എന്നാൽ, തങ്ങളുടെ വോട്ടുകൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് നേതൃത്വങ്ങളുടെ അവകാശവാദം. ബുധനാഴ്ച ബൂത്ത് ഏജന്റുമാരുടെ കൈവശമുള്ള കണക്കുകളിൽ ജയപരാജയ സാധ്യത കണക്കുകൂട്ടുന്ന തിരക്കിലായിരുന്നു സ്ഥാനാർഥി ക്യാമ്പുകളെല്ലാം. അവസാനവട്ടത്തിലുണ്ടായ അടിയൊഴുക്കുകളാണ് എല്ലാവരും ഭയപ്പെടുന്നത്.
തങ്ങളുടെ വോട്ട് കൃത്യമായി ലഭിച്ചിട്ടുണ്ടെന്നും കഴിഞ്ഞ തവണത്തേതിലും മികച്ച വിജയം നേടുമെന്നും എൽ.ഡി.എഫ് പറയുന്നു. അതേസമയം, പോളിങ് കുറഞ്ഞത്തങ്ങളെ ബാധിക്കില്ലെന്നും ഇടതു കോട്ടയിൽനിന്നടക്കം വോട്ട് വീണെന്നുമാണ് യു.ഡി.എഫിന്റെ അവകാശവാദം. മികച്ച മുന്നേറ്റമാണ് ഇത്തവണ ഉണ്ടായതെന്ന് എൻ.ഡി.എ നേതാക്കളും ചൂണ്ടിക്കാട്ടുന്നു. യുവാക്കളുടെ വോട്ടുകളാണ് ജില്ലയിൽ പൊതുവെ കുറഞ്ഞതെന്നാണ് പ്രാഥമിക അനുമാനം. വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ വിദേശത്തേക്ക് പോയതും തോട്ടം മേഖലയിലെ തണുപ്പൻ പ്രതികരണവും പോളിങ് കുറയാൻ കാരണമായതായി ചൂണ്ടിക്കാട്ടുന്നു.
പോളിങ് മന്ദഗതിയിൽ നീങ്ങുന്നത് കണ്ട് ബൂത്ത് ഏജന്റുമാർ നൽകിയ കണക്ക് പ്രകാരം വീടുകളിൽനിന്ന് പലരെയും എത്തിച്ച് വോട്ട് ചെയ്യിക്കേണ്ട സ്ഥിതിയും പലയിടങ്ങളിലും ഉണ്ടായി. അതേസമയം, പുതുതലമുറയുടെയടക്കം വോട്ട് ആർക്കാണ് വീണതെന്ന ചർച്ചയും പുരോഗമിക്കുന്നുണ്ട്.


