ഇടുക്കിയിലെ തോൽവി; കാരണം പരിശോധിക്കാൻ സി.പി.എം
text_fieldsതൊടുപുഴ: ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി ജോയ്സ് ജോർജിനേറ്റ കനത്തതോൽവിയുടെ കാരണം സി.പി.എമ്മും എൽ.ഡി.എഫും പരിശോധിക്കുന്നു. ഇടുക്കി, ദേവികുളം, ഉടുമ്പൻചോല, പീരുമേട് അടക്കം എൽ.ഡി.എഫിന് എം.എൽ.എമാരുള്ള മണ്ഡലങ്ങളിൽപോലും ഡീൻ കുര്യാക്കോസ് വലിയ ഭൂരിപക്ഷം നേടിയത് എൽ.ഡി.എഫ് നേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്.
ഏഴ് മണ്ഡലത്തിൽ അഞ്ചിടത്തും ഭൂരിപക്ഷം നേടി ജോയ്സ് ജോർജിന് വിജയിക്കാനാകുമെന്നായിരുന്നു സി.പി.എമ്മിന്റെയും എൽ.ഡി.എഫിന്റെയും വിലയിരുത്തൽ. എം.എം. മണിയുടെ മണ്ഡലമായ ഉടുമ്പൻചോലയിൽ എൽ.ഡി.എഫിന് കൂടുതൽ ലീഡ് ലഭിക്കുമെന്ന് കരുതിയെങ്കിലും അതും തകിടം മറിഞ്ഞു. ഉടുമ്പൻചോലയിൽ ജോയ്സ് ജോർജ് 51,056 വോട്ട് നേടിയപ്പോൾ ഡീൻ കുര്യാക്കോസ് 63,550 വോട്ടാണ് കരസ്ഥമാക്കിയത്.
12,494 ആണ് മണ്ഡലത്തിൽ ഡീനിന്റെ ഭൂരിപക്ഷം. ഇടുക്കി, ദേവികുളം, പീരുമേട് മണ്ഡലങ്ങളിലും ജോയ്സ് ജോർജ് കൂടുതൽ വോട്ട് നേടുമെന്ന് കരുതിയെങ്കിലും പാഴായി. മന്ത്രി റോഷി അഗസ്റ്റിന്റെ തട്ടകമായ ഇടുക്കി നിയോജക മണ്ഡലത്തിൽ ജോയ്സ് 2014ലെ പോലെ ലീഡ് ചെയ്യുമെന്നായിരുന്നു എൽ.ഡി.എഫ് കണക്കുകൂട്ടൽ.
2014ൽ ഇടുക്കി നിയോജക മണ്ഡലത്തിൽ 24,227 വോട്ടിന്റെ ഭൂരിപക്ഷം ജോയ്സ് നേടിയിരുന്നു. എന്നാൽ, ഇത്തവണ 15,595 വോട്ടിന്റെ ഭൂരിപക്ഷം ഡീൻ കരസ്ഥമാക്കി. കഴിഞ്ഞതവണ 20,928 വോട്ടിന്റെ ലീഡ് ഡീൻ ഇവിടെ നേടിയിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 5563 വോട്ടിന്റെ ലീഡാണ് ഇവിടെ റോഷി അഗസ്റ്റിന് ലഭിച്ചത്.
എൽ.ഡി.എഫിന്റെ എക്കാലത്തെയും ഉറച്ച വോട്ട് ബാങ്കായിരുന്ന തോട്ടംമേഖലയും ഇടതിനെ കൈവിട്ടതാണ് തെരഞ്ഞെടുപ്പിൽ കണ്ടത്. ഇത്തവണയും രാഹുൽ ഇഫക്ട് തമിഴ് വിഭാഗത്തിനെ സ്വാധീനിച്ചതാകണം ഡീൻ ഈ രണ്ട് മണ്ഡലത്തിലും പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമാണ് കൈവരിച്ചത്. ദേവികുളം നിയോജക മണ്ഡലത്തിൽ 12,437ഉം പീരുമേട്ടിൽ 14,641 വോട്ടും ഡീൻ ഇത്തവണ ലീഡ് നേടി.