ഇടമലക്കുടി യാത്രാദുരിതം എന്ന് തീരും...?
text_fieldsതൊടുപുഴ: ഇടമലക്കുടിയിലെ ഗോത്രവർഗ ജനതയുടെ റോഡ് എന്ന സ്വപ്നം എന്ന് യാഥാർഥ്യമാകുമെന്ന് ചോദ്യത്തിന് അധികൃതർക്ക് മറുപടിയില്ല. റോഡ് ശോച്യാവസ്ഥ കാരണം അപകടങ്ങളും പതിവാകുകയാണ്. കുണ്ടുംകുഴിയും നിറഞ്ഞ റോഡിലൂടെ രോഗികളെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാൻ കഴിയാത്തതുകൊണ്ട് മരണം ആവർത്തിക്കുന്നുണ്ട്. ഇടമലക്കുടി റോഡ് നിർമാണം പുരോഗമിക്കുകയാണെന്ന് സർക്കാർ ഉദ്യോഗസ്ഥർ അവകാശപ്പെടുമ്പോഴും ഇതെന്ന് തീരുമെന്ന കാര്യത്തിൽ വ്യക്തമായ ഉത്തരമില്ല.
2023ൽ 11.5 കോടി ചെലവഴിച്ച് ആരംഭിച്ച പെട്ടിമുടി-പുൽമേട്-ഇഡ്ഡലിപ്പാറ റോഡ് കോൺക്രീറ്റിങ് ഒരു വർഷമായി നിർത്തിവെച്ചിരിക്കുകയാണ്. 2024 ഡിസംബറോടെ റോഡ് പൂർത്തിയാക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. വനം വകുപ്പിന്റെ ഇടപെടലാണ് നിർമാണത്തിന് തടസ്സം എന്നാണ് ചൂണ്ടിക്കാട്ടുന്നത്. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഇടമലക്കുടി മുതുവാൻ സമുദായസംഘം മേഖലതല പ്രസിഡന്റ് ശ്രീകൃഷ്ണന്റെയും സെക്രട്ടറി ശരത്തിന്റെയും നേതൃത്വത്തിൽ സൊസൈറ്റിക്ക് സമീപം പ്രതിഷേധിച്ചു.
ഇടമലക്കുടിയില്‍ മൊത്തം 28 കുടികളില്‍ എതാണ്ട് പത്തെണ്ണത്തിൽ മാത്രമേ നിലവില്‍ ഈ പറയുന്ന പെട്ടിമുടി സൊസൈറ്റിക്കുടി റോഡ് ഉപയോഗമുള്ളൂ. ബാക്കിയുള്ള 18 എണ്ണത്തിൽ 350 വീടുകളിലായി ഏകദേശം 1600ൽ കൂടുതല്‍ ആളുകള്‍ക്ക് നിലവില്‍ കൂടല്ലാർ-ആനക്കുളം റോഡാണ് ഉപയോഗമായിട്ടുള്ളത്. ആനക്കുളംവരെ റോഡ് എത്തിയാല്‍ മീന്‍കുത്തി, കൂടല്ലാർ നിവാസികള്‍ക്ക് മാത്രമല്ല ഇടമലക്കുടിയിലെ 90 ശതമാനം ജനങ്ങള്‍ക്കും പ്രയോജനമാകും. മാത്രമല്ല ഇടമലക്കുടി റേഷന്‍ കടക്കുപോലും സാധനങ്ങൾ എളുപ്പത്തിലും എത്തിക്കാനും കഴിയും.
പെട്ടിമുടി-ഇടമലക്കുടി റോഡ് നിർമാണം: തടസ്സം നീങ്ങുന്നു
തൊടുപുഴ: പെട്ടിമുടിയിൽനിന്ന് ഇടമലക്കുടിയിലേക്കുള്ള റോഡ് നിർമാണത്തിന് വനംവകുപ്പിന്റെ തടസ്സം നീങ്ങുന്നു. റോഡ് പണിക്കുള്ള സാധന സാമഗ്രികൾ കൊണ്ടുപോകുന്നതിന് വനം വകുപ്പ് തടസ്സം നിന്നത് നിർമാണത്തിന് പ്രതിസന്ധിയുണ്ടാക്കിയിരുന്നു.
സബ് കലക്ടറുടെ നേതൃത്വത്തിൽ നടന്ന ഉദ്യോഗസ്ഥ യോഗത്തിലാണ് വനംവകുപ്പിന്റെ ഭാഗത്തുനിന്നുള്ള തടസ്സം നീങ്ങിയത്. റോഡ് പണി സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. രണ്ടുമാസത്തിനകം പൂർത്തിയാക്കുമെന്ന് അഡ്വ. എ. രാജ എം.എൽ.എ പറഞ്ഞു. പെട്ടിമുടി മുതൽ ഇഡ്ഡലിപ്പാറവരെ അഞ്ച് കിലോമീറ്ററോളം റോഡ് പൂർത്തിയായിട്ടുണ്ട്. ഇനി രണ്ട് കിലോമീറ്റർ പൂർത്തിയാക്കാനുണ്ട്. കഴിഞ്ഞ ദിവസം ഇടമലക്കുടിയിൽ പനിബാധിച്ച് കുട്ടി മരണപ്പെട്ട സാഹചര്യമുണ്ടായിരുന്നു. കൂടാതെ പനിബാധിച്ച് കിടപ്പിലായ വയോധികയെ ചുമന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു.
ഗൂഡലാർകുടിയിൽനിന്ന് ആനക്കുളം വഴി മാങ്കുളത്ത് എത്തി അവിടെനിന്ന് അടിമാലിയിലേക്ക് എളുപ്പത്തിലെത്താൻ കഴിയും. ഇതുവഴിയുള്ള റോഡിന്റെ നിർമാണവും പരിഗണനയിലാണ്. ഇടമലക്കുടിയിലെ എട്ട് ഉന്നതികളിൽ താമസിക്കുന്നവർക്കുവേണ്ടി ജില്ല മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ മീൻകുത്തി ഉന്നതിയിൽ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് എം.എൽ.എ പറഞ്ഞു.