കൊളുക്കുമല; സുരക്ഷിത യാത്രാനിർദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്
text_fieldsമോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ കൊളുക്കുമലയില്‍ വാഹന പരിശോധന നടത്തുന്നു
തൊടുപുഴ: മൂന്നാറില്‍ എത്തുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളില്‍ ഒന്നായ കൊളുക്കുമലയിലേക്ക് എത്തുന്ന സഞ്ചാരികൾക്ക് സുരക്ഷിതയാത്രയൊരുക്കി മോട്ടോർ വാഹന വകുപ്പ്. ഇവിടുത്തെ അസാധാരണമായ ഉദയാസ്തമയ കാഴ്ചകള്‍ ആസ്വദിക്കാന്‍ ജീപ്പിലുള്ള സാഹസിക യാത്ര ടൂറിസ്റ്റുകള്‍ക്ക് ഒഴിവാക്കാനാവാത്തതായി മാറിക്കഴിഞ്ഞു.
ദിനംപ്രതി അഞ്ഞൂറിലധികം പേരാണ് ജീപ്പ് സഫാരി നടത്തുന്നത്. കൊളുക്കുമല ടൂറിസം സേഫ്റ്റി കമ്മിറ്റിയുടെ കണ്‍വീനര്‍ ആയ ഉടുമ്പന്‍ചോല ജോയന്റ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെ നേതൃത്വത്തിലാണ് യാത്ര സുരക്ഷിതത്വത്തിന് വേണ്ടിയുള്ള നടപടി കൈക്കൊണ്ടിട്ടുള്ളത്. കൃത്യമായ ഇടവേളകളില്‍ വാഹനങ്ങളുടെ സാങ്കേതിക പരിശോധനയും യോഗ്യരായ ഡ്രൈവര്‍മാരുടെ സേവനം ഉറപ്പുവരുത്തുന്നതും സുരക്ഷ കമ്മിറ്റി കണ്‍വീനറുടെ ഉത്തരവാദിത്തത്തിലാണ്.
എല്ലാ ദിവസവും ഡ്രൈവര്‍മാരെ ബ്രീത്ത് അനലൈസര്‍ പരിശോധന നടത്തുന്നതു വഴി മദ്യപിച്ചിട്ടുള്ളവരെ വാഹനം ഓടിക്കുന്നതില്‍ നിന്നും ഒഴിവാക്കുകയും കര്‍ശനമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നു. സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയതുമൂലം ദിവസേന 500 ല്‍ അധികം ആളുകള്‍ കൊളുക്കുമല സന്ദര്‍ശിക്കാന്‍ എത്തുന്നുണ്ട്. ഒരു ജീപ്പില്‍ ആറുപേര്‍ക്കാണ് കൊളുക്കുമല സഫാരി നടത്താന്‍ സാധിക്കുന്നത്. രാവിലെ നാലു മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് കൊളുക്കുമലയിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്.