തലപൊക്കി രോഗങ്ങൾ; ജാഗ്രത വേണം
text_fieldsതൊടുപുഴ നഗരത്തിൽ കരിക്ക് വിൽപന സജീവമായപ്പോൾ
തൊടുപുഴ: വേനൽ കനക്കും മുൻപേ രോഗങ്ങളും തലപൊക്കിത്തുടങ്ങി. വൈറൽ പനി, ചിക്കൻപോക്സ്, വയറിളക്ക രോഗങ്ങൾ എന്നിവയാണ് വേനലിനൊപ്പം ജില്ലയിൽ പിടിമുറുക്കുന്നത്. ജനുവരി 13 വരെ 2368 പേർക്കാണ് വൈറൽ പനി ബാധിച്ചത്. ഒരാൾക്ക് ഡെങ്കിപ്പനിയും 15 പേർക്ക് ചിക്കൻ പോക്സും സ്ഥിരീകരിച്ചിട്ടുണ്ട്. പനി, തലവേദന എന്നീ പ്രാരംഭ ലക്ഷണങ്ങളിൽ തുടങ്ങി ദേഹത്ത് കുമിളകൾ ഉണ്ടാകുമ്പോഴാണ് ചിക്കൻ പോക്സ് പലരും ഈ രോഗം തിരിച്ചറിയുന്നത്.
വേനൽ കാലത്ത് ഡെങ്കിപ്പനിക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കൊതുകുകൾ പരത്തുന്ന ഈ രോഗത്തിന് പിന്നിൽ മനുഷ്യന്റെ അശ്രദ്ധമായ ഇടപെടലുകൾ തന്നെയാണ് പ്രധാന കാരണം.
മുറ്റത്തും, പറമ്പിലുമെല്ലാം വെള്ളം കെട്ടിനിൽക്കാതെ നോക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നിവയെല്ലാം കൊതുകുകൾ പെരുകുന്നത് തടയും. ചൂട് കൂടുന്നതോടെ ശുദ്ധജലത്തിന്റെ അഭാവം മൂലം വയറിളക്ക രോഗങ്ങൾ പിടികൂടാനുള്ള സാധ്യതയുള്ളതായി ഡോക്ടർമാർ പറയുന്നു.
ഉള്ളം തണുപ്പിക്കാൻ കരിക്കും തണ്ണിമത്തനും
തൊടുപുഴ: ചൂട് കൂടിത്തുടങ്ങിയതോടെ കരിക്കിന്റെയും ശീതളപാനീയങ്ങളുടെയും വിൽപനയും സജീവമായി . തൊണ്ട വരളുന്ന ചൂടിൽ ഉള്ളം തണുപ്പിക്കാൻ തണ്ണിമത്തനും കരിമ്പിൻ ജ്യൂസുമൊക്കെ വഴിയോരങ്ങളിൽ സജീവമാണെങ്കിലും പ്രിയം നാടൻ പാനീയമായ കരിക്കിനോടാണ്. വിപണിയിൽ കരിക്കിന് ഡിമാൻഡും കൂടി.
വഴിയോരങ്ങളിലെ മിക്ക കരിക്ക് വിൽപന കേന്ദ്രങ്ങളിലും വിനോദ സഞ്ചാരികൾ ഉൾപ്പെടെ യാത്രക്കാരുടെ തിരക്കുണ്ട്. ഒരു കരിക്കിന് 70-75 രൂപ നിരക്കിലാണ് തൊടുപുഴ മേഖലയിൽ വിൽപന. അതേസമയം, ഗ്രാമീണ മേഖലകളിൽ 60 രൂപക്കും കരിക്ക് വിൽക്കുന്നവരുണ്ട്. പാലക്കാട് നിന്നും തമിഴ്നാട്ടിൽ നിന്നും ലോഡ് കണക്കിന് കരിക്ക് ജില്ലയിലേക്ക് എത്തുന്നുണ്ട്.
ജനുവരി മുതൽ ഏപ്രിൽ അവസാനം വരെയാണ് കൂടുതൽ കച്ചവടം നടക്കുന്നത്. ചൂടേറിയതോടെ തണ്ണിമത്തനാണ് വിപണിയിലെ മറ്റൊരു ആകർഷണം. കിലോക്ക് 30-40 രൂപ വരെയാണ് ഇവയുടെ വില. തണ്ണിമത്തൻ ജ്യൂസായും, തണുപ്പിച്ച് ചെറിയ പീസുകളായും വിൽപനക്കുണ്ട്. അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് തണ്ണിമത്തൻ ജില്ലയിലെത്തുന്നത്. കരിമ്പിൻ ജൂസിനു 30 രൂപ നിരക്കിലാണു വഴിയോരങ്ങളിൽ വിൽപന. കുലുക്കി സർബത്തും പച്ചമുളകും കറിവേപ്പിലയും ഉപ്പും ചേർത്തിളക്കിയ സംഭാരവുമാണ് ചൂടുകാലത്തെ മറ്റു ‘ദാഹശമനി’കളിൽ പ്രധാനി. ബേക്കറികളിലും കൂൾബാറുകളിലും ഫ്രഷ് ലൈം, സോഡാ നാരങ്ങാവെള്ളം, ഫ്രഷ് ജൂസുകൾ, വിവിധതരം ഷേക്കുകൾ എന്നിവക്കെല്ലാം ആവശ്യക്കാർ കൂടിയിട്ടുണ്ട്.
കരുതൽ വേണം ഇക്കാര്യങ്ങളിൽ
കുടിക്കുന്നതിനും ആഹാരം പാകം ചെയ്യുന്നതിനുമെല്ലാം തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കുക. ഹെപ്പറ്റൈറ്റിസ് എയ്ക്കും, വയറിളക്ക രോഗങ്ങൾക്കുമെല്ലാം പ്രധാനകാരണമെന്നതും ശുദ്ധജലത്തിന്റെ അഭാവമാണ്.
പഴവർഗ്ഗങ്ങൾ ധാരാളം കഴിക്കണം. ചൂടുകൂടിയതിനാൽ ശരീരത്തിലെ ജലാംശം പെട്ടെന്ന് നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ ധാരാളം വെള്ളം കുടിക്കുക. കരിക്ക്, ഉപ്പിട്ട കഞ്ഞിവെള്ളം എന്നിവയെല്ലാം ക്ഷീണം കുറയ്ക്കാൻ സഹായിക്കും.


