ജില്ലതല ഓണം മേള; വരുമാനത്തിളക്കത്തിൽ കുടുംബശ്രീ
text_fieldsതൊടുപുഴ: സംരംഭകരുടെ മനംനിറച്ച് കുടുംബശ്രീ ജില്ലതല വിപണനമേള. ഓണത്തോടനുബന്ധിച്ച് കുടുംബശ്രീ നേതൃത്വത്തിൽ ചെറുതോണിയിൽ നടന്ന ജില്ലതല വിപണനമേളയാണ് സംരംഭകർക്ക് കൈത്താങ്ങായത്. 30 മുതൽ നാലുവരെ നീണ്ട മേളയിൽ 5,10,700 രൂപയുടെ വിറ്റുവരവാണുണ്ടായത്. ഗ്രാമീണ മേഖലകളിലെ കുടുംബശ്രീ സംരംഭകരുടെ ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്താനും അവർക്ക് വരുമാനം ഉറപ്പാക്കാനുമായിരുന്നു മേള നടത്തിയത്. 88 മൈക്രോ സംരംഭകരുടെയും 47 ജെ.എൽ.ജി ഗ്രൂപ്പുകളുടെയും ഉൽപന്നങ്ങളടങ്ങിയ 16 സ്റ്റാളുകളാണ് മേളയിലുണ്ടായിരുന്നത്.
കാർഷികോൽപന്നങ്ങൾ ഹിറ്റ്
ആറുദിനം നീണ്ട മേളയിൽ കൂടുതൽ വിറ്റഴിഞ്ഞത് കാർഷികോൽപന്നങ്ങളാണ്. ഈയിനത്തിൽ മാത്രം 1,80,000 രൂപയുടെ കച്ചവടം നടന്നു. 65,600 രൂപയുടെ വിപണനം നടന്ന ഭക്ഷ്യോൽപന്നങ്ങൾക്കാണ് രണ്ടാം സ്ഥാനം. അപ്പാരൽസ് ഇനങ്ങളിൽ 57,800 രൂപയുടെ വിറ്റുവരവുണ്ടായി. പട്ടികവർഗ മേഖലകളിൽനിന്നടക്കമുള്ള കരകൗശല ഉൽപന്നങ്ങളുടെ വിപണനം വഴി 39,900 രൂപയും മേളയിലുണ്ടായി. ഇതോടൊപ്പം വിവിധ തരത്തിലുള്ള അടുക്കള ഉപകരണങ്ങൾ, ബാഗ്, കുടയടക്കമുള്ള സാമഗ്രികൾ എന്നിവയും നല്ലരീതിയിൽ വിപണനം നടത്തി.
മനംനിറച്ച് ഓണസദ്യ
5520 പേർക്കാണ് ജില്ലയിൽ കുടുംബശ്രീ ഓണസദ്യ വിളമ്പിയത്. 20 മുതൽ തിരുവോണ ദിവസം വരെയാണിത്. 21 കൂട്ടം കറികളും മൂന്നുതരം പായസവുമടക്കം 275 രൂപ വരെയുള്ള ഓണസദ്യ ആദ്യഘട്ടത്തിൽ തന്നെ ശ്രദ്ധേയമായിരുന്നു. വിവിധ മേഖലകളിലെ സർക്കാർ ഓഫിസുകൾ, കോടതികൾ, ബാങ്കുകൾ, സഹകരണ സ്ഥാപനങ്ങൾ, വീടുകൾ അടക്കം ഓർഡർ അനുസരിച്ച് രുചികരമായ സദ്യയെത്തി. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ സംരംഭകരടങ്ങിയ 33 യൂനിറ്റിലായാണ് സദ്യ ഓർഡറുകളനുസരിച്ച് തയാറാക്കിയത്.
രുചിവൈവിധ്യം തീർത്ത് പായസമേള
രുചിവൈവിധ്യം തീർത്ത വിവിധതരം പായസങ്ങളായിരുന്നു മേളയെ വ്യത്യസ്തമാക്കിയത്. ഇതുവഴി 30,000 രൂപയുടെ വിറ്റ് വരവാണുണ്ടായത്. അടപ്രഥമൻ, ഗോതമ്പ്, ചെറുപയർ അടക്കമുള്ള മൂന്ന് തരം പായസങ്ങളാണ് മേളയിലുണ്ടാക്കിയിരുന്നത്. ഇതിന് പുറമെ വിവിധ തരം ചെടികളുടെ വിൽപനയിലൂടെ 29,800 രൂപയും മേളയിൽനിന്ന് വരുമാനമുണ്ടായി. ജില്ല മിഷൻ കോഓഡിനേറ്റർ ജി. ഷിബു, പ്രോഗ്രാം മാനേജർ കെ.എസ്. സേതുലക്ഷ്മി തുടങ്ങിയവരുടെ നേതൃത്വത്തിൽ ബ്ലോക്ക് കോഓഡിനേറ്റർമാരടക്കമുള്ളവരാണ് മേളക്ക് ചുക്കാൻ പിടിച്ചത്.
കുടുംബശ്രീ ഓണം മേളയിലെ വിറ്റുവരവ്
പച്ചക്കറി - 1,80000
ഭക്ഷണസാധനങ്ങൾ - 65,600
അപ്പാരൽസ് - 57,800
കരകൗശല ഉൽപന്നങ്ങൾ - 39,900
അടുക്കള ഉപകരണങ്ങൾ - 47,900
ബാഗ്, ചെരുപ്പ്, കുട - 32,400
ചെടികൾ - 29,800