ജില്ല ശാസ്ത്രമേളക്ക് തൊടുപുഴയിൽ തുടക്കം; കട്ടപ്പന മുന്നിൽ
text_fieldsഇടുക്കി ജില്ല ശാസ്ത്രമേളയിൽ നിന്നുള്ള ദൃശ്യങ്ങൾ
തൊടുപുഴ: പുത്തൻതലമുറയുടെ വിസ്മയിപ്പിക്കുന്ന കണ്ടുപിടിത്തങ്ങളുമായി ജില്ല സ്‌കൂൾ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി മേളക്ക് തൊടുപുഴയിൽ തിരിതെളിഞ്ഞു. കൗമാരപ്രതിഭകളുടെ പുത്തൻ അറിവുകളും കണ്ടുപിടിത്തങ്ങളും സമന്വയിപ്പിക്കുന്ന ജില്ലതല സ്കൂൾ ശാസ്ത്രമേള വ്യത്യസ്തത കൊണ്ടും കൗതുകം കൊണ്ടും വേറിട്ടതായി. തൊടുപുഴ ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിലായാണ് മേള നടക്കുന്നത്.
ശാസ്ത്രമേള വ്യാഴാഴ്ച തൊടുപുഴ എ.പി.ജെ. അബ്ദുൾ കലാം ഹയർ സെക്കൻഡറി സ്കൂളിലും ഗണിതശാസ്ത്ര മേള തൊടുപുഴ സെന്‍റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലും സാമൂഹികശാസ്ത്ര മേള ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലും ഐ.ടി മേള മുതലക്കോടം സെന്‍റ് ജോർജ് ഹൈസ്കൂളിലും നടക്കും. പ്രവൃത്തിപരിചയ മേള വെള്ളിയാഴ്ച എ.പി.ജെ. അബ്ദുൽ കലാം ഹയർ സെക്കൻഡറി സ്കൂളിലും ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലുമായി നടക്കും.
ജില്ലയിലെ വിവിധ ഉപജില്ലകളിൽനിന്ന് 2200ഓളം പ്രതിഭകളാണ് മേളയിലെത്തുന്നത്. ശാസ്ത്രമേളയുടെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. മേള വെള്ളിയാഴ്ച സമാപിക്കും.
ഇന്ന് സമാപിക്കും
തൊടുപുഴ: ജില്ല സ്കൂൾ ശാസ്ത്രമേളയിൽ കട്ടപ്പന ഉപജില്ലയുടെ മുന്നേറ്റം. 703 പോയന്‍റ് നേടിയാണ് കട്ടപ്പനയുടെ ആധിപത്യം. 631 പോയന്‍റുമായി ആതിഥേയരായ തൊടുപുഴ ഉപജില്ലയാണ് തൊട്ടുപിന്നിൽ. 618 പോയന്‍റുമായി അടിമാലി പിന്നാലെയുണ്ട്. 532 പോയന്‍റോടെ പീരുമേടും 509 പോയന്‍റോടെ നെടുങ്കണ്ടവും നാലും അഞ്ചു സ്ഥാനങ്ങളിലുണ്ട്. സ്കൂൾ തലത്തിൽ 275 പോയന്‍റുമായി ഫാത്തിമ മാത ഗേള്‍സ് എച്ച്.എസ്.എസ് കൂമ്പൻപാറയാണ് മൂന്നിൽ. 197 പോയന്‍റുമായി സെന്റ് ജോസഫ്സ്‍ എച്ച്.എസ്.എസ് കരിമണ്ണൂര്‍ രണ്ടാം സ്ഥാനത്തുണ്ട്.


