മുങ്ങിമരണം വർധിക്കുന്നു; നാലുമാസത്തിനിടെ നഷ്ടമായത് 11 ജീവനുകൾ
text_fieldsതൊടുപുഴ: ജില്ലയിലെ ജലാശയങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ഒട്ടേറെ മരണക്കയങ്ങളുണ്ട്. അതൊന്നുമറിയാതെ ഒരു നിമിഷത്തെ അശ്രദ്ധമൂലം നഷ്ടമാകുന്നത് നിരവധി ജീവനുകളാണ്. ബോധവത്കരണവും മുന്നറിയിപ്പുകളും തുടരുമ്പോഴും മുങ്ങി മരണങ്ങൾ വർധിക്കുകയാണ്. ജില്ലയിൽ ഒരുവർഷം ശരാശരി 40 പേരാണ് മുങ്ങി മരിക്കുന്നത്.
മറയൂരിൽ വീടിന് സമീപത്തെ കുഴിയിലെ വെള്ളത്തിൽ വീണ് നാല് വയസ്സുകാരൻ മരിച്ചതാണ് ഒടുവിലത്തെ സംഭവം. കഴിഞ്ഞ ചൊവ്വാഴ്ച കുമാരമംഗലത്തെ അമ്മവീട്ടിൽ അവധി ആഘോഷിക്കാനെത്തിയ മൂന്നു വയസ്സുകാരി പടുതാക്കുളങ്ങളിൽ വീണ് മരണപ്പെട്ടിരുന്നു.
കഴിഞ്ഞ ശനിയാഴ്ച കളമശ്ശേരിയിലെ മഞ്ഞുമ്മൽ പുഴയിൽ നെടുങ്കണ്ടം പുഷ്പക്കണ്ടം സ്വദേശികളായ രണ്ടുപേർ കുളിക്കാനിറങ്ങിയപ്പോൾ അബദ്ധത്തിൽ മുങ്ങി മരിച്ചിരുന്നു. വെള്ളത്തിൽ വീണ് അപകടത്തിൽപെട്ടവരിൽ മൂന്നുപേർ മുങ്ങി മരിച്ചത് കൃഷിയാവശ്യത്തിന് നിർമിച്ച പടുതാക്കുളങ്ങളിലാണ്.
ഇതിൽ മൂന്നും ഒന്നരയും വയസ്സുള്ള രണ്ട് കുട്ടികളും ഉൾപ്പെടുന്നു. കഴിഞ്ഞ പത്തിനാണ് മധ്യപ്രദേശ് സ്വദേശികളായ തൊഴിലാളി ദമ്പതികളുടെ ഒന്നര വയസ്സുള്ള മകൻ പൂപ്പാറ കോരമ്പാറയിലെ പടുതാക്കുളത്തിൽ വീണ് മരിച്ചത്.
ജീവനെടുക്കുന്നത് അമിത ആത്മവിശ്വാസം
ജില്ലയിലെ ജലാശയങ്ങളെക്കുറിച്ചും പുഴകളെക്കുറിച്ചുമൊക്കെ അറിയാവുന്നവർ തന്നെയാണ് ഭൂരിഭാഗവും അപകടത്തിൽപെടുന്നത്. പടുതാക്കുളങ്ങൾ മുതൽ ഡാമുകളിൽ വരെ അപകടങ്ങളുണ്ടാകുന്നു. അശ്രദ്ധയാണ് ഭൂരിഭാഗം അപകടങ്ങൾക്കും കാരണമെന്ന് അധികൃതർ പറയുന്നു.
അബദ്ധത്തിൽ വെള്ളത്തിൽ വീണ് മരിക്കുന്നവരുമുണ്ട്. സ്ഥലപരിചയമില്ലാത്തവർ അമിത ആത്മവിശ്വാസത്തോടെ ജലാശയങ്ങളിലിറങ്ങുന്നതും അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നു. വേനലവധിക്കാലമാകുമ്പോഴാണ് വെള്ളത്തിൽ വീണുള്ള അപകടങ്ങളേറെയും. കുളിക്കാനും മീൻ പിടിക്കാനുമായി പുഴകളിലും തോടുകളിലുമിറങ്ങുന്നവർ അപകടത്തിൽപെടുന്നതിന് പ്രധാന കാരണം അടിയൊഴുക്കേറിയ കയങ്ങൾ, ചുഴി, പാറക്കെട്ടുകളിലെ വഴുക്കൽ എന്നിവയാണ്.
വെള്ളത്തിന് തണുപ്പും സാന്ദ്രതയും കൂടുതലായതിനാലാണ് ഡാമുകളിലും ജലാശയങ്ങളിലും അപകടങ്ങൾക്ക് കാരണം. ലഹരി ഉപയോഗിച്ചതിന് ശേഷം വെള്ളത്തിൽ ഇറങ്ങുമ്പോൾ അപകടസാധ്യത ഏറെയാണ്.