കുടിവെള്ളത്തിൽ ഇ-കോളി; വേണം, കൂടുതൽ ജാഗ്രത
text_fieldsതൊടുപുഴ: ജില്ലയിൽ വിവിധ പഞ്ചായത്തുകളിൽ കുടിവെള്ള സ്രോതസുകൾ വേണ്ടത്ര ഗുണനിലവാരമില്ലെന്ന് കണ്ടെത്തൽ. ജല്‍ജീവന്‍ മിഷന്റെ ഭാഗമായി നടത്തിയ സര്‍വേ പ്രകാരമാണ് ഗുണനിലവാരം പരിശോധിച്ചത്. ഒട്ടേറെ ജലസ്രോതസുകളില്‍ വിസര്‍ജ്യവസ്തുക്കളുടെ സാന്നിധ്യം സൂചിപ്പിക്കുന്ന ഇ-കോളി ബാക്ടീരിയയാല്‍ മലിനമാണെന്ന് കണ്ടെത്തി.
അതിനാല്‍, വര്‍ഷത്തില്‍ രണ്ട് തവണയെങ്കിലും കുടിവെള്ളം പരിശോധിച്ച് ശുദ്ധത ഉറപ്പുവരുത്തണമെന്നും പരിശോധന വിഭാഗം നിർദേശിച്ചു. ശുദ്ധമായ ജലം കിട്ടാക്കനിയാവുകയും അമീബിക് മസ്തിഷ്കജ്വരം, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യരോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും സാഹചര്യത്തില്‍ കുടിവെള്ളത്തിന്റെ കാര്യത്തിൽ കൂടുതൽ ജാഗ്രത വേണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
തെളിഞ്ഞതും നിറമോ മണമോ ഇല്ലാത്തതും രോഗാണുക്കള്‍ ഇല്ലാത്തതും ആവശ്യത്തിന് ധാതുലവണങ്ങള്‍ ഉള്ളതും അപകടകാരികളായ രാസവസ്തുക്കള്‍ ഇല്ലാത്തതുമാണ് ശുദ്ധജലം. മലിനജലത്തില്‍ കുളിക്കുന്നതും ഉപയോഗിക്കുന്നതും അമീബിക് മസ്തിഷ്ക ജ്വരത്തിനടക്കം കാരണമാകുന്നുണ്ട്.
വെള്ളത്തിലെ ഫ്ലൂറൈഡിന്റെ സാന്നിദ്ധ്യം അസ്ഥികളുടെ വൈകല്യത്തിന് കാരണമാകും. മലിനജലം ഉപയോഗിക്കുന്നത് കോളറ, മഞ്ഞപ്പിത്തം, വയറിളക്കം, ടൈഫോയിഡ് എന്നിവ പിടിപെടാനുള്ള സാധ്യതയും കൂട്ടും. കിണറുകളും കുളങ്ങളും വെള്ളം ക്ലോറിനേറ്റ് ചെയ്തശേഷം മാത്രം ഉപയോഗിക്കണമെന്നും വെള്ളം സംഭരിക്കുന്ന ടാങ്കുകള്‍ കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കണമെന്നും ആരോഗ്യ പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു.
ശുദ്ധത ഉറപ്പുവരുത്താൻ സൗകര്യമൊരുക്കി വാട്ടർ അതോറിറ്റി
കേരള വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന നാല് ലബോറട്ടറികളിലൂടെ കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചെറുതോണിയില്‍ ഇടുക്കി മെഡിക്കല്‍ കോളജിന് സമീപമാണ് ജില്ല ലാബും ചെറുതോണി ഉപജില്ല ലാബും പ്രവര്‍ത്തിക്കുന്നത്.
അടിമാലിയിലും തൊടുപുഴയിലും സബ്ജില്ല ലാബുകള്‍ പ്രവര്‍ത്തിക്കുന്നു. ഈ ലാബുകള്‍ക്ക് എൻ.എ.ബി.എൽ അംഗീകാരവുമുണ്ട്. ഹോട്ടല്‍, റസ്റ്റോറന്റ്, ബേക്കറി തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ലൈസന്‍സിന് ആവശ്യമായ എല്ലാ കുടിവെള്ള പരിശോധനകളും നിശ്ചിത ഫീസ് ഈടാക്കി വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള ഗുണനിലവാര പരിശോധന വിഭാഗം സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ട്.
സ്കൂളുകളിലെ കുടിവെള്ളവും പരിശോധിക്കും. രാസഭൗതിക പരിശോധനക്ക് രണ്ട് ലിറ്റര്‍ സാമ്പിള്‍ പുതുതായി വാങ്ങിയ വെള്ളനിറത്തിലുള്ള കന്നാസില്‍ ശേഖരിക്കണം. ബാക്ടീരിയോളജി പരിശോധനക്ക് 200 മില്ലീലിറ്റര്‍ സാമ്പിള്‍ അണുവിമുക്തമാക്കിയ ബോട്ടിലില്‍ കൊണ്ടുവരണം. സാമ്പിള്‍ ശേഖരിച്ചാല്‍ എത്രയും വേഗം ലാബില്‍ എത്തിക്കണം. ഓണ്‍ലൈനായാണ് ഫീസ് അടക്കേണ്ടത്. അക്ഷയ കേന്ദ്രം വഴിയോ മൊബൈല്‍ ഫോണ്‍ വഴിയോ ഫീസ് അടക്കാം. വ്യാപാരസ്ഥാപനങ്ങളിലെ കുടിവെള്ള സാമ്പിളുകള്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശേഖരിച്ച് സീല്‍ ചെയ്ത് കത്ത് സഹിതമായിരിക്കണം ലാബുകളില്‍ എത്തിക്കേണ്ടത്.