ഇ-മാലിന്യ ശേഖരണം; ജില്ലയിൽ ഹരിതകര്‍മ സേനാംഗങ്ങൾ ഒരുങ്ങുന്നു
text_fieldsഇ-മാലിന്യ ശേഖരണത്തിന്റെ ഭാഗമായി ഹരിതകർമ സേനാംഗങ്ങള്‍ക്ക് നൽകിയ പരിശീലനം
തൊടുപുഴ: ജില്ലയിൽ ഇ-മാലിന്യ ശേഖരണത്തിനായി ഹരിതകർമ സേനാംഗങ്ങൾ ഒരുങ്ങുന്നു. വിവിധ തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനരഹിതമോ കാലഹരണപ്പെട്ടതോ ആയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ (ഇ-മാലിന്യം) ശേഖരണം നടപ്പാക്കുന്നത്.
ജില്ലയിൽ ആദ്യഘട്ടത്തിൽ കട്ടപ്പന, തൊടുപുഴ നഗരസഭകളിലാണ് ഇ-മാലിന്യ ശേഖരണം നടപ്പാക്കുന്നത്. വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ഇലക്ട്രോണിക് മാലിന്യം ഹരിതകർമ സേനാംഗങ്ങൾ വഴി ശേഖരിക്കാനുള്ള പ്രത്യേക യജ്ഞമാണിത്. ഇതിന്റെ ഭാഗമായി നഗരസഭ അടിസ്ഥാനത്തിൽ ഹരിതകർമ സേനാംഗങ്ങൾക്കുള്ള പരിശീലനവും നൽകി.
മാലിന്യ ശേഖരണം വർഷത്തിൽ രണ്ടുതവണ
വർഷത്തിൽ രണ്ടുതവണയാണ് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഇ-മാലിന്യം ശേഖരിക്കുന്നത്. പുനഃചംക്രമണം ചെയ്യാന്‍ സാധിക്കുന്ന ഇ-മാലിന്യത്തിന് ക്ലീന്‍ കേരള കമ്പനി നിശ്ചയിച്ച വിലയും ലഭിക്കും. ഇതിലൂടെ ഇ-മാലിന്യങ്ങളുടെ ശാസ്ത്രീയമായ നിർമാർജനം ഉറപ്പാക്കുകയാണ് ഉദ്ദേശ്യം.
ക്ലീൻ കേരള കമ്പനി നേതൃത്വത്തിൽ ശുചിത്വ മിഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഹരിതകർമ സേന, കുടുംബശ്രീ, സ്കൂളുകൾ, കോളജുകൾ, റെസിഡന്റ്സ് അസോസിയേഷനുകൾ, ഇലക്ട്രോണിക് റീട്ടെയിലർമാർ എന്നിവരുമായി സഹകരിച്ച് സംസ്ഥാനതലത്തിൽ നടത്തുന്ന പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലും ആവിഷ്കരിച്ചിരിക്കുന്നത്.
എന്തൊക്കെയാണ് ശേഖരിക്കുന്നത്?
സി.ആർ.ടി ടെലിവിഷൻ, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, മൈക്രോവേവ് ഓവൻ, മിക്സർ ഗ്രൈൻഡർ, ഫാൻ, ലാപ്ടോപ്, സി.പി.യു, സി.ആർ.ടി മോണിറ്റർ, മൗസ്, കീബോർഡ്, എൽ.സി.ഡി മോണിറ്റർ, എൽ.സി.ഡി അഥവ എൽ.ഇ.ഡി ടെലിവിഷൻ, പ്രിൻറർ, ഫോട്ടോസ്റ്റാറ്റ് മെഷീൻ, അയൺ ബോക്സ്, മോട്ടോർ, സെല്‍ഫോൺ, ടെലിഫോൺ, റേഡിയോ, മോഡം, എയർ കണ്ടീഷണർ, ബാറ്ററി, ഇൻവെർട്ടർ, യു.പി.എസ്, സ്റ്റബിലൈസർ, വാട്ടർ ഹീറ്റർ, വാട്ടർ കൂളർ, ഇർഡക്ഷൻ കുക്കർ, എസ്.എം.പി.എസ്, ഹാർഡ് ഡിസ്ക്, സി.ഡി ഡ്രൈവ്, പി.സി.ബി ബോർഡുകൾ, സ്പീക്കർ, ഹെഡ്ഫോണുകൾ, സ്വിച്ച് ബോർഡുകൾ, എമർജൻസി ലാമ്പ് തുടങ്ങിയവയാണ് ശേഖരിക്കുന്നത്.
ഇവ ശാസ്ത്രീയമല്ലാതെ വലിച്ചെറിയുന്നത് മണ്ണ്, ജലം, വായു എന്നിവ മലിനമാക്കുകയും പരിസ്ഥിതിക്കും ആരോഗ്യത്തിനും ഹാനികരവുമാണ്. ഇതുൾപ്പെടെയുള്ള ബോധവത്കരണവും ലക്ഷ്യമിടുന്നുണ്ട്.
പരിശീലനം പൂർത്തിയാക്കി സേനാംഗങ്ങൾ
ഇ-മാലിന്യ ശേഖരണം സജീവമാക്കാൻ ജില്ലയിൽ ഹരിതകർമ സേനാംഗങ്ങൾക്കുള്ള പരിശീലനം പൂർത്തിയാക്കി. കട്ടപ്പന നഗരസഭയിൽ ജില്ല മാനേജർ അനൂപ് ജോൺസൺ, ഇൻറേൺ സുമിത്ര എസ്. ബാബു എന്നിവരും തൊടുപുഴ നഗരസഭയിൽ സെക്ടർ കോഓഡിനേറ്റർ ആർ.എൽ. ലിജി, വി.എസ്. ശിവപ്രസാദ് എന്നിവരും ക്ലാസ് നയിച്ചു.
നഗരസഭ സെക്രട്ടറിമാർ, മറ്റ് ഉദ്യോഗസ്ഥർ, ഹരിതകർമ സേനാംഗങ്ങൾ, സി.ഡി.എസ് അംഗങ്ങൾ തുടങ്ങിയവരും സംബന്ധിച്ചു.