Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightആനപ്പേടിയിൽ നാട്;...

ആനപ്പേടിയിൽ നാട്; മുള്ളരിങ്ങാട്ട് വീട് തകർത്തു

text_fields
bookmark_border
ആനപ്പേടിയിൽ നാട്; മുള്ളരിങ്ങാട്ട് വീട് തകർത്തു
cancel
camera_alt

മുള്ളരിങ്ങാട്ട് വീടിന് മുകളിലേക്ക് കാട്ടാന മരം മറിച്ചിട്ടപ്പോൾ

തൊടുപുഴ: മുള്ളരിങ്ങാട് മേഖലയിൽ വീണ്ടും ഭീതിവിതച്ച് കാട്ടാനകളുടെ വിളയാട്ടം. വനമേഖലയോട് ചേർന്ന ജനവാസ മേഖലയിലിറങ്ങിയ കാട്ടാന മരം മറിച്ചിട്ട് വീട് തകർത്തു. ബുധനാഴ്ച പുലർച്ച നാലരയോടെ അമയൽതൊട്ടിക്ക് സമീപമുള്ള പ്രദേശത്തായിരുന്നു കാട്ടാന ആക്രമണം.

ആക്രമണത്തിൽ പ്രദേശവാസിയായ നരിതൂക്കിൽ ജോണി ആന്‍റണിയുടെ വീട് പൂർമായും തകർന്നു. ഈ സമയം വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. പുലർച്ച ആർ.സി പള്ളിക്ക് പിൻഭാഗത്തായുള്ള പ്രദേശത്ത് എത്തിയ കാട്ടാന വീടിന് മുകളിലേക്ക് സമീപത്തെ വലിയ മരം മറിച്ചിട്ടാണ് ആക്രമണം നടത്തിയത്.

സമീപത്തെ ഫെൻസിങ് തകർത്ത് കൃഷിയിടത്തിൽ പ്രവേശിക്കാനാണ് ആന മരം മറിച്ചിട്ടതായാണ് വിലയിരുത്തൽ. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെങ്കിലും വനം വകുപ്പ് ക്രിയാത്മക ഇടപെടൽ നടത്തുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

അധികൃത അനാസ്ഥക്കെതിരെ പ്രതിഷേധം

കാട്ടാനയുടെ ആക്രണത്തിൽ വീട് തകർന്നതോടെ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തി. കഴിഞ്ഞ ഡിസംബറിൽ ഡെയ്ഞ്ചർ പെറ്റീഷൻ സ്കീമിൽ ഉൾപ്പെടുത്തി അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കണമെന്നാവശ്യപ്പെട്ട് റേഞ്ച് ഓഫിസിൽ പരാതി നൽകിയിരുന്നു. തുടർന്ന് കോതമംഗലം ഡി.എഫ്.ഒ സ്ഥലത്തെത്തി. പഞ്ചായത്ത് പ്രസിഡന്‍റ് ജോസഫ് അറയ്ക്കത്തോട്ടം, വാർഡ് മെംബർ ഷാമിന ഹബീബ്, പഞ്ചായത്തംഗങ്ങളായ ടി.യു. ജോസ്, ജിജോ ജോസഫ് അടക്കമുള്ള ജനപ്രതിനിധികളുമായി ചർച്ച നടത്തി.

കലക്ടറുടെ ദുരന്ത നിവാരണ ഫണ്ടിൽനിന്നും നഷ്ടപരിഹാരം ലഭിക്കുന്നതിനായി കത്ത് നൽകാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. തുടർന്നാണ് നാട്ടുകാർ പ്രതിഷേധത്തിൽനിന്നും പിന്മാറിയത്. ഫെൻസിങ് തകർത്ത് ജനവാസമേഖലയിൽ തങ്ങുന്ന കാട്ടാനയെ ഉടൻ തുരത്തുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

കാട്ടാന ശല്യത്തിൽ വലഞ്ഞ് നാട്ടുകാർ

മുള്ളരിങ്ങാട്ടെ കാട്ടാന ആക്രമണം തുടർക്കഥയാണ്. അമയല്‍തൊട്ടി ഭാഗത്താണ് രൂക്ഷമായ ശല്യം. ഇവിടെ എത്തുന്ന ആനകൾ കൃഷികളും മറ്റ് വസ്തുവകകളും നശിപ്പിക്കുകയാണ്. പരാതികളേറെയുണ്ടങ്കിലും വനം വകുപ്പ് നടപടികൾ കാര്യക്ഷമമല്ലെന്നാണ് പ്രദേശവാസികളുടെ പരാതി.

ഒരുവർഷം മുമ്പാണ് അമയൽതൊട്ടി ഭാഗത്ത് കാട്ടാനയുടെ ആക്രമണത്തിൽ പ്രദേശവാസിയായ അമർ ഇലാഹി (22) എന്ന യുവാവിന് ജീവൻ നഷ്ടമായത്. തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാൻ പോയ യുവാവിനെ കാട്ടാന ആക്രമിക്കുകയായിരുന്നു.

Show Full Article
TAGS:Elephant Attacks house damaged Idukki News 
News Summary - Elephants in the village; house demolished, locals protest
Next Story