എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്; തൊഴിൽ അന്വേഷകർ നാൽപത് ലക്ഷം; നിയമനം നാമമാത്രം
text_fieldsതൊടുപുഴ: സംസ്ഥാനത്ത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത് നാൽപത് ലക്ഷത്തോളം ഉദ്യോഗാർഥികൾ. വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലായി പത്താം ക്ലാസ് പരാജയപ്പെട്ടവർ മുതൽ പ്രൊഫഷനൽ യോഗ്യതയുളളവർവരെ ഇക്കൂട്ടത്തിൽ പെടുന്നുണ്ട്. തൊഴിലന്വേഷകരായി 39,51,770 പേർ നിലവിലുണ്ടെന്നാണ് കണക്ക്.സർക്കാർ രേഖകൾ പ്രകാരം എസ്.എസ്.എൽ.സി,ഹയർ സെക്കൻഡറി യോഗ്യതയുളളവരാണ് കൂടുതലും രജിസ്റ്റർ ചെയ്തിരിക്കുന്നത്. എസ്.എസ്.എൽ.സിക്കാരായ 19,92,149 ഉദ്യോഗാർഥികളും പന്ത്രണ്ടാം തരം യോഗ്യതയുളള 11,26,962 പേരും തൊഴിലിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പത്താം ക്ലാസിന് താഴെ യോഗ്യതയുളള 1,41,860 ഉദ്യോഗാർഥികളും പേര് രജിസ്റ്റർ ചെയ്തതായി തൊഴിൽ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ബിരുദധാരികളായ 4,40,195 പേരും ബിരുദാനന്തര ബിരുദ യോഗ്യതയുളള 1,00,618 പേരും തൊഴിലന്വേഷകരിലുണ്ട്. പ്രൊഫഷനൽ യോഗ്യതയുളളവരും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴിയുളള തൊഴിലന്വേഷകരിൽ കുറവല്ല. അവരുടെ എണ്ണം ഇപ്രകാരമാണ്. ഡിപ്ലോമ യോഗ്യതയുളളവർ-3,933,ഐ.ടി.ഐ -75,015,എൻജിനീയറിങ്-26,932,എം.ബി.ബി.എസ്-1672,ആയുർവദ മെഡിസിൻ-2908,സിദ്ധ-77,യൂനാനി-09,ഹോമിയോ-1482, ബി.ഡി.എസ്-1088, വെറ്ററിനറി-940, എം.ബി.എ-4,551,എം.സി.എ-2,202,ബി.ആർക്ക്-280,അഗ്രികൾച്ചർ-1333 പേരും ഈ ഗണത്തിലുണ്ട്.
ഇതിന് പുറമെ 562 നിയമബിരുദധാരികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർഥികളുടെ എണ്ണം ലക്ഷങ്ങൾ കവിയുമ്പോഴും സംസ്ഥാനത്ത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി നടക്കുന്ന നിയമനങ്ങൾ നാമമാത്രമാണ്. വിവിധ വകുപ്പുകളിലെ താൽകാലിക ഒഴിവുകൾ എംപ്ലോയ്മെന്റ് വഴി നികത്തണമെന്ന സർക്കാർ നിർദേശത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും പാലിക്കപ്പെടാറില്ല. ഇതിനെതിരെ നടപടിയെടുക്കാൻ എംപ്ലോയ്മെന്റ് ഓഫിസർമാർക്ക് അധികാരവുമില്ല.
ഇതോടെ വിവിധ വകുപ്പുകളിലേക്ക് കാലാകാലങ്ങളിൽ ഭരിക്കുന്നവരുടെ താൽപര്യാനുസരണമാണ് നിയമനം നടക്കുന്നതെന്ന ആക്ഷേപം കാലങ്ങളായുണ്ട്. തൊഴിലന്വേഷകരുടെ എണ്ണം വർധിച്ചതോടെ പ്രാദേശിക തലത്തിൽ എംപ്ലോയബിലിറ്റി സെന്ററുകൾ സ്ഥാപിച്ച് സ്വകാര്യ സ്ഥാപനങ്ങളുമായി ചേർന്ന് തൊഴിൽ മേളകളും നടത്താൻ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇവിടങ്ങളിൽ ഉദ്യോഗാർഥികളെ തേടി എത്തുന്ന സ്ഥാപനങ്ങളുടെ സേവന വേതന വ്യവസ്ഥകൾ അപര്യാപ്തമായതിനാൽ തൊഴിലന്വേഷകർ ഇത്തരം മേളകളോട് മുഖം തിരിക്കുകയുമാണ്.