ഹരിതാഭ പകർന്ന് ഹരിത ബൂത്തുകൾ
text_fieldsകട്ടപ്പന ഗവ. ട്രൈബൽ സ്കൂളിലെ ഹരിത ബൂത്തും സെൽഫി പോയന്റും
തൊടുപുഴ: വോട്ടെടുപ്പിന് ഹരിതാഭ പകര്‍ന്ന് ഹരിത ബൂത്തുകള്‍. നഗരസഭകളില്‍ രണ്ടും ഗ്രാമപഞ്ചായത്തുകളില്‍ ഓരോ ബൂത്തുകളുമാണ് ആരോഗ്യ വകുപ്പിന്റെയും ഹരിത കേരളം മിഷന്റെയും നേതൃത്വത്തില്‍ ഹരിത ബൂത്തുകളായി പ്രവര്‍ത്തിച്ചത്. തൊടുപുഴ നഗരസഭയില്‍ ന്യൂമാന്‍ കോളജ്, കുമ്മംകല്ല് ബി.ടി.എം സ്കൂള്‍ എന്നിവയായിരുന്നു ഹരിത ബുത്തുകൾ. ഹരിത തെരഞ്ഞെടുപ്പ് സന്ദേശം ജനങ്ങളില്‍ എത്തിക്കുകയായിരുന്നു ലക്ഷ്യം. എല്ലാ ബൂത്തുകളും ഹരിത ചട്ടം നിര്‍ബന്ധമായും പാലിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.
പ്രകൃതിസൗഹൃദ അന്തരീക്ഷത്തിലാണ് ഹരിത ബൂത്തുകള്‍ ഒരുക്കിയിരുന്നത്. ഓല, മുള, പായ, പനയോല, പനമ്പ്, പേപ്പര്‍ എന്നിവ ഉപയോഗിച്ചാണ് അലങ്കരിച്ചത്. കവാടങ്ങളും സൂചന ബോര്‍ഡുകളുമെല്ലാം തോരണങ്ങളും ഇവയിലാണ് തയാറാക്കിയത്. വോട്ടര്‍മാര്‍ക്ക് ഹരിത ബൂത്തില്‍ സെല്‍ഫിയെടുക്കാനും ചിത്രങ്ങള്‍ പകര്‍ത്താനുമുള്ള ഫോട്ടോ ഗാലറിയും ചിലയിടങ്ങളില്‍ ക്രമീകരിച്ചിരുന്നു.
തദ്ദേശ സ്ഥാപനങ്ങളിലെ ഗ്രീന്‍ പ്രോട്ടോകോള്‍ നോഡല്‍ ഓഫിസര്‍മാര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ജില്ല ശുചിത്വ മിഷന് ഉദ്യോഗസ്ഥര്‍, ഹരിത കര്‍മസേനാംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഹരിത ബൂത്ത് ഒരുക്കിയത്.


