ഇടമലക്കുടിയിൽ പകർച്ചവ്യാധി വ്യാപനം; പ്രതിരോധം ഊർജിതമാക്കി
text_fieldsതൊടുപുഴ: പനിമരണം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഇടമലക്കുടിയിൽ പ്രതിരോധം സജീവമാക്കി ആരോഗ്യവകുപ്പ്. പനി ബാധിച്ച് ഇവിടെ അഞ്ചു വയസ്സുള്ള ആദിവാസി ബാലൻ മരിക്കുകയും നിരവധി പേർ അസുഖബാധിതരാകുകയും ചെയ്ത സാഹചര്യത്തിലാണ് വകുപ്പ് നേതൃത്വത്തിൽ പ്രതിരോധം ഊർജിതമാക്കിയത്. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച മുതൽ ഉന്നതിയിൽ ആരോഗ്യവകുപ്പിന്റെ ക്യാമ്പ് ആരംഭിച്ചു.
മൂന്ന് ദിവസം നീളുന്ന ക്യാമ്പ് വ്യാഴാഴ്ച സമാപിക്കും. ഇടമലക്കുടി പി.എച്ച്.സിയിൽനിന്നുള്ള സംഘവും ആരോഗ്യവകുപ്പിന്റെ മൊബൈൽ മെഡിക്കൽ ടീമുമാണ് ക്യാമ്പ് നടത്തുന്നത്.
പകർച്ചവ്യാധികൾ ആശങ്കജനകമല്ലെന്ന് വിലയിരുത്തൽ
പ്രദേശത്തെ ഉന്നതികളിൽ പനിയടക്കമുള്ള പകർച്ചവ്യാധികൾ ആശങ്കജനകമായ രീതിയിലില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. പ്രദേശത്തെ വീടുകളിലെത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നൽകിയ വിവരത്തെ തുടർന്നാണ് വകുപ്പ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. അസുഖങ്ങൾക്ക് പലവിധ കാരണങ്ങളാൽ ചികിത്സ തേടാത്തതാണ് നിസ്സാര രോഗങ്ങൾപോലും വഷളാകാൻ കാരണമെന്നും ഇവർ പറയുന്നു.
പി.എച്ച്.സി ഇരിക്കുന്ന സ്ഥലവും ഓരോ ഉന്നതികളും തമ്മിലുള്ള അകലവും സഞ്ചാരയോഗ്യമായ റോഡില്ലാത്തതുമാണ് കാരണം. ഇതോടെ രോഗം വഷളായി കഴിയുമ്പോൾ ഇവരെ ഇവിടെ നിന്നും ചുമന്ന് പുറത്തെത്തിക്കേണ്ട സാഹചര്യം വരുമെന്നും ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. പ്രദേശത്തെ പി.എച്ച്.സിയിൽ എല്ലാവിധ സൗകര്യങ്ങളുമുണ്ടെങ്കിലും ഇവിടെ എത്തുന്നവരും കുറവാണ്.
റോഡ് തന്നെ മുഖ്യപ്രശ്നം
ഗതാഗതയോഗ്യമായ റോഡില്ലാത്തതാണ് പ്രധാന പ്രശ്നം. ചികിത്സാ രംഗത്ത് ആരോഗ്യവകുപ്പും ചികിത്സ തേടിയെത്തുന്ന രോഗികളും നേരിടുന്ന പ്രതിസന്ധി ഇതാണ്. ഇടമലക്കുടി പി.എച്ച്.സിയിൽ പ്രാഥമിക രോഗനിർണയത്തിനും ചികിത്സക്കുമുളള സൗകര്യങ്ങളുമുണ്ട്.
എന്നാൽ, ഗതാഗതസൗകര്യത്തിന്റെ അഭാവം മൂലം ഇവിടെ എത്തുന്നവർ കുറവാണ്. രണ്ട് ഡോക്ടർമാരും ഫാർമസിസ്റ്റും ലാബ്ടെക്നീഷനും ജൂനിയർ ഹെൽത്ത് ഇൻസ്പക്ടറും അടക്കമുള്ള സജ്ജീകരണം ഇവിടെയുണ്ട്.
തിരുവനന്തപുരം സ്വദേശിയായ മെഡിക്കൽ ഓഫിസറടക്കം ആശുപത്രിയിൽ തന്നെ താമസിച്ചാണ് സേവനം നൽകുന്നത്. പ്രസവം പോലുള്ള അടിയന്തരഘട്ടത്തിൽ ഉന്നതികളിലെ വീടുകളിലെത്തിയും ഇവർ സേവനം നൽകുന്നുണ്ട്.