ലഹരി കേസുകളിൽ വർധന; ഫീൽഡിൽ ആവശ്യത്തിന് ജീവനക്കാർ ഇല്ലാതെ എക്സൈസ്
text_fieldsതൊടുപുഴ: ലഹരി കേസുകൾ വർധിക്കുമ്പോഴും അംഗബലമില്ലാതെ എക്സൈസ്. അംഗസംഖ്യയിലെ കുറവ് എക്സൈസ് ഉദ്യോഗസ്ഥർക്ക് നൽകുന്നത് അമിത ജോലിഭാരവും. മൂന്ന് പതിറ്റാണ്ടു മുമ്പുള്ള തസ്തിക നിർണയ രീതിയാണ് എക്സൈസിൽ ഇപ്പോഴും. മാത്രമല്ല, നിലവിലെ ഒഴിവുകൾ നികത്തുന്നുമില്ല. വലുപ്പത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ലയിൽ 10 റേഞ്ച് ഓഫിസും അഞ്ചു സർക്കിൾ ഓഫിസുമാണുള്ളത്.
കൂടാതെ, ദേവികുളം താലൂക്കിൽ ജനമൈത്രി എക്സൈസ് ഓഫിസും അടിമാലിയിൽ നർകോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഓഫിസും പൈനാവിൽ സ്പെഷൽ സ്ക്വാഡ് ഓഫിസും പ്രവർത്തിക്കുന്നു. ചിന്നാർ, ബോഡിമെട്ട്, കമ്പംമെട്ട്, കുമളി എന്നിവിടങ്ങളിൽ എക്സൈസ് ചെക്പോസ്റ്റുകളുമുണ്ട്.
ആയുധ പരിശീലനം ഉൾപ്പെടെ നേടിയവർ ഓഫിസ് ഡ്യൂട്ടിയും വിമുക്തി ഉൾപ്പെടെയുള്ള ബോധവത്കരണ പരിപാടികളും ചെയ്യുമ്പോൾ ഫീൽഡിൽ ആവശ്യത്തിനു ജീവനക്കാർ ഇല്ല. സ്പെഷൽ ഡ്രൈവ് നടക്കുമ്പോൾ അവധിയെടുക്കാതെ ജോലി ചെയ്താണ് കേസുകൾ പിടിക്കുന്നത്. അമിത ജോലിക്കനുസരിച്ച് പുതിയ തസ്തിക സൃഷ്ടിക്കുന്നുമില്ല. സംസ്ഥാനത്ത് ഒരു റേഞ്ച് ഓഫിസ് മാത്രമുള്ള ഏക താലൂക്ക് ഉടുമ്പൻചോലയാണ്.
പുറമേ, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ആവശ്യത്തിന് വാഹനങ്ങളില്ലാത്തതും പ്രതിസന്ധിയാണ്. ലഹരി ഉപയോഗവും തുടർന്നുള്ള അക്രമ സംഭവങ്ങളും നാൾക്കുനാൾ വർധിച്ചുവരുമ്പോഴാണ്, ഇത്തരം സാഹചര്യം ഫലപ്രദമായി നേരിടേണ്ട എക്സൈസ് അംഗബലമില്ലാതെ കിതയ്ക്കുന്നത്. പരിമിത സാഹചര്യത്തിൽ വീർപ്പുമുട്ടുന്ന എക്സൈസ് വകുപ്പിനെ കാലാനുസൃതമായി പരിഷ്കരിക്കേണ്ടത് അത്യാവശ്യമാണ്. ലഹരിക്കടത്തടക്കം വ്യാപിക്കുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ കുറവ് പ്രവർത്തനത്തെയും ബാധിക്കുന്നുണ്ട്.
ജില്ലയിൽ കൂടുതൽ റേഞ്ച് ഓഫിസ് അനുവദിക്കണമെന്ന ആവശ്യവും അവഗണിക്കപ്പെട്ടു. പല തവണ ശിപാർശ ചെയ്തിട്ടും വകുപ്പിൽ മിനിസ്റ്റീരിയൽ വിഭാഗം രൂപവത്കരിച്ചിട്ടില്ല. ഫീൽഡിൽ ജോലി ചെയ്യേണ്ട ഉദ്യോഗസ്ഥർ ഇതുമൂലം വിവിധ ഓഫിസുകളിൽ ക്ലറിക്കൽ ജോലി ചെയ്യുകയാണ്.


