പേരിൽ മാത്രമൊരു ജില്ല ആശുപത്രി; വലഞ്ഞ് രോഗികൾ
text_fieldsതൊടുപുഴ: ദിവസേന നൂറുകണക്കിന് രോഗികൾ ചികിത്സ തേടിയെത്തുന്ന കാരിക്കോടുളള ജില്ല ആശുപത്രി രോഗികൾക്ക് സമ്മാനിക്കുന്നത് ദുരിതം മാത്രം. പേരിന് ജില്ല ആശുപത്രിയാണെങ്കിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ സേവനം പോലും ഇവിടെ ലഭിക്കുന്നില്ലെന്നാണ് പരാതിയുയരുന്നത്. കഴിഞ്ഞ ദിവസം ചേർന്ന ആശുപത്രി മാനേജിങ് കമ്മിറ്റിയിലും ഇത് സംബന്ധിച്ച് രൂക്ഷ വിമർശനമാണുയർന്നത്. ആരോഗ്യവകുപ്പും ആശുപത്രിക്ക് നേതൃത്വം നൽകുന്ന സൂപ്രണ്ടുമടക്കമുളളവർ ഇക്കാര്യത്തിൽ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്ന് ആക്ഷേപമുയരുന്നുണ്ട്.
കുത്തഴിഞ്ഞ് ആശുപത്രി പ്രവർത്തനം
സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ സാധാരണക്കാരും പിന്നാക്ക വിഭാഗങ്ങളും അധിവസിക്കുന്ന ജില്ലയെന്ന നിലയിൽ ഈ ആശുപത്രിക്ക് ഏറെ പ്രാധാന്യമുണ്ട്.എന്നാൽ നാളുകളായി ആശുപത്രി നടത്തിപ്പ് കുത്തഴിഞ്ഞ രീതിയിലാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം സംബന്ധിച്ച് നാളുകളായി പരാതിയുണ്ട്. എന്നാൽ ഉളള സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് ആശുപത്രി മാനേജിങ് കമ്മിറ്റിയംഗങ്ങൾ പറയുന്നത്. ഡോക്ടർമാരടക്കം ജീവനക്കാർക്ക് കൃത്യനിഷ്ഠയില്ല.
ലാബ്, ഇ.സി.ജി സൗകര്യങ്ങൾ ഫലപ്രദമായി വിനിയോഗിക്കുന്നില്ല. ഇതിന് പുറമേയാണ് ലക്ഷങ്ങൾ മുടക്കിയ സ്കാനിങ് സൗകര്യങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നത്.അടിക്കടിയുണ്ടാകുന്ന ലിഫ്റ്റ് തകരാർ മൂലം ഇവിടെ ഗുരുതരാവസ്ഥയിലുളള രോഗികളെ ചുമന്ന് കയറ്റുന്നതടക്കം പതിവാണ്. ഇതിനൊന്നും ശാശ്വത പരിഹാരം കാണാൻ അധികൃതർ ശ്രമിക്കുന്നില്ലെന്നാണ് പരാതി.
ഡോക്ടർമാരില്ല; രോഗികൾക്ക് ദുരിതം
ആശുപത്രിയിലെത്തുന്ന രോഗികളെ വലക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് ഡോക്ടർമാരുടെ കുറവാണ്. ഏറ്റവും കൂടുതൽ രോഗികൾ ചികിത്സ തേടിയെത്തുന്ന ജനറൽ മെഡിസിൻ വിഭാഗത്തിലടക്കം ഇത് നിരന്തര പ്രശ്നം സൃഷ്ടിക്കുകയാണ്. മൂന്ന് ഫിസിഷ്യൻമാർ വേണ്ടിടത്ത് നിലവിൽ ഒരാൾ മാത്രമാണുളളത്. ഐ.പി.യും ഒ.പിയും ഒരുമിച്ച് കൈകാര്യം ചെയ്യേണ്ടി വരുന്നതോടെ വരുന്ന എല്ലാ രോഗികളേയും ഒരു ഡോക്ടർക്ക് നോക്കി വിടാൻ പറ്റാത്ത സാഹചര്യമാണ്.
മതിയായ ഡോക്ടർമാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യവകുപ്പിനും ഡി.എം.ഒ അടക്കമുളളവർക്കും നിരവധി വട്ടം പരാതികൾ നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഒടുലിൽ എൻ.എച്ച്.എം വഴി ഒരു ജൂനിയർ ഡോക്ടറെ നിയമിച്ചെങ്കിലും എത്തുന്ന രോഗികൾ മുതിർന്ന ഡോക്ടറെ കാണാൻ ശ്രമിക്കുന്നതോടെ ഇവിടെ എന്നും ബഹളമാണ്. മറ്റ് വിഭാഗങ്ങളിലും ഇത് തന്നെയാണ് സ്ഥിതി.
ചർച്ചയായി ആരോഗ്യ വകുപ്പിന്റെ നിസ്സംഗത
ആശുപത്രി സംബന്ധിച്ച് നിരവധി പരാതികളുയരുമ്പോഴും കൃത്യമായ ഇടപെടൽ നടത്താത്ത ആരോഗ്യ വകുപ്പിന്റെ നിസംഗത ചർച്ചയാകുകയാണ്. ചില സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണ് സാധാരണക്കാരുടെ ആശ്രയമായ സർക്കാർ ആതുരാലയത്തെ നിർജീവമാക്കുന്നതെന്നാണ് ഉയരുന്ന മറ്റൊരാക്ഷേപം. ആശുപത്രി പ്രവർത്തനം കാര്യക്ഷമമല്ലാത്തതിനാൽ ഇവിടെയെത്തുന്ന സാധാരണക്കാരടക്കം രോഗികൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സാഹചര്യമാണ്.
ഡോക്ടർമാരടക്കം കൂടുതൽ ജീവനക്കാരെ നിയമിച്ച് ആശുപത്രി പ്രവർത്തനം സജീവമാക്കിയാൽ ഇതിന് തിരിച്ചടിയാകുമെന്ന കണക്കുകൂട്ടലിലാണ് ഒരുവിഭാഗം ആശുപത്രി പ്രവർത്തനം അട്ടിമറിക്കുന്നതെന്നും നാട്ടുകാർ പറയുന്നു.ആശുപത്രി മാനേജിങ് കമ്മിറ്റിയിലടക്കം ഇത് സംബന്ധിച്ച വിമർശനം ഉയരുകയും ചെയ്തിരുന്നു.