രക്തസമ്മർദം താഴ്ന്നു; മരത്തിന് മുകളിൽ കുടുങ്ങിയ തൊഴിലാളിയെ താഴെയിറക്കി
text_fieldsമരത്തിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നി രക്ഷ സേന രക്ഷപ്പെടുത്തുന്നു
തൊടുപുഴ: രക്തസമ്മർദ്ദം താഴ്ന്ന് അവശനായതിനെ തുടർന്ന് 50 അടി ഉയരമുള്ള മരത്തിനു മുകളിൽ കുടുങ്ങിപ്പോയ തൊഴിലാളിയെ അഗ്നിരക്ഷ സേനാംഗങ്ങൾ താഴെയിറക്കി ആശുപത്രിയിൽ എത്തിച്ചു. കുമാരമംഗലം പഞ്ചായത്തിലെ ഉരിയരിക്കുന്നിൽ ഉച്ചക്ക് പന്ത്രണ്ടേ കാലോടെയാണ് സംഭവം.
കുമാരമംഗലം പഞ്ചായത്തിലെ 13-ാം വാർഡിൽ, ഉരിയരിക്കുന്നുള്ള രമണി കുഞ്ഞുമോൻ, പുത്തൻപുരയ്ക്കൽ എന്നയാളുടെ പുരയിടത്തിലെ 50 അടി പൊക്കമുള്ള മരം മുറിച്ചു മാറ്റുന്നതിനിടെയാണ് തൊഴിലാളിയായ രതീഷ് (45), രക്തസമ്മർദ്ദം താഴ്ന്നതിനെ തുടർന്ന് അവശനായത്. പിന്നീട് തിരിച്ചിറങ്ങാൻ കഴിയാത്ത വിധം മരത്തിൽ കുടുങ്ങുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന തൊഴിലാളികൾ ഉടൻ തൊടുപുഴ അഗ്നിശമന സേനയെ അറിയിച്ചു. തൊടുപുഴ നിലയത്തിൽ നിന്ന് സ്റ്റേഷൻ ചാർജ് എസ്.എഫ്.ആർ.ഒ. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ എത്തി.
ഏണി ഉപയോഗിച്ച് മരത്തിനു മുകളിൽ കയറിയ മാത്യു ജോസഫ്, ബി. ആഷിക് എന്നിവർ രതീഷിനെ സുരക്ഷിതമായി താഴെയിറക്കി. തുടർന്ന് സേനയുടെ ആംബുലൻസിൽ രതീഷിനെ തൊടുപുഴ അൽ അസർ ആശുപത്രിയിൽ എത്തിച്ചു. രക്ഷാപ്രവർത്തനത്തിൽ ഫയർ ഓഫിസർമാരായ ലിബിൻ ജയിംസ്, ജോബി കെ. ജോർജ്, സി.എസ്. എബി, എഫ്.എസ്. ഫ്രിജിൻ, പി.കെ. ഷാജി എന്നിവരും പങ്കെടുത്തു.


