രക്ഷാകരം വിരിച്ച് അഗ്നിരക്ഷസേന
text_fieldsതൊടുപുഴ: അപകടം എന്തായാലും അതിനി എവിടെയാണെങ്കിലും ആദ്യം ഓടിയെത്തുന്നവരാണ് അഗിനി രക്ഷ സേന. തീപിടിത്തമായാലും വിരലിൽ മോതിരം കുടുങ്ങിയാലും ഒരു കോളിനിപ്പുറം ഇവർ വീട്ടുമുറ്റത്തുണ്ടാകും. ബുധനാഴ്ച തൊടുപുഴ അഗ്നി രക്ഷ സേനക്ക് തിരക്കിട്ട ജോലികളായിരുന്നു. ബസപകടം മുതൽ ടാങ്കിൽ വീണ മൊബൈൽ ഫോൺ എടുത്ത് നൽകിയത് വരെ ഇവരുടെ സാഹസിക രക്ഷ പ്രവർത്തനങ്ങളാണ്.
വൈദ്യുത ലൈനിലേക്ക് തെങ്ങ് മറിഞ്ഞു; രക്ഷക്കെത്തി അഗ്നിരക്ഷ സേന
തൊടുപുഴ: വെട്ടിമറ്റം മൂക്കൻ പാറ റോഡിൽ ഇലക്ട്രിക് ലൈനിന് മുകളിലേക്ക് തെങ്ങ് മറിഞ്ഞു വീണത് പരിഭ്രാന്തി പരത്തി. വൈദ്യുതി പ്രവാഹമുള്ള ലൈനിന് മുകളിലായിരുന്നു തെങ്ങ് വീണത്. വിവരം ലഭിച്ച ഉടൻ തന്നെ തൊടുപുഴ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. കെ.എസ്.ഇ.ബി. അധികൃതരുമായി ബന്ധപ്പെട്ട് വൈദ്യുതി ബന്ധം പൂർണമായും വിച്ഛേദിച്ചു.
വൈദ്യുതി നിലച്ച ശേഷം അഗ്നിരക്ഷാ സേനാംഗങ്ങൾ സുരക്ഷ ഉറപ്പാക്കി തെങ്ങ് മുറിച്ച് മാറ്റാനുള്ള നടപടി ആരംഭിച്ചു. തെങ്ങ് മുറിച്ചുനീക്കി റോഡിൽ നിന്നും പൂർണമായി മാറ്റിയതോടെ ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു.
സ്കൂൾ ബസുകൾ ഉൾപ്പെടെ ഇതു വഴിയാണ് സഞ്ചരിക്കുന്നത്. സ്റ്റേഷൻ ഓഫീസർ ടി.എച്ച്. സാദിഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫയർ ഓഫിസർമാരായ ജോബി കെ. ജോർജ്, സന്ദീപ് വി.ബി. എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.


