നെല്ല് സംഭരിച്ച തുക നൽകാതെ സർക്കാർ; വലഞ്ഞ് കർഷകർ
text_fieldsതൊടുപുഴ: നെൽകൃഷി വികസനത്തിന് സർക്കാറും കൃഷി വകുപ്പും വിവിധ പദ്ധതികൾ പ്രഖ്യാപിക്കുമ്പോഴും സർക്കാർ സംഭരിച്ച നെല്ലിന്റെ തുക ലഭിക്കാനായി കാത്തിരിക്കുകയാണ് ജില്ലയിലെ കർഷകർ. ജില്ലയിലെ വിവിധ കൃഷിഭവൻ പരിധിയിലുള്ള നൂറുകണക്കിന് കർഷകരാണ് നാളുകളായി സർക്കാറിന്റെ കനിവിനായി കാത്തിരിക്കുന്നത്. വിഹിതത്തെച്ചെല്ലി കേന്ദ്ര-സംസ്ഥാന സർക്കാറുകളും വകുപ്പുകളും പരസ്പരം പഴിചാരുമ്പോഴും ഇവരുടെ കാത്തിരിപ്പ് അനന്തമായി നീളുകയാണ്.
സംഭരിക്കുന്നത് കിലോക്ക് 28.20 രൂപക്ക്
ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി 300 കർഷകർക്കാണ് നെല്ല് സംഭരിച്ച വകയിൽ സർക്കാർ കുടിശ്ശിക നൽകാനുള്ളത്. ഇവരുടെ വിഹിതമായി 1.52 കോടിയാണ് നൽകാനുള്ളത്. നെല്ലിന് കിലോക്ക് 28.20 രൂപക്കാണ് സംസ്ഥാന സർക്കാർ സംഭരിക്കുന്നത്.
ഇതിൽ 23 രൂപ കേന്ദ്ര സർക്കാർ വിഹിതമായും 5.20 രൂപ സംസ്ഥാന സർക്കാറിന്റെ സംസ്ഥാനതല ബോണസ് വിഹിതമായുമാണ് നൽകുന്നത്. നെല്ല് സംഭരണ പദ്ധതി പ്രകാരം കേന്ദ്രസർക്കാർ അനുവദിക്കാനുള്ള 1206.69 കോടി അനുവദിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് സംസ്ഥാന സർക്കാറിന്റെ വാദം. എന്നാൽ, പദ്ധതിക്ക് കീഴിൽ കേന്ദ്രം നേരത്തേ അനുവദിച്ച തുക ശരിയായ രീതിയിൽ വിനിയോഗിക്കാത്തതാണ് പ്രശ്നമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങളും പറയുന്നു.
പ്രതിസന്ധികളേറെ; കൃഷി ഉപേക്ഷിച്ച് കർഷകർ
കാലാവസ്ഥയും ഭൂപ്രകൃതിയും നെൽകൃഷിക്ക് അനുയോജ്യമെങ്കിലും കൃഷി ലാഭകരമല്ലാത്തതിനാൽ ജില്ലയിൽ കർഷകർ നെൽകൃഷിയിൽനിന്ന് പിന്തിരിയുകയാണ്.
കഴിഞ്ഞ ഏതാനും വർഷത്തിനിടെ ജില്ലയിൽ നെൽകൃഷിയുടെ അളവിൽ വലിയ രീതിയിലുള്ള കുറവ് വന്നിട്ടുണ്ടെന്നാണ് കൃഷി വകുപ്പ് തന്നെ വ്യക്തമാക്കുന്നത്. ചെലവേറിയതും തൊഴിലാളികളെ കിട്ടാനില്ലാത്തതും മൂലം നേരത്തേ തന്നെ കർഷകർ സ്വമേധയാ കൃഷിയിൽനിന്ന് പിൻവാങ്ങിയിരുന്നു. ഇതോടെ ഒരു കാലത്ത് നെൽകൃഷിയുടെ ഈറ്റില്ലമായിരുന്ന ഹൈറേഞ്ചിലേയും ലോ റേഞ്ചിലേയും വിവിധ പ്രദേശങ്ങളിൽ നെൽകൃഷിയുടെ പ്രഭാവം മങ്ങിത്തുടങ്ങിയിരുന്നു.
ഇതിന് പിന്നാലെയാണ് ജില്ലയിൽ അടിക്കടിയുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനങ്ങളും പ്രകൃതിക്ഷോഭങ്ങളും കൃഷിയെ പ്രതികൂലമായി ബാധിച്ചത്. ഇതോടെ അവശേഷിച്ചവരിൽ ഭൂരിഭാഗവും കൃഷി അവസാനിപ്പിച്ചു. നെൽപാടങ്ങളിൽ വാഴയും മരച്ചീനിയും അടക്കമുള്ള മറ്റ് കൃഷികളിറക്കി. ഭൂരിപക്ഷം പ്രദേശങ്ങളിലും ഇത് തരിശുകിടക്കുകയാണ്.
സർക്കാർ അവഗണന; നെൽകൃഷിയും ഓർമയാകുന്നു
നെൽകൃഷി പുനരജ്ജീവനത്തിനായി കൃഷി വകുപ്പ് വിവിധ പദ്ധതികൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും നടത്തിപ്പിലെ അപാകതയാണ് വില്ലനാകുന്നത്. ഹൈറേഞ്ചിലെ നെല്ലറ എന്നറിയപ്പെട്ടിരുന്ന മുട്ടുകാട് പാടശേഖരത്തിനും നെല്‍കൃഷികൊണ്ട് പേരുകേട്ട രാജാക്കാടിനുമെല്ലാം നെല്‍കൃഷിയിൽ തിളങ്ങിനിന്ന പൂർവകാലമാണുള്ളത്. എന്നാല്‍, നിലവിൽ ഇവിടങ്ങളിൽ നാമമാത്രമായ ഹെക്ടറില്‍ മാത്രമേ നെല്‍കൃഷിയുള്ളൂ.
സര്‍ക്കാര്‍ കൃഷിഭവനുകള്‍ വഴി കര്‍ഷകര്‍ക്ക് സബ്സിഡി നല്‍കുന്നുണ്ട്. എന്നാല്‍, പ്രതിസന്ധികള്‍മൂലം കൃഷി ഉപേക്ഷിച്ച കര്‍ഷകരെ തിരികെയെത്തിക്കാന്‍ ഒരു ശ്രമവും നടത്തുന്നില്ലെന്നും കർഷകർ ആരോപിക്കുന്നു. പ്രതിസന്ധികളെല്ലാം അവഗണിച്ച് രംഗത്ത് നിലനിൽക്കുന്ന നാമമാത്രമായ കർഷകർക്കും കർഷക കൂട്ടായ്മകൾക്കുമാണ് നെല്ല് സംഭരിച്ച വകയിൽ വൻ തുക സർക്കാർ നൽകാനുള്ളത്. ഇത് എന്ന് നൽകുമെന്ന് പറയാൻ അധികൃതർക്കുമാകുന്നില്ല.


