ഇ-വേസ്റ്റ് ഇനി തലവേദനയല്ല; ശേഖരിക്കാൻ ഹരിതകർമസേന
text_fieldsതൊടുപുഴ: വീടുകളിലും സ്ഥാപനങ്ങളിലും നിന്ന് ഹരിതകർമ സേന ഇ-മാലിന്യം ശേഖരിക്കുന്ന പദ്ധതിക്ക് തൊടുപുഴ നഗരസഭയിൽ തുടക്കമായി. വീടുകളിൽനിന്ന് ആക്രിക്കച്ചവടക്കാർ വാങ്ങുന്ന ഇലക്ട്രോണിക് സാധനങ്ങൾ പൊളിച്ച് വില കിട്ടുന്നവ മാത്രം എടുക്കുകയും ബാക്കി ഉപേക്ഷിക്കുകയുമാണ് കണ്ടുവരുന്നത്. ഇത് വീടിന്റെയും കടകളുടെയും പരിസരത്ത് കൂടിക്കിടന്ന് അതിൽനിന്ന് വിഷമയമായ ലെഡ്, കാഡ്മിയം മുതലായവ മണ്ണിനെയും ജലസ്രോതസ്സുകളെയും മലിനമാക്കുന്ന സാഹചര്യമാണുള്ളത്. ഇത് ഒഴിവാക്കാൻ പണം നൽകി വീടുകളിൽനിന്ന് ഇത്തരം വസ്തുക്കൾ ഹരിതകർമസേന നേരിട്ടാണ് ശേഖരിക്കുന്നത്. അത് ക്ലീൻ കേരള കമ്പനി മുഖേന കമ്പനികൾക്ക് കൈമാറി പ്രകൃതികൂടുതൽ മലിനമാക്കപ്പെടാതെ കാത്തുസൂക്ഷിക്കുക എന്നതാണ് ലക്ഷ്യം.
പദ്ധതിയുടെ നഗരസഭതല ഉദ്ഘാടനം മുതലക്കോടത്തുവെച്ച് നഗരസഭ ചെയർമാൻ കെ. ദീപക് നടത്തി. പരിപാടിക്ക് ഹെൽത്ത് കമ്മിറ്റി ചെയർമാൻ എം.എ. കരീം ആശംസകൾ അർപ്പിച്ചു . നഗരസഭ ആരോഗ്യം വിഭാഗം ഉദ്യോഗസ്ഥർ, ഹരിതസേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ആദ്യഘട്ടമെന്നോണം ജില്ലയിലെ നഗരസഭകളിൽനിന്നുമാണ് മാലിന്യം ശേഖരിക്കുക. അടുത്ത ഘട്ടത്തിൽ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. ശുചിത്വ മിഷൻ, ഹരിതകേരള മിഷൻ, കുടുംബശ്രീ മിഷൻ എന്നിവയുടെ പൂർണ പിന്തുണയോടെയും അതത് നഗരസഭകളുടെ നേതൃത്വത്തിലുമാണ് പദ്ധതി നടപ്പാക്കുക.