വന്യജീവി സംരക്ഷണ നിയമ ഭേദഗതി ബിൽ; പ്രതീക്ഷയർപ്പിച്ച് ജില്ല
text_fieldsതൊടുപുഴ: സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയ വന്യജീവി സംരക്ഷണ നിയമ ഭേദഗതി ബിൽ നിയമമാകുമെന്ന ശുഭ പ്രതീക്ഷയിലാണ് മലയോര മേഖലയിലെ ജനങ്ങൾ. സംസ്ഥാനത്ത് ഏറ്റവും അധികം വന്യജീവി ആക്രമണങ്ങളുണ്ടാകുന്ന ജില്ലയെന്ന നിലയിൽ ബിൽ നടപ്പായാൽ കൂടുതൽ പ്രയോജനമുണ്ടാകുന്നതും ഇവർക്കാണ്.
ജനവാസമേഖലയിലിറങ്ങുന്ന വന്യമൃഗം ആരെയെങ്കിലും ആക്രമിച്ചാൽ ഉടൻ അതിനെ കൊല്ലാൻ ഉത്തരവിടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരം നൽകുന്നതിനുള്ള കരട് ബില്ലിനാണ് കഴിഞ്ഞ ദിവസം സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയത്.
മനുഷ്യരെ ആക്രമിക്കുന്ന മൃഗങ്ങളെ കൊല്ലാൻ വ്യവസ്ഥ
നിർദിഷ്ട നിയമ ഭേദഗതി പ്രകാരം ജനവാസ കേന്ദ്രങ്ങളിലിറങ്ങി മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ കൊല്ലാൻ വ്യവസ്ഥയുണ്ടെന്നതാണ് പ്രത്യേകത. ഇതനുസരിച്ച് വന്യജീവി ആക്രമണത്തിൽ ആർക്കെങ്കിലും ഗുരുതര പരിക്കേറ്റാൽ ബന്ധപ്പെട്ട ജില്ല കലക്ടറോ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററോ അക്കാര്യം ചീഫ് വൈൽഡ് ലൈഫ് വാർഡന് റിപ്പോർട്ട് ചെയ്താൽ അദ്ദേഹത്തിന് മറ്റ് നടപടിക്രമങ്ങൾക്ക് വേണ്ടി കാത്തുനിൽക്കാതെ ആ മൃഗത്തെ കൊല്ലുന്നത് ഉൾപ്പെടെയുള്ള തുടർ നടപടി സ്വീകരിക്കാം.
ഇതിന് പുറമെ പട്ടിക രണ്ടിലെ വന്യമൃഗങ്ങളുടെ എണ്ണം വർധിച്ചാൽ കേന്ദ്ര അനുമതി കൂടാതെതന്നെ ജനന നിയന്ത്രണം, നാടുകടത്തൽ എന്നിവക്കും ബില്ലിൽ വ്യവസ്ഥയുണ്ട്.
ഇപ്പോൾ കേന്ദ്ര സർക്കാറിനാണ് അധികാരം. ഇതിനു പകരം സംസ്ഥാന സർക്കാറിന് ഈ അധികാരം നൽകുന്നതിനും ബില്ലിൽ വ്യവസ്ഥ ചേർത്തിട്ടുണ്ട്. നേരത്തേ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന സംസ്ഥാന ആവശ്യം കേന്ദ്രം അംഗീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ഭേദഗതി ബിൽ കൊണ്ടുവന്നത്.
ചെലവഴിച്ചത് കോടികൾ; എല്ലാം പരാജയം
അഞ്ചുവർഷത്തിനിടെ 486 പേരാണ് വന്യജീവി ആക്രമണത്തിൽ സംസ്ഥാത്ത് കൊല്ലപ്പെട്ടത്. കോടികളുടെ കൃഷി നാശവുമുണ്ടായി. ഇതിൽ ഏറ്റവും കൂടുതൽ വന്യജീവി ആക്രമണങ്ങൾ നടക്കുന്ന ജില്ലകളിലൊന്നാണ് ഇടുക്കി. മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കാൻ വിവിധ പദ്ധതികളാണ് കോടികൾ മുടക്കി സർക്കാർ നടപ്പാക്കിയത്.
എന്നാൽ, ശാശ്വത പരിഹാരം അകലെയായിരുന്നു. ഇതോടെ രണ്ടാം പിണറായി സർക്കാർ നേരിട്ട ഏറ്റവും വലിയ തലവേദന വനം വകുപ്പിനെ ചുറ്റിപ്പറ്റിയുള്ള ഇത്തരം വിവാദങ്ങളുമായിരുന്നു. വിവാദങ്ങളിൽനിന്ന് പുറത്ത് കടക്കുന്നതോടൊപ്പം മലയോര മേഖലയിലെ ജനങ്ങളെ ഒപ്പം നിർത്താൻ കഴിയുമെന്ന പ്രതീക്ഷയും ബിൽ പാസാക്കുന്നതിലൂടെ സർക്കാറിനുണ്ട്. എന്നാൽ, കേന്ദ്ര അനുമതിയെന്ന വലിയ കടമ്പ ബില്ലിനുണ്ട് എന്നതാണ് സംസ്ഥാന സർക്കാർ നേരിടുന്ന വെല്ലുവിളി.