സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തി; പരിസ്ഥിതിലോല മേഖലയില്‍ അനധികൃത നിർമാണം വ്യാപകം
text_fieldsഅടിമാലി: അതീവ പരിസ്ഥിതിലോല വില്ലേജായ പള്ളിവാസലില്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി അനധികൃത റിസോര്‍ട്ട് നിര്‍മാണം വ്യാപകം. ഈ വര്‍ഷം 26 അനധികൃത നിര്‍മാണങ്ങൾക്ക് വില്ലേജില്‍ സ്റ്റോപ് മെമ്മോ നല്‍കിയിട്ടുണ്ട്. എന്നിട്ടും ഇവയുടെയെല്ലാം നിര്‍മാണം തുടരുകയാണ്.
ജില്ലയില്‍ എല്‍.എ പട്ടയങ്ങളില്‍ വാണിജ്യപരമായ നിര്‍മാണം പാടില്ലെന്ന നിയമം നിലനില്‍ക്കെയാണ് അനധികൃത പ്രവര്‍ത്തനങ്ങള്‍ തുടരുന്നത്. പള്ളിവാസല്‍ വില്ലേജില്‍ 90 ശതമാനം സ്ഥലവും 90 ഡിഗ്രിയിലേറെ ചരിവുള്ള പ്രദേശമാണ്. പരിസ്ഥിതിക്ക് ഇണങ്ങിയതും ഒറ്റനിലയില്‍ മാത്രം നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ മാത്രമേ ഇവിടെ പാടുള്ളൂവെന്ന് കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍, മലയരിഞ്ഞും മണ്ണിടിച്ചും ബഹുനില മന്ദിരങ്ങളാണ് ഈ വില്ലേജില്‍ കൂടുതലായി നിര്‍മിക്കുന്നത്. വിനോദസഞ്ചാര മേഖലയിലെ വളര്‍ച്ചയാണ് ഇതിന് കാരണം.
റവന്യൂ, വൈദ്യുതി, പൊതുമരാമത്ത് വകുപ്പുകളുടെയും പുറമ്പോക്കുകളും വ്യാപകമായി കൈയേറിയവര്‍ അനവധിയായ റിസോര്‍ട്ടുകളാണ് കെട്ടിയുയര്‍ത്തിയിരിക്കുന്നത്. സര്‍ക്കാര്‍ വസ്തുവിന് വ്യാജപട്ടയം നിര്‍മിച്ചാണ് കൈയേറ്റവും നിര്‍മാണവും തുടരുന്നത്. 2007ലെ മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ സമയത്ത് ഈ വില്ലേജില്‍ നിരവധി കൈയേറ്റങ്ങള്‍ സര്‍ക്കാര്‍ തിരിച്ചു പിടിച്ചിട്ടുണ്ട്.പലഘട്ടങ്ങളിലായി സര്‍ക്കാര്‍ നടപടി സ്വീകരിച്ച ഭൂരിഭാഗം കെട്ടിടങ്ങളും ഇവിടെ നിര്‍മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം തുടങ്ങി.
ഇതിനെല്ലാം രാഷ്ട്രീയ-ഉദ്യോഗസ്ഥ കൂട്ടുകെട്ട് ഉണ്ടായിട്ടുണ്ടെന്ന ആക്ഷേപവും ശക്തമാണ്. തൊട്ടടുത്ത കുഞ്ചിത്തണ്ണി, ബൈസണ്‍വാലി വില്ലേജുകളിലും അനധികൃത നിര്‍മാണം വ്യാപകമായി നടക്കുന്നു. കുഞ്ചിത്തണ്ണി വില്ലേജില്‍ അഞ്ച് സ്റ്റോപ് മെമ്മോകളാണ് രണ്ടുമാസത്തിനിടെ നല്‍കിയത്.
രണ്ട് ഗ്ലാസ് ബ്രിഡ്ജ് ഉള്‍പ്പെടെയുള്ളവക്കാണ് സ്റ്റോപ് മെമ്മോ നല്‍കിയത്. ഈ വര്‍ഷം ഏറ്റവും വിവാദമായ ചൊക്രമുടി കൈയേറ്റം ഭൂമി ഉള്‍പ്പെടുന്ന ബൈസണ്‍വാലി വില്ലേജില്‍ സി.എച്ച്.ആര് ഭൂമിയിലടക്കം വലിയ നിര്‍മാണം നടക്കുന്നു. എന്നാല്‍, അന്വേഷണമോ നടപടിയോ ഇല്ലാത്തത് മാഫിയകള്‍ക്ക് സഹായകമാണ്.
പെര്‍മിറ്റ് വീടുകള്‍ക്ക്; ഉയരുന്നത് വൻകിട റിസോര്‍ട്ടുകള്‍
എല്‍.എ പട്ടയങ്ങളില്‍ വാണിജ്യപരമായ നിര്‍മാണങ്ങൾക്ക് വിലക്കുള്ള ജില്ലയില്‍ റിസോര്‍ട്ടുകള്‍ ഉയരുന്നത് താമസിക്കാന്‍ വീടുവെക്കാന്‍ ലഭിക്കുന്ന പെര്‍മിറ്റുകളുടെ മറവില്‍.
പള്ളിവാസല്‍, കുഞ്ചിത്തണ്ണി, ബൈസണ്‍വാലി വില്ലേജുകളിലാണ് ഇത്തരത്തില്‍ കൂടുതല്‍ നിര്‍മാണ പ്രവര്‍ത്തനവും നടന്നതെന്നാണ് വിവരം. ഇത്തരത്തില്‍ ഒരു പരിശോധന ഈ മേഖലയുമായി ബന്ധപ്പെട്ട് ഉണ്ടായാല്‍ ഞെട്ടിക്കുന്ന വിവരങ്ങളാകും പുറത്തുവരുക. മൂന്ന് വര്‍ഷത്തിനിടെ ഇത്തരത്തില്‍ അഞ്ഞൂറിലേറെ നിര്‍മാണങ്ങള്‍ ഈ വില്ലേജുകളില്‍ മാത്രം നടന്നതായിട്ടാണ് വിവരം. പഞ്ചായത്ത്, വില്ലേജ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും ഒത്താശയോടെയാണ് നിര്‍മാണം നടന്നിട്ടുള്ളത്.
നിര്‍മാണങ്ങള്‍ സര്‍ക്കാര്‍ ക്രമവത്കരിച്ച് നല്‍കുമെന്ന വിജ്ഞാപനം ഇറക്കാന്‍ നടപടി സ്വീകരിച്ച് വരുന്നതിനിടെ വിനോദസഞ്ചാര കേന്ദ്രമായ ഈ മേഖലയില്‍ പലയിടത്തും യുദ്ധകാല അടിസ്ഥാനത്തിലാണ് പണികൾ നടക്കുന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് ദുരന്തം ഉണ്ടായ റിസോര്‍ട്ടിലും നിര്‍മാണം ദ്രുതഗതിയില്‍ നടക്കുന്നത്.