ഓടിത്തുടങ്ങി നാടിന്റെ ജനകീയൻ
text_fieldsമറ്റത്തിപ്പാറ ഹോളി ക്രോസ് യു.പി സ്കൂളിന് മുന്നിൽനിന്ന് ‘ജനീകയൻ’ ബസിൽ
കയറുന്ന വിദ്യാർഥികൾ
തൊടുപുഴ: നാടിന്റെ ‘ജനകീയൻ’ ബസ് വീണ്ടും ഗ്രാമവഴികളിലൂടെ ഓടിത്തുടങ്ങി. ഒന്നരപ്പതിറ്റാണ്ട് മുമ്പ് നാട്ടുകാർ ഷെയറിട്ട് വാങ്ങിയ ബസിന്റെ സർവിസ് ആഗസ്റ്റ് രണ്ടിന് നിർത്തിയതോടെ ഒരു ഗ്രാമത്തിന്റെ യാത്രാസൗകര്യം തന്നെ ഇല്ലാതാവുകയായിരുന്നു. യാത്രക്കാർ കുറഞ്ഞതും ബസ് പണിതിറക്കാൻ പണമില്ലാത്തതുമായിരുന്നു സർവിസ് നിലക്കാൻ കാരണം.
76 പേർ പിരിവിട്ട് വാങ്ങിയ നാടിന്റെ ബസ് 18 വർഷമാണ് ഓടിയത്. ദിവസവും നടത്തുന്ന 18 ട്രിപ്പുകൾ വഴി മറ്റത്തിപ്പാറക്കാരെ ഇടുക്കി, കോട്ടയം ജില്ലകളുമായി ബന്ധിപ്പിച്ചിരുന്ന ബസാണ് ‘ജനകീയൻ’. കുറച്ചുനാളായി ബസിന്റ വരുമാനം കുറഞ്ഞതോടെ പ്രതിസന്ധി ഉടലെടുത്തിരുന്നു. ബസിന്റെ ടെസ്റ്റ് വർക്കിന് സമയവുമായി. ഇതിനുള്ള പണം കണ്ടെത്താൻ കഴിയാതെ വന്നതോടെ സർവിസ് നിർത്താൻ ഷെയർ ഉടമകൾ തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് നാട്ടുകാരും യാത്രക്കാരായ പലരും സഹായവുമായി എത്തിയത്. സർവിസ് നിർത്താൻ തീരുമാനിക്കുമ്പോൾ 72 പേർക്കായിരുന്നു ഷെയർ ഉണ്ടായിരുന്നത്.
ബസ് നിർത്തിയതറിഞ്ഞ് കൂടുതൽ പേർ സഹകരണം വാഗ്ദാനം ചെയ്തു. നിലച്ച ബസ് എങ്ങനെയും നിരത്തിലിറക്കുകയായിരുന്നു ഇവരുടെ ഉദ്ദേശ്യം. ഇതിനായി മറ്റത്തിപ്പാറ ഹോളി ക്രോസ് പള്ളി വികാരി ഫാ. ഫിലിപ് ഇരുപ്പക്കാട്ടിന്റെ നേതൃത്വത്തിൽ വീടുകൾ കയറി എല്ലാവരുമായി സംസാരിച്ചു. കഴിയുന്നവർ എല്ലാം സഹകരിച്ചു. ഇപ്പോൾ 130 പേരുണ്ട് ഷെയർ ഉടമകൾ. പുതിയ ബസ് വാങ്ങി സർവിസ് പുനരാരംഭിക്കാമെന്ന ആശയം ഉയർന്നുവെങ്കിലും 25 ലക്ഷത്തോളം രൂപ സമാഹരിക്കുക എന്നത് വലിയ പ്രതിസന്ധിയായതിനാൽ പഴയ ബസ് ഫിറ്റ്നസ് നേടി പുറത്തിറക്കി സർവിസിന് സജ്ജമാക്കി.
കഴിഞ്ഞ ദിവസം മറ്റത്തിപ്പാറയിൽനിന്ന് നീലൂരിലേക്ക് രാവിലെ 7.30ന് നാട്ടുകാർ ചേർന്ന് ആഘോഷമായി ബസിന്റെ യാത്രക്ക് തുടക്കമിട്ടു. യാത്രക്കാർക്കൊപ്പം നാട്ടുകാരും ബസിൽ കയറി. ആദ്യ ട്രിപ്പിന് 1000ത്തിൽ കൂടുതൽ രൂപ കിട്ടി. 7.15ന്റെ ലാസ്റ്റ് ട്രിപ്പും പൂർത്തിയായപ്പോൾ 7400 രൂപ കലക്ഷൻ ഉണ്ടായിരുന്നു.
കരിങ്കുന്നം, അരീക്കൽ, ചൊക്കനാട്, മറ്റത്തിപ്പാറ, പുറക്കടമ്പ്, പൊട്ടൻപ്ലാക്കൽ, അമ്പലംപടി, മൂന്ന് തേക്ക് എന്നീ ഗ്രാമങ്ങൾ വഴി നീലൂരിലേക്ക് ഒമ്പത് കിലോമീറ്റർ നീളുന്നതാണ് സർവിസ്. ആദ്യ ദിവസത്തെ തുക എന്നും കിട്ടിയില്ലെങ്കിലും നാട്ടുകാർ സഹകരണം തുടർന്നാൽ ജനകീയന്റെ കുതിപ്പ് തുടരാനാകുമെന്ന് കൈതക്കൊമ്പിൽ കെ. അജയകുമാറും സെക്രട്ടറി ബെന്നി അഴകനാകുന്നേലും കോഓഡിനേറ്റർ ജിമ്മി മറ്റത്തിപ്പാറയും പറഞ്ഞു.
10 കിലോമീറ്റർ ദൂരത്തിനിടയിൽ താമസിക്കുന്ന വിദ്യാർഥികളടക്കമുള്ള നൂറുകണക്കിന് ആളുകളുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് ഈ ബസ്. സ്വകാര്യവാഹന യാത്ര ഒഴിവാക്കി കഴിയുന്നത്ര ജനകീയനിൽ യാത്രചെയ്ത് സംരംഭം വിജയിപ്പിക്കണമെന്നാണ് ജനകീയ ബസ് ഐക്യവേദിയുടെ അഭ്യർഥന.