മൂന്നാമങ്കത്തിന് ഒരു മുഴം മുമ്പേ ജോയ്സ് ജോർജ്
text_fieldsഇടതുപക്ഷ സ്ഥാനാർത്ഥി അഡ്വ. ജോയിസ് ജോർജിന്റെ സ്ഥാനാർഥി പ്രഖ്യാപനത്തെ
അഭിവാദ്യം ചെയ്ത് പ്രവർത്തകർ തൊടുപുഴയിൽ നടത്തിയ പ്രകടനം
തൊടുപുഴ: ഇടുക്കി പാർലമെന്റ് മണ്ഡലത്തിന്റെ മത്സര ചിത്രം ഇക്കുറിയും 2019 പോലെയെന്ന് ഏതാണ്ട് ഉറപ്പായി. ഇടതുമുന്നണി സ്ഥാനാർഥിയായി ജോയ്സ് ജോർജിന്റെ സ്ഥാാർഥിത്വം സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദൻ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങിക്കഴിഞ്ഞു.
രണ്ടുതവണയും ഇടത് സ്വതന്ത്രനായി മത്സരിച്ച ജോയ്സ് ജോർജ് ഇക്കുറി പാർട്ടി ചിഹ്നത്തിൽ തന്നെ മത്സരിച്ചേക്കും എന്ന പ്രത്യേകതയുമുണ്ട്. യു.ഡി.എഫ് സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സിറ്റിങ് എം.പി ഡീൻ കുര്യാക്കോസ് തന്നെയായിരിക്കുമെന്ന് ഏറെക്കൂറെ ഉറപ്പാണ്. കാട്ടാനയാക്രമണത്തിലെ സർക്കാർ അനാസ്ഥക്കെതിരെ ഡീൻ മൂന്നാറിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്.
2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച ജോയ്സ് ജോർജ് 50542 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയത് ഡീൻ കുര്യാക്കോസിനെയായിരുന്നു. എന്നാൽ, 2019ൽ 1,71,053 വോട്ടിന്റെ കൂറ്റൻ ഭൂരിപക്ഷത്തിൽ ജോയ്സ് ജോർജിനെ മലർത്തിയടിച്ചായിരുന്നു ഡീനിന്റെ പടയോട്ടം.ഇക്കുറി മണ്ഡലം തിരിച്ചുപിടിക്കുമെന്ന് ഉറപ്പിച്ചാണ് പരിചയസമ്പന്നനായ ജോയ്സിനെ തന്നെ ഇടതുമുന്നണി കളത്തിലിറക്കിയിരിക്കുന്നത്.
കേരള കോൺഗ്രസ് മാണി വിഭാഗം ഇടതു മുന്നണിയിൽ എത്തിയ ശേഷം നടക്കുന്ന ആദ്യത്തെ പാർലമെന്റ് തെരഞ്ഞെടുപ്പു കൂടിയാണിത്. അതുകൊണ്ടു തന്നെ ഏത് വിധേനയും മണ്ഡലം തിരിച്ചുപിടിക്കുമെന്നുറപ്പിച്ചാണ് ജോയ്സ് മൂന്നാമങ്കത്തിന് കച്ച മുറുക്കുന്നത്.
കസ്തൂരി രംഗൻ റിപ്പോർട്ടിനെ തുടർന്ന് മലയോര മേഖല കത്തിജ്വലിച്ചു നിന്ന കാലത്ത് ഹൈറേഞ്ച് സംരക്ഷണ സമിതിയിലൂടെയായിരുന്നു ജോയ്സ് പൊതുരംഗത്തേക്ക് കടന്നുവന്നത്. ഇടുക്കി വാഴത്തോപ്പിൽ ആദ്യകാല കുടിയേറ്റ കുടുംബമായ പാലിയത്ത് ജോർജിന്റെയും മേരിയുടെയും മകനായി 1970 ഏപ്രിൽ 26 നാണ് ജനിച്ചത്.
വാഴത്തോപ്പ് ഗവ.എൽ.പി സ്കൂളിലും ഗവ. ഹൈസ്കൂളിലുമായി സ്കൂൾ പഠനവും, തൊടുപുഴ ന്യൂമാൻ കോളജിൽ നിന്ന് പ്രീ-ഡിഗ്രിയും പൂർത്തിയാക്കി. ന്യൂമാൻ കോളജിലും, മാന്നാനം കെ.ഇ കോളജിലുമായി ഗണിതശാസ്ത്രത്തിൽ ബിരുദം. തിരുവനന്തപുരം ലയോള കോളജിൽനിന്നും എം.എസ്.ഡബ്ല്യു. തിരുവനന്തപുരം ഗവൺമെന്റ് ലോ കോളജിൽ നിന്നും ബിരുദവും നേടിയ ജോയ്സ് ജോർജ് കേരള ഹൈകോടതിയിലും സുപ്രീം കോടതിയിലുമായി 25 വർഷം അഭിഭാഷകവൃത്തിയിൽ ഏർപ്പെട്ടിട്ടുണ്ട്.
ഭാര്യ അനൂപ ജോയ്സ് വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയാണ്. ഏക മകൻ ജോർജിൻ ജോർജ് നിയമ വിദ്യാർഥിയാണ്. ജോയ്സ് ജോർജിന്റെ സ്ഥാനാർഥി പ്രഖ്യാപനം ഇടതു മുന്നണി പ്രവർത്തകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. നഗരത്തിൽ ജോയ്സിന് അഭിവാദ്യമർപ്പിച്ച് ഇടതു മുന്നണി പ്രകടനവും നടത്തി.