തൊടുപുഴയിൽ കേന്ദ്രീയ വിദ്യാലയം നാളെ തുറക്കും
text_fieldsകേന്ദീയ വിദ്യാലയത്തിനായി താൽക്കാലികമായി തൊടുപുഴ ബോയ്സ് ഹൈസ്കൂളിൽ നിർമിച്ചിരിക്കുന്ന കെട്ടിടം
തൊടുപുഴ: തൊടുപുഴയിൽ പുതുതായി അനുവദിച്ച കേന്ദ്രീയ വിദ്യാലയം മൂന്നിന് പ്രവർത്തനം ആരംഭിക്കുന്നു. രാജ്യത്ത് ആകെ 85 കേന്ദ്രീയ വിദ്യാലയങ്ങൾ അനുവദിച്ചപ്പോൾ കേരളത്തിൽ അനുവദിച്ച ഏക വിദ്യാലയമാണ് തൊടുപുഴയിലേത്. സ്കൂൾ പ്രവർത്തിക്കുന്നതിന് ആവശ്യമായ എല്ലാ സജ്ജീകരണവും തയാറാക്കിയാണ് പ്രവർത്തനം ആരംഭിക്കുന്നത്.
താൽക്കാലികമായി വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നതിന് തെരഞ്ഞെടുത്തിരുന്ന തൊടുപുഴ ബോയ്സ് ഹൈസ്കൂളിൽ നിലവിലുണ്ടായിരുന്ന കെട്ടിടം ഉപയോഗയോഗ്യമല്ലെന്ന് കണ്ടത്തിയ സാഹചര്യത്തിൽ എം.പി ഫണ്ടിൽനിന്ന് ആവശ്യമായ തുക അനുവദിച്ച് പുതിയ കെട്ടിടം പണി പൂർത്തീകരിക്കുകയായിരുന്നു.
പുതിയതായി നിർമിച്ച കെട്ടിടത്തിലാണ് ക്ലാസുകൾ ആരംഭിക്കുന്നത്. കേന്ദ്രീയ വിദ്യാലയത്തിന്റെ സ്ഥിരം കെട്ടിടം നിർമിക്കുന്നത് മ്രാലയിലുള്ള എട്ടേക്കറോളം വരുന്ന റവന്യൂ ഭൂമിയിലാണ്. പുതിയ കെട്ടിടം മൂന്നു വർഷത്തിനുള്ളിൽ മ്രാലയിൽ നിർമാണം പൂർത്തീകരിക്കും. നടപ്പ് അധ്യയന വർഷം ഒന്നു മുതൽ അഞ്ചുവരെയുള്ള ക്ലാസുകളിലാണ് അധ്യയനം ആരംഭിക്കുന്നത്.
ഈ വർഷം 200 കുട്ടികൾക്ക് പ്രവേശനം
ഒരു ക്ലാസിൽ 40 കുട്ടികൾ വീതം ആകെ 200 കുട്ടികൾക്കാണ് ഈ വർഷം പ്രവേശനം നൽകുന്നത്. മുഴുവൻ ക്ലാസുകളിലേക്കുമുള്ള അഡമിഷൻ പൂർത്തീകരിച്ചതായി പ്രിൻസിപ്പൽ അലക്സ് ജോസ് അറിയിച്ചു. ദേശീയ വിദ്യാഭ്യാസ നയമനുസരിച്ച് സാധാരണക്കാരായ കുട്ടികൾ ഉൾപ്പെടെ സാമ്പത്തികമായി ദുർബല വിഭാഗത്തിൽപെടുന്ന 10 കുട്ടികൾക്ക് എല്ലാ വർഷവും ഒന്നാം ക്ലാസിൽ സൗജന്യമായി പ്രവേശനം ലഭിക്കും. ശേഷിക്കുന്ന സീറ്റുകളിലേക്ക് മുൻഗണനയുടെ അടിസ്ഥാനത്തിൽ കലക്ടറുടെ സാന്നിധ്യത്തിൽ നറുക്കിട്ടാണ് പ്രവേശനം നൽകുന്നതെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.
തൊടുപുഴയെ സംബന്ധിച്ചിടത്തോളം കേന്ദ്രീയ വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നത് തൊടുപുഴ മേഖലയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെ ജില്ലയുടെ സമഗ്രമായ പുരോഗതിക്ക് ഗുണകരമാകുമെന്ന് ഡീൻ കുര്യാക്കോസ് എം.പി വാർത്തസമ്മേളനത്തിൽ അറിയിച്ചു. തിങ്കളാഴ്ച രാവിലെ പത്തിന് തൊടുപുഴ ബോയ്സ്ഹൈസ്കൂളിൽ ചേരുന്ന യോഗത്തിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി സ്കൂളിന്റെ ഉദ്ഘാടനം നിർവഹിക്കും.
പി.ജെ. ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും. മുനിസിപ്പൽ ചെയർമാൻ കെ. ദീപക്, കലക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, കേന്ദ്രീയ വിദ്യാലയ സംഗതൻ ഡെപ്യൂട്ടി ഡയറക്ടർ സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും. തൊടുപുഴയിലെ വിദ്യാലയത്തിന്റെ പ്രവർത്തനോദ്ഘാടനമാണ് ഇപ്പോൾ നടത്തപ്പെടുന്നത്. രാജ്യത്താകമാനം അനുവദിച്ച 85 വിദ്യാലയങ്ങളുടെയും ഔപചാരിക ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കുമെന്നും എം.പി അറിയിച്ചു.


