ജീവിതം ഇരുട്ടിൽ; ആലക്കോട് സെക്ഷന് കീഴിൽ വൈദ്യുതി മുടക്കം പതിവ്, ജനം ദുരിതത്തിൽ
text_fieldsതൊടുപുഴ: ജനത്തെ ദുരിതത്തിലാക്കി ആലക്കോട് കെ.എസ്.ഇ.ബി സെക്ഷന് കീഴിൽ വൈദ്യുതി മുടക്കം പതിവാകുന്നു. വേനൽക്കാലത്തും മഴക്കാലത്തും ഒന്നുപോലെ വൈദ്യുതി മുടങ്ങുന്നതിന് പിന്നിൽ ബോർഡ് ജീവനക്കാരുടെ കടുത്ത അനാസ്ഥയാണെന്നാണ് ആക്ഷേപം.
കഴിഞ്ഞ മാസങ്ങളിൽ കൊടും ചൂടുള്ളപ്പോൾ പോലും പല ദിവസങ്ങളിലും 10 മണിക്കൂർ വരെ വൈദ്യുതി മുടങ്ങിയത് വ്യാപക പരാതിക്ക് ഇടയാക്കിയിരുന്നു. മുൻകൂട്ടി അറിയിക്കാതെ മണിക്കൂറുകളോളം വൈദ്യുതി വിഛേദിക്കുന്നതായും പരാതിയുണ്ട്.
സെക്ഷന് കീഴിലെ ഇടവെട്ടി, മീൻമുട്ടി, കലയന്താനി, ചിലവ്, ഉപ്പുകുളം പ്രദേശങ്ങളിലെല്ലാം വൈദ്യുതി മുടക്കം പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മഴ തുടങ്ങിയതോടെ പ്രശ്നം കൂടുതൽ രൂക്ഷമായി. ചെറിയ കാറ്റ് വീശിയാലും മഴയുടെ ലക്ഷണം കണ്ടാലും വൈദ്യുതി മുടങ്ങുന്ന അവസ്ഥയാണ്. ആലക്കോട്ടെ കെ.എസ്.ഇ.ബി ഓഫിസിലേക്ക് ഫോണിൽ ബന്ധപ്പെട്ടാൽ തിരക്കിലാണെന്നോ ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നോ ഉള്ള മറുപടിയാകും പലപ്പോഴും ലഭിക്കുക. ഫോൺ എടുത്താൽ തന്നെ ഫീഡർ തകരാർ, ലൈൻ തകരാർ, ട്രാൻസ്ഫോമറിൽ പ്രശ്നം തുടങ്ങിയ സ്ഥിരം കാരണങ്ങൾ പറഞ്ഞ് ജീവനക്കാർ കൈയ്യൊഴിയുകയാണെന്നും ഉപഭോക്താക്കൾ പറയുന്നു. ചില ദിവസങ്ങളിൽ ലൈനിലെ അറ്റകുറ്റപ്പണിയുടെയും ടച്ച് വെട്ടലിന്റെയും പേരിൽ മണിക്കൂറുകളോളം വൈദ്യുതി തടസ്സപ്പെടാറുണ്ട്. ഇത്തരം ജോലികൾ പൂർത്തിയായാലും ചെറിയ കാറ്റടിച്ചാൽ രാത്രി മണിക്കൂറുകളോളം പിന്നെയും വൈദ്യുതി മുടങ്ങും. അതേസമയം, കണക്ഷനുകളുടെ എണ്ണം വർധിച്ചതിനാൽ ട്രാൻസ്ഫോമറുകളുടെ ലോഡ് കൂടിയതാണ് അടിക്കടിയുള്ള തകരാറിന് കാരണമെന്നും ആവശ്യത്തിന് ജീവനക്കാരില്ലാത്തത് അറ്റകുറ്റപ്പണി വൈകാൻ ഇടയാക്കുന്നു എന്നുമാണ് അധികൃതരുടെ വിശദീകരണം. പ്രശ്നത്തിന് അടിയന്തിര പരിഹാരമുണ്ടായില്ലെങ്കിൽ വിവിധ രാഷ്ട്രീയ, സാമൂഹിക സംഘടനകളുടെ നേതൃത്വത്തിൽ സമരത്തിനൊരുങ്ങുകയാണ് ഉപഭോക്താക്കൾ. കെ.എസ്.ഇ.ബി ഓഫിസിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് ചില സംഘടനകളും പ്രഖ്യാപിച്ചു.


