കണക്കിന്റെ തോണി പോരാ തൊടുപുഴ കടക്കാൻ
text_fieldsതൊടുപുഴ: 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കെ.എം മാണിയും പി.ജെ ജോസഫും ഇരു മെയ്യെങ്കിലും ഒരേ മനമായിരുന്നു. ഒന്നിച്ചൊന്നായി ലയിച്ചുചേർന്ന കേരള കോൺഗ്രസ് (എം). 2021ൽ കഥമാറി. മാണി സാർ കാലയവനികയിൽ മറഞ്ഞു. ജോസഫ് സാർ ഒറ്റയാനായി. കുഞ്ഞുമാണി യു.ഡി.എഫ് മുന്നണി വിട്ട് ഇടതുപാളയത്തിൽ ചേക്കേറി. പക്ഷേ, തൊടുപുഴ മണ്ഡലത്തിൽ എന്നിട്ടും വെന്നിക്കൊടി പാറിച്ചത് പാലത്തിനാൽ ജോസഫ് ജോസഫ് എന്ന പി.ജെ. ജോസഫ് തന്നെയായിരുന്നു.
പുതുപ്പള്ളിക്ക് ഉമ്മൻ ചാണ്ടി എന്ന പോലെ, പാലാക്ക് കെ.എം മാണി എന്ന പോലെയാണ് തൊടുപുഴക്ക് പി.ജെ. ജോസഫ്. ഇരുമുന്നണികളിലേക്ക് മാറിയും മറിഞ്ഞും നിന്നപ്പോൾ പോലും 1970 മുതലുള്ള തെരഞ്ഞെടുപ്പുകളിൽ രണ്ടുവട്ടം ഒഴികെ തൊടുപുഴയിൽ നിന്ന് പി.ജെ. ജോസഫ് എന്ന ഒറ്റ പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1991ലും 2001ലും തോറ്റത് കോൺഗ്രസിലെ പി.ടി തോമസിനോട്.
മാണിയോട് ചേർന്ന് ലയിച്ച് മത്സരിച്ച 2011ൽ ജോസഫിന്റെ ഭൂരിപക്ഷം 22,868 വോട്ടായിരുന്നുവെങ്കിൽ ലയനത്തിന്റെ പരകോടിയിൽ 2016ൽ ഭൂരിപക്ഷം 45,587 വോട്ടായി ഉയർന്നു. എതിർ സ്ഥാനാർഥി റോയി വാരികാട്ടിന് മൊത്തം കിട്ടിയതിനെക്കാൾ (30,977) കൂടുതൽ വോട്ട് ഭൂരിപക്ഷമായി തന്നെ ജോസഫിന്റെ പെട്ടിയിൽ വീണു.
മാണിയുടെ മരണശേഷം ജോസ് കെ. മാണി ഇടതു കൊമ്പിൽ കൂടുകൂട്ടിയപ്പോൾ ജോസഫ് ആ വഴിക്ക് പോയില്ല. തനി കേരള കോൺഗ്രസുകാരനായി യു.ഡി.എഫിൽ തന്നെ നിന്ന ജോസഫ് 2021ൽ 20,259 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചാണ് കരുത്ത് കാട്ടിയത്. മാണി വിഭാഗം കേരള കോൺഗ്രസുകാർ പോയാലും തനിക്കൊന്നുമില്ലെന്ന് പി.ജെ തെളിയിച്ചുകൊടുത്ത തൊടുപുഴയുടെ കണക്കുപുസ്തകത്തിലാണ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഡീൻ കുര്യാക്കോസിന്റെ പ്രതീക്ഷയും കതിരിടുന്നത്.
2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തൊടുപുഴ മണ്ഡലത്തിൽ ഡീൻ കുര്യാക്കോസിന് 79342 വോട്ടും ജോയ്സ് ജോർജിന് 42319 വോട്ടും എൻ.ഡി.എയിലെ ബിജു കൃഷ്ണന് 15223 വോട്ടുമാണ് കിട്ടിയത്. ജോയ്സിനെക്കാൾ 37,023 വോട്ട് ഈ മണ്ഡലത്തിൽ നിന്ന് മാത്രം ഡീനിന് കിട്ടി. ഏഴ് നിയമസഭ മണ്ഡലങ്ങളിലും ഭൂരിപക്ഷം ഉറപ്പിച്ച ഡീൻ കുര്യാക്കോസിന് ഏറ്റവും കൂടുതൽ വോട്ട് കിട്ടിയതും തൊടുപുഴയിൽ നിന്നായിരുന്നു.
പക്ഷേ, 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തൊടുപുഴയിൽ നിന്ന് പി.ജെ. ജോസഫും മൂവാറ്റുപുഴയിൽ നിന്ന് മാത്യു കുഴൽനാടനും ജയിച്ചതൊഴിച്ചാൽ അഞ്ച് നിയമസഭ സീറ്റും എൽ.ഡി.എഫിനായിരുന്നു. തൊടുപുഴയിൽ പോലും 2019 ൽ ഡീനിനു കിട്ടിയ വോട്ടിനെക്കാൾ 11,847 വോട്ട് കുറവായിരുന്നു പി.ജെ. ജോസഫിന്.
ജോയ്സ് ജോർജിന് കിട്ടിയതിനെക്കാൾ 4917 വോട്ട് ജോസഫിനെതിരെ മത്സരിച്ച പ്രഫ. കെ.ഐ. ആന്റണിക്ക് കൂടുതൽ കിട്ടി. ഓരോ തവണയും തൊടുപുഴയിൽ യു.ഡി.എഫ് ഭൂരിപക്ഷം കുറയുന്നു എന്നതാണ് എൽ.ഡി.എഫിന്റെ കണക്കുകൂട്ടൽ. ചിട്ടയായ പ്രവർത്തനത്തിലൂടെയും പ്രചാരണത്തിലൂടെയും കഴിഞ്ഞ തവണത്തെക്കാൾ തൊടുപുഴ മണ്ഡലത്തിൽ പ്രതീക്ഷ പുലർത്തുന്നുണ്ട് എൽ.ഡി.എഫ്. എൻ.ഡി.എ മുന്നണിക്കും കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് തൊടുപുഴയിൽ നിന്നായിരുന്നു. ബി.ഡി.ജെ.എസ് സ്ഥാനാർഥി ബിജു കൃഷ്ണൻ 15,223 വോട്ടാണ് നേടിയത്.
തൊടുപുഴ മണ്ഡലത്തിൽ ഒരു നഗരസഭയും 12 പഞ്ചായത്തുമുണ്ട്. തൊടുപുഴ നഗരസഭയും രണ്ട് പഞ്ചായത്തും എൽ.ഡി.എഫാണ് ഭരിക്കുന്നത്. ബാക്കി 10 പഞ്ചായത്തും യു.ഡി.എഫ് ഭരണത്തിലാണ്. തൊടുപുഴ കടക്കാൻ ഈ കണക്കിന്റെ തോണിയൊന്നും പോരെന്ന് മുന്നണികൾക്ക് അറിയാത്ത കാര്യവുമല്ല.