കാട്ടാനക്കലിയിൽ നഷ്ടം ലക്ഷങ്ങൾ... 2024 ജനുവരി ഒന്നുമുതൽ 2025 ഫെബ്രുവരി വരെ 3,76,800 രൂപയുടെ കൃഷിനാശം
text_fieldsകഴിഞ്ഞദിവസം പെരടി പള്ളത്ത് പകൽ സമയത്ത് എത്തിയ ഒറ്റയാൻ, കാന്തല്ലൂർ ഗുഹനാഥപുരത്ത് ബാലന്റെ ചോളം കൃഷി
കാട്ടാനകൾ നശിപ്പിച്ച നിലയിൽ
തൊടുപുഴ: ജില്ലയിൽ വന്യമൃഗങ്ങൾ കൃഷിയിടങ്ങൾ നശിപ്പിക്കുന്നത് തുടരുന്നു. 2024 ജനുവരി ഒന്നുമുതൽ ഈ വർഷം ഫെബ്രുവരി രണ്ടാംവാരം വരെ 3,76,800 രൂപയുടെ കൃഷിനാശമാണ് ജില്ലയിൽ വിവിധ മേഖലയിലുണ്ടായത്. പ്രകൃതിക്ഷോഭം കാരണം കൃഷിനശിക്കുന്നതിന് പുറമേയാണ് കർഷകർക്ക് തിരിച്ചടിയായി വന്യമൃഗശല്യവും.
ആകെ 51.503 ഹെക്ടറിലെ കൃഷിയാണ് നശിപ്പിച്ചതെന്നാണ് കൃഷിഭവനുകളിൽനിന്നുള്ള റിപ്പോർട്ട്. 21 കർഷകരുടേതാണ് ഈ കണക്ക്. കാട്ടാനകൾ കൂടുതൽ നശിപ്പിച്ചത് വാഴകൃഷിയാണെന്ന് അധികൃതർ പറഞ്ഞു. ചക്കുപള്ളം കൃഷിഭവന് കീഴിൽ ഒരു കർഷകന്റെ നെൽകൃഷി നശിച്ചു. 0.4 ഹെക്ടറിലായിരുന്നു ഇത്. 60,000 രൂപയാണ് നഷ്ടം.
വാഴകൃഷി നഷ്ടമായതിൽ 50 ഹെക്ടറും ഉപ്പുതറ കൃഷിഭവൻ പരിധിയിലാണ്. 100 കുലച്ച വാഴകൾ നാശമായതോടെ 1,28,000 രൂപയുടെ നഷ്ടമുണ്ടായത്. കരിമണ്ണൂർ കൃഷിഭവൻ 0.5 ഹെക്ടറിൽ കുലച്ചതും കുലയ്ക്കാത്തതുമായ 130 വാഴകൾക്ക് 53,000 രൂപയാണ് നഷ്ടം. കരുണാപുരം കൃഷിഭവന് കീഴിൽ 166 കുലയ്ക്കാത്ത വാഴകൾ നശിച്ചു. 78,800 രൂപ നഷ്ടം. കുമളി, നെടുങ്കണ്ടം, ഏലപ്പാറ, വണ്ടിപ്പെരിയാർ കൃഷിഭവനുകളിലായി ആകെ 0.13 ഹെക്ടറിൽ 250 വാഴകൾ നഷ്ടമായി. 1,07,000 രൂപയാണ് നഷ്ടം. കഴിഞ്ഞവർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നഷ്ടം കുറവാണെങ്കിലും കർഷകരുടെ സ്വപ്നങ്ങളാണ് ചവിട്ടിമെതിക്കപ്പെടുന്നത്.
കാട്ടാനകൾ കാന്തല്ലൂരിൽ തമ്പടിക്കുന്നു; കൃഷി നശിപ്പിച്ചു
മറയൂർ: ഒരാഴ്ചയായി കാന്തല്ലൂർ മേഖലയിൽ കാട്ടാനകൾ തമ്പടിക്കുകയാണ്. കഴിഞ്ഞദിവസം രാത്രി കാന്തല്ലൂർ ഗുഹനാഥപുരത്ത് പയസ് ഫാം റിസോർട്ടിന്റെ പരിസരത്ത് ഇറങ്ങി ചോളം, ഉരുളക്കിഴങ്ങ്, ബീൻസ് കൃഷികൾ നശിപ്പിച്ചു. മൂന്ന് കാട്ടാനകളാണ് പ്രദേശത്ത് ഇറങ്ങിയിരിക്കുന്നതെന്ന് പ്രദേശത്തുള്ളവർ പറഞ്ഞു. കാട്ടാനകൾ കഴിഞ്ഞവർഷം വ്യാപകമായി കൃഷിനാശവും അപകടവും വരുത്തിവെച്ചതിനെ തുടർന്ന് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. പിന്നാലെയാണ് വനത്തിലേക്ക് കാട്ടാനകളെ കടത്തിവിട്ടത്. എന്നാൽ, കഴിഞ്ഞ ആഴ്ച മുതൽ വീണ്ടും എത്തിയത് പ്രദേശവാസികളെ ആശങ്കയിലാക്കി.
രണ്ടാഴ്ചയായി രണ്ട് റിസോർട്ടുകളുടെ കോമ്പൗണ്ടിനുള്ളിൽ കയറിയാണ് നാശം വരുത്തുന്നത്. കാട്ടാനകളെ വനമേഖലയിലേക്ക് തുരത്തി സംരക്ഷണം ഉറപ്പാക്കിയില്ലെങ്കിൽ പ്രതിഷേധം ഉയരുമെന്ന് പ്രദേശവാസികൾ പറഞ്ഞു. വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന പാമ്പൻപാറ, പുതുവെട്ട്, പെരടിപള്ളം, വേട്ടക്കാരൻ കോവിൽ, ശിവൻ പന്തിവഴിയാണ് കാട്ടാനകൾ ഗ്രാമങ്ങളിലേക്ക് കടക്കുന്നത്. കഴിഞ്ഞദിവസം പെരടി പള്ളത്ത് ഒരു വീടിന്റെ മുൻവശത്തെത്തി ആന ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
പദ്ധതികളുമായി കൃഷിവകുപ്പ്
വന്യമൃഗശല്യം തടയാൻ സംസ്ഥാന കൃഷിവകുപ്പ് വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ട്. സൗരോർജ തൂക്കുവേലി നിർമാണത്തിനായി ആർ.കെ.വി.വൈ പദ്ധതിപ്രകാരം 2.20 കോടി രൂപ വനംവകുപ്പിന് കൈമാറി. കോട്ടയം ഡി.എഫ്.ഒക്ക് 55.22 ലക്ഷം രൂപയും പെരിയാർ ടൈഗർ റിസർവ് ഈസ്റ്റ് ഡിവിഷന് 1.64 കോടി രൂപയും നൽകി. തേക്കടി, വള്ളക്കടവ് എരുമേലി റേഞ്ചിലുമായി 27.2 കിലോമീറ്ററാണ് സൗരോർജ തൂക്കുവേലി നിർമിക്കേണ്ടത്.
വള്ളക്കടവ് റേഞ്ചിൽ നിർമാണം ഏകദേശം പൂർത്തിയായി. മറ്റിടങ്ങളിൽ ജോലികൾ പുരോഗമിക്കുന്നു. ഈ മാസത്തോടെ പൂർത്തിയാകുമെന്നാണ് അറിയിച്ചതെന്ന് കൃഷി വകുപ്പ് അധികൃതർ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയും സൗരോർജ തൂക്കുവേലി നിർമിക്കുന്നുണ്ട്. വിള ആരോഗ്യ പദ്ധതിപ്രകാരം പെരുവന്താനം പഞ്ചായത്തിന് 49,87,094 രൂപയും കൈമാറി.